അര്‍ജന്റീനയോടേറ്റ തോല്‍വിക്ക് പിന്നാലെ റഫറിക്കെതിരെ ഫിഫയ്ക്ക് പരാതി നല്‍കി ഈജിപ്ഷ്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍

ഫ്രഞ്ച് റഫറി ഫ്രാന്‍സ്വാ ലെറ്റെക്‌സിയറിനും കൂടെയുണ്ടായിരുന്ന ഒഫീഷ്യല്‍സിനുമെതിരെയാണ് പരാതി നല്‍കിയത്

ഫുട്‌ബോള്‍ ലോകകപ്പിന്റെ പ്രീ-ക്വാര്‍ട്ടര്‍ മത്സരത്തില്‍ അര്‍ജന്റീനയോട് 3-2 ന് തോറ്റതിന് പിന്നാലെ, ഫ്രഞ്ച് റഫറി ഫ്രാന്‍സ്വാ ലെറ്റെക്‌സിയറിനും കൂടെയുണ്ടായിരുന്ന ഒഫീഷ്യല്‍സിനുമെതിരെ ഈജിപ്ഷ്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ഫിഫയ്ക്ക് ഔദ്യോഗിക പരാതി നല്‍കി. അസോസിയേഷന്‍ പ്രസിഡന്റ് ഹാനി അബോ റിഡയാണ് ഫിഫയ്ക്ക് പരാതി നല്‍കിയതത്.

നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയോട് ഈജിപ്ത് 3-2 ന് നാടകീയമായി പരാജയപ്പെട്ടതിന് പിന്നാലെയാണ് റഫറിങ്ങിനെക്കുറിച്ചും ടൂര്‍ണമെന്റിലെ ഫിഫയുടെ ഇടപെടലിനെക്കുറിച്ചും വലിയ ചര്‍ച്ചകള്‍ ഉയര്‍ന്നത്. മത്സരത്തിനിടയില്‍, രണ്ടാം പകുതിയില്‍ ഈജിപ്തിന്റെ മുസ്തഫ സിക്കോ നേടിയ ഗോള്‍ വാര്‍ പരിശോധനയ്ക്ക് ശേഷം റദ്ദാക്കിയിരുന്നു. പന്ത് വലയിലെത്തുന്നതിന് ഏകദേശം 20 സെക്കന്‍ഡ് മുമ്പ് ഒരു ഫൗള്‍ നടന്നു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്. ഈ തീരുമാനം മത്സരത്തില്‍ വലിയൊരു വഴിത്തിരിവായി മാറി.

അര്‍ജന്റീനയുടെ വിജയത്തില്‍ റഫറി നിര്‍ണായക പങ്കുവഹിച്ചതായി ഈജിപ്ഷ്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പരാതിയില്‍ പറയുന്നു. വിവാദപരമായ തീരുമാനങ്ങളെക്കുറിച്ച് അന്വേഷണം നടത്തണമെന്നും ഈജിപ്ഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. റഫറിമാരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ പിഴവുകള്‍ ചൂണ്ടിക്കാണിച്ച്, ടൂര്‍ണമെന്റിലെ ബാക്കി മത്സരങ്ങളില്‍ നിന്ന് ഫ്രഞ്ച് ഒഫീഷ്യല്‍സിനെ ടൂര്‍ണമെന്റില്‍നിന്ന് ഒഴിവാക്കണമെന്നും ഫെഡറേഷന്‍ ആവശ്യപ്പെട്ടു. റഫറി ഫ്രാന്‍സ്വാ ലെറ്റെക്‌സിയറും അദ്ദേഹത്തിന്റെ ടീമും മത്സരഫലത്തെ വലിയ രീതിയില്‍ സ്വാധീനിച്ചതായും ഈജിപ്ത് ഫുട്‌ബോള്‍ അസോസിയേഷന്‍ പറയുന്നു.

ഈജിപ്തിന്റെ മുഖ്യ പരിശീലകന്‍ ഹൊസാം ഹസ്സന്‍ മത്സരശേഷം രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ടൂര്‍ണമെന്റില്‍ നീതിയില്ലെന്ന് അദ്ദേഹം ആരോപിച്ചു. 'അര്‍ജന്റീനയുടെ വിജയം തികച്ചും അര്‍ഹിക്കാത്തതാണ്. ഞാന്‍ ഇന്ന് തിരികെ പോയാല്‍, ഈ ലോകകപ്പിലെ ഒരു ഫുട്‌ബോള്‍ മത്സരം പോലും കാണില്ലെന്ന് ഞാന്‍ നിങ്ങള്‍ക്ക് വാക്ക് നല്‍കുന്നു, കാരണം ഇതില്‍ ഒരു നീതിയുമില്ല. ഈ ലോകകപ്പ് ഇനി കാണില്ല എന്നത് എന്റെ വ്യക്തിപരമായ പ്രതിഷേധമാണ്. ഞാന്‍ നാട്ടിലേക്ക് മടങ്ങിയെത്തിയാല്‍ ഇത് കാണില്ല.' -ഹൊസാം ഹസ്സന്‍ പറഞ്ഞു.

content highlights: Egyptian Football Association files official complaint with FIFA against referee following defeat to Argentina

To advertise here,contact us