'വേണ്ടി വന്നാല്‍ കൈയില്‍ ചെളി പുരട്ടാനും ഞങ്ങള്‍ റെഡി' -കിലിയന്‍ എംബാപ്പെ

പാരഗ്വായിയുടെ ഫിസിക്കല്‍ ഗെയിമിനെതിരെ ഫ്രഞ്ച് സൂപ്പര്‍താരം

ഫുട്‌ബോള്‍ ലോകകപ്പ് കണ്ട ഏറ്റവും വലിയ ഫിസിക്കല്‍ ഗെയിമായിരുന്നു ഫ്രാന്‍സ്-പാരഗ്വായ് മത്സരം. പാരഗ്വായിയിടെ ആക്രമണ ഫുട്‌ബോള്‍ പലപ്പോഴും മത്സരത്തെ ഗുസ്തിയുടെ നിലവാരത്തിലെത്തിച്ചു. എന്നാല്‍ മത്സരത്തിനിടെ അതിനെ ചിരിച്ചുതള്ളിയ ഫ്രഞ്ച് സൂപ്പര്‍താരം കിലിയന്‍ എംബാപ്പെ, അതിനെതിരെ പ്രതികരിച്ചു. ഫ്രാന്‍സ് ഒരു ആക്രമണ ഫുട്‌ബോള്‍ സംഘം മാത്രമല്ലെന്ന് ക്യാപ്റ്റന്‍ കിലിയന്‍ എംബാപ്പെ മുന്നറിയിപ്പ് നല്‍കി. ആവശ്യമായി വന്നാല്‍ ശാരീരികക്ഷമത ആവശ്യമായതും കടുപ്പമേറിയതുമായ കളിശൈലിയെ നേരിടാനും തങ്ങള്‍ക്ക് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. പാരഗ്വായിയെ തകര്‍ത്ത് ക്വാര്‍ട്ടര്‍ ഫൈനല്‍ യോഗ്യത ഉറപ്പാക്കിയ ശേഷമാണ് എംബാപ്പെയുടെ പ്രതികരണം. മത്സരത്തില്‍ എംബാപ്പെയുടെ പെനാല്‍ട്ടി ഗോളിലൂടെയാണ് ഫ്രാന്‍സ് ജയിച്ച് ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. ഇനി ക്വാര്‍ട്ടറില്‍ മൊറോക്കോയാണ് എതിരാളി.

കൈകളില്‍ ചെളി പുരട്ടേണ്ടിവന്നാല്‍ അതിനും ഞങ്ങള്‍ തയ്യാറാണെന്ന് എംബാപ്പെ പറഞ്ഞു. ഞങ്ങള്‍ ജഴ്സിയുമിട്ട്, വണ്‍-ടു പാസുകളും മനോഹരമായ മുന്നേറ്റങ്ങളുമായി കളിക്കാന്‍ വരുമെന്നാണ് പാരഗ്വായ് കരുതിയത്. എന്നാല്‍ എങ്ങനെ വൃത്തികെട്ട കളി കളിക്കണമെന്നും ഞങ്ങള്‍ക്കറിയാമെന്നും എംബാപ്പെ മുന്നറിയിപ്പ് നല്‍കുന്നു. ഇന്ന് പാരഗ്വായ് ചെയ്തത് അതാണ്. അതിലവര്‍ വിജയിക്കുകയും ചെയ്തു. പക്ഷെ ആ തരത്തില്‍ കളിച്ചിട്ടും അവരേക്കാള്‍ മികച്ചവര്‍ ഞങ്ങള്‍ തന്നെയായിരുന്നു -എംബാപ്പെ പറഞ്ഞു.

പരുക്കന്‍ കളിയായിരുന്നു പാരഗ്വായ് പുറത്തെടുത്തത്. മത്സരത്തില്‍ എംബാപ്പെയെ ലോക്ക് ചെയ്ത പാരഗ്വായ് താരങ്ങള്‍ ഇതുവരെ കളിക്കാത്ത രീതിയിലാണ് തുടക്കം മുതല്‍ മുന്നേറിയത്. എന്നാല്‍ ഒരു മഞ്ഞക്കാര്‍ഡ് പോലും മത്സരത്തില്‍ അവര്‍ കണ്ടില്ലെന്നതാണ് അത്ഭുതം. പന്തില്ലാത്ത നേരത്തുപോലും പാരഗ്വായ് ഫൗള്‍ ചെയ്യുന്നുണ്ടായിരുന്നു. 'ഇന്ന് എങ്ങനെയുള്ള മത്സരമായിരിക്കും നേരിടേണ്ടിവരികയെന്ന് ഞങ്ങള്‍ക്ക് വ്യക്തമായി അറിയാമായിരുന്നു. ആക്രമണ ഫുട്ബോള്‍ മാത്രമറിയുന്ന ടീമല്ല ഞങ്ങളെന്ന് ഇന്ന് തെളിയിച്ചു' -എംബാപ്പെ പറഞ്ഞു. ഓരോ ടീമിനും അവരുടേതായ ശൈലിയുണ്ടെന്നും എംബാപ്പെ പറഞ്ഞു. അതാണ് അവരുടെ ഫുട്ബോള്‍, അങ്ങനെയാണ് അവര്‍ കളിക്കുന്നത്. എല്ലാവരും അവരുടെ കൈവശമുള്ള ആയുധങ്ങള്‍ ഉപയോഗിക്കുന്നു. ഫുട്ബോളില്‍ ശരിയോ തെറ്റോ ആയ വഴികളില്ല, ഒരേയൊരു വഴിയേയുള്ളൂ, അത് വിജയിക്കുക എന്നതാണ്. ആ ശൈലിയിലൂടെ ഞങ്ങളെ തോല്‍പ്പിക്കാനാണ് അവര്‍ ശ്രമിച്ചത് -എംബാപ്പെ പറഞ്ഞു. പാരഗ്വായ് അര്‍ഹിക്കുന്ന കളിയാണ് തങ്ങള്‍ പുറത്തെടുത്തതെന്നും അതിലൂടെ ജയിക്കാനായെന്നും എംബാപ്പെ പറഞ്ഞു.

content highlights: If needed, we are ready to get our hands dirty too' - Kylian Mbappé

To advertise here,contact us