ഫുട്ബോള്‍ ലോകകപ്പില്‍ യുഎസ് താരം ഫോളാരിന്‍ ബലോഗന്റെ റെഡ് കാര്‍ഡ് വിലക്ക് പിന്‍വലിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരണവുമായി ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ. ഫിഫയുടെ അച്ചടക്ക-ജുഡീഷ്യല്‍ സമിതികള്‍ പൂര്‍ണമായും സ്വതന്ത്രമായാണ് പ്രവര്‍ത്തിക്കുന്നതെന്നും പുറത്തുനിന്നുള്ള യാതൊരു ഇടപെടലുകളും ഇവരുടെ തീരുമാനങ്ങളെ സ്വാധീനിക്കാറില്ലെന്നും ഇന്‍ഫാന്റിനോ പറഞ്ഞു. ബലോഗന് ലഭിച്ച സസ്പെന്ഷന് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്നെ ഫോണില്‍ വിളിച്ചിരുന്നുവെന്ന് ഇന്‍ഫാന്റിനോ സ്ഥിരീകരിച്ചു. എന്നാല്‍ ഇത്തരം കോളുകള്‍ സ്വാഭാവികമാണെന്നും ഫിഫയുടെ നിയമപരമായ നടപടികളെ അവയൊന്നും ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫിഫയുടെ അച്ചടക്ക ചട്ടങ്ങളും ഓരോ കേസിലെയും വസ്തുതകളും പരിശോധിച്ചാണ് സമിതികള്‍ തീരുമാനമെടുക്കുന്നത്. സ്വതന്ത്ര സ്ഥാപനങ്ങളെയും നിയമവ്യവസ്ഥകളെയും ബഹുമാനിക്കുന്നത് ഫിഫയുടെ വിശ്വാസ്യത നിലനിര്‍ത്താന്‍ അത്യന്താപേക്ഷിതമാണെന്നും ഇന്‍ഫാന്റിനോ പറഞ്ഞു.
എന്താണ് വിവാദം?
ബോസ്നിയ ആന്‍ഡ് ഹെര്‍സഗോവിനയ്ക്കെതിരായ റൗണ്ട് ഓഫ് 32 മത്സരത്തിനിടെയാണ് യുഎസ് സ്ട്രൈക്കര്‍ ഫോളാരിന്‍ ബലോഗന് റെഡ് കാര്‍ഡ് ലഭിച്ചത്. ഇതേത്തുടര്‍ന്ന് ബെല്‍ജിയത്തിനെതിരായ റൗണ്ട് ഓഫ് 16 മത്സരത്തില്‍ താരത്തിന് വിലക്ക് വന്നിരുന്നു. ബോസ്നിയന്‍ താരത്തെ ഫൗള്‍ ചെയ്തതാണ് കാര്‍ഡ് ലഭിക്കാനിടയാക്കിയത്. എന്നാല്‍, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഫിഫ പ്രസിഡന്റിനെ വിളിച്ച് ഈ തീരുമാനം പുനഃപരിശോധിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിന് പിന്നാലെ ഫിഫ തങ്ങളുടെ അച്ചടക്ക ചട്ടങ്ങളിലെ ആര്‍ട്ടിക്കിള്‍ 27 അനുസരിച്ച് ബലോഗന്റെ ഒരു മത്സരത്തിലെ വിലക്ക് താല്‍ക്കാലികമായി നീക്കുകയും ഒരു വര്‍ഷത്തെ നിരീക്ഷണ കാലാവധി പഖ്യാപിക്കുകയും ചെയ്തു. ഇതോടെ ബെല്‍ജിയത്തിനെതിരായ നിര്‍ണായക മത്സരത്തില്‍ ബലോഗന് കളിക്കാന്‍ അനുമതി ലഭിച്ചു.
പ്രതിഷേധിച്ച് ബെല്‍ജിയം
ഫിഫയുടെ അസാധാരണ നടപടിക്കെതിരെ ബെല്‍ജിയം ഫുട്ബോള്‍ അസോസിയേഷന് ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഫിഫയുടെ ചരിത്രത്തില്‍ 1962-ന് ശേഷം ആദ്യമായാണ് ലോകകപ്പില്‍ റെഡ് കാര്‍ഡ് ലഭിച്ച ഒരു കളിക്കാരന്റെ വിലക്ക് ഇത്തരത്തില്‍ നീക്കുന്നത്. രാഷ്ട്രീയ ഇടപെടലുകള്‍ക്ക് വഴങ്ങി ഫിഫ എടുത്ത ഈ തീരുമാനം കളിയിലെ സുതാര്യതയെയും ഫെയര്‍ പ്ലേ തത്ത്വങ്ങളെയും ബാധിക്കുമെന്നാണ് ബെല്‍ജിയം ഉള്‍പ്പെടെയുള്ള ടീമുകളുടെ ആക്ഷേപം.
കടുപ്പിച്ച് യുവേഫ
ഫോളാരിന്‍ ബലോഗണിന്റെ മത്സരവിലക്ക് മാറ്റിവെച്ച ഫിഫ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യൂറോപ്യന്‍ ഫുട്ബോള്‍ അസോസിയേഷന് കൂട്ടായ്മയായ യുവേഫ. ഫിഫയുടെ തീരുമാനം അഭൂതപൂര്‍വവും മനസ്സിലാക്കാന്‍ കഴിയാത്തതും ന്യായീകരിക്കാന്‍ കഴിയാത്തതുമായ ഒന്നാണെന്നെന്നും റെഡ്ലൈന്‍ ലംഘിച്ചുവെന്നും യുവേഫ വിമര്‍ശിച്ചു. 'ഏതൊരു കായിക വിനോദത്തെയും പോലെ ഫുട്ബോളും നിയമങ്ങളെ ആശ്രയിച്ചിരിക്കുന്നു. കാരണം, ന്യായവും സത്യസന്ധവും സുതാര്യവുമായ മത്സരങ്ങളുടെ അടിസ്ഥാനമാണ് നിയമങ്ങള്‍. ചിലപ്പോള്‍ നിയമങ്ങള്‍ വ്യാഖ്യാനത്തിന് വിധേയമാകാറുണ്ട്. എന്നാല്‍, ഈ കാര്യത്തില്‍ അങ്ങനെയായിരുന്നില്ല', യുവേഫ പ്രസ്താവനയില്‍ വ്യക്തമാക്കി.
ഇത്തരമൊരു നടപടി മത്സരത്തിന്റെ സ്പോര്‍ട്സ്മാന്‍ഷിപ്പിനെ ചോദ്യം ചെയ്യുന്നതാണെന്ന് മുന്‍ ഇംഗ്ലീഷ് താരം വെയ്ന്‍ റൂണി പറഞ്ഞു. തന്റെ എതിരാളികളാണ് യുഎസ് എന്നുണ്ടെങ്കില്‍ താന്‍ എന്തായാലും ഇതിനെതിരെ ശക്തമായി പ്രതികരിക്കുമായിരുന്നെന്നും റൂണി പറയുന്നു. 'ഒരു ഇംഗ്ലണ്ട് കളിക്കാരനോ മെക്സിക്കന്‍ കളിക്കാരനോ ആണ് നിങ്ങളെങ്കില്‍, നിങ്ങള്‍ക്ക് ചുവപ്പ് കാര്‍ഡ് ലഭിച്ചാല്‍, അടുത്ത മത്സരം കളിക്കാനാകുമെന്ന് നിങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടോ?' -റൂണി ചോദിച്ചു.
content highlights: FIFA's judicial bodies are independent - FIFA President responds to Balogun ban controversy