ഫുട്ബോള്‍ ലോകകപ്പിന് ഇനി ഖത്തര്‍ കളിക്കാനിറങ്ങുന്ന നിമിഷത്തിനാണ് കേരളം കാത്തിരിക്കുന്നത്. ഒരു മലയാളി താരത്തിന്റെ ലോകകപ്പ് അരങ്ങേറ്റം കാണാന്‍. അതെ, അമേരിക്കന്‍ ലോകകപ്പില്‍ ഖത്തറിന് വേണ്ടി കണ്ണൂര്‍ സ്വദേശി കളിക്കാനിറങ്ങും. കണ്ണൂര്‍ തലശ്ശേരി സ്വദേശി തഹ്സീന് മുഹമ്മദാണ് കളിക്കാനിറങ്ങുക. ലോകകപ്പ് സംഘത്തില്‍ ഉള്‍പ്പെടുന്ന ആദ്യ മലയാളിയെന്ന റെക്കോഡാണ് ഇതോടെ തഹ്സീന് മുഹമ്മദ് പേരിലാക്കിയത്. കണ്ണൂര്‍ സ്വദേശി ജംഷീദിന്റെയും ഷൈമയുടെയും മകനാണ് 19-കാരനായ തഹ്സീന് മുഹമ്മദ്. ഖത്തര്‍ ലീഗില്‍ അല്‍ ദുഹൈല്‍ താരമാണ് അദ്ദേഹം. തഹ്സീന് മുഹമ്മദ് ജനിച്ചതും വളര്‍ന്നതുമെല്ലാം ഖത്തറിലാണ്. ചെറുപ്രായത്തില്‍ തന്നെ ഖത്തര്‍ യൂത്ത് ടീമുകളില്‍ തഹ്സിന് കളിച്ചിരുന്നു. ഖത്തര്‍ ദേശീയ ടീമിനായി അണ്ടര്‍ 16, അണ്ടര്‍ 17, അണ്ടര്‍ 19 വിഭാഗങ്ങളിലും തഹ്സിന് മുഹമ്മദ് കളിച്ചിട്ടുണ്ട്.
നേരത്തെ, ലോകകപ്പിനുള്ള ഖത്തര്‍ ടീമിന്റെ 28 അംഗ സ്ക്വാഡില്‍ തഹ്സീന് മുഹമ്മദ് ഉള്‍പ്പെട്ടിരുന്നു. ഇതോടെ ഏറെ ആവേശത്തിലായിരുന്നു മലയാളികള്‍. ആദ്യം പ്രഖ്യാപിച്ച 35 അംഗ സ്ക്വാഡിനെ വെട്ടിച്ചുരുക്കി 28 അംഗങ്ങളാക്കിയപ്പോഴും പിന്നീട് അയര്‍ലന്‍ഡുമായുള്ള സന്നാഹ മത്സരത്തിന് ശേഷം 26 അംഗ ഫൈനല്‍ സ്ക്വാഡ് ആക്കിയപ്പോഴും മലയാളി താരം ഉള്‍പ്പെട്ടു.
സീനിയര്‍ താരങ്ങളായ സെബാസ്റ്റ്യന്‍ സോരിയ, താരെക് സല്മാന് എന്നിവര്‍ നേരത്തെത്തന്നെ ടീമില്‍നിന്നു പുറത്തായിരുന്നു. ഖത്തര്‍ താരങ്ങളായ ബാസം അല്‍റാവി, മുഹമ്മദ് വാദ്, മുബാറക് ഷനാന്‍, നിയാല്‍ മേസന്, ഫഹദ് യൂനസ് എന്നിവരും ടീമില്‍നിന്നു പുറത്തായി. ഇതോടെ പുതുമുഖ താരങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കിയാണ് ടീം ലോകകപ്പിന് കളിക്കുക. ജൂണ്‍ ആറിന് എല്‍ സാല്‍വദോറിനെതിരെ ഖത്തര്‍ സന്നാഹ മത്സരം കളിക്കും.
content highlights: Another reason for Malayalis to watch the American World Cup; Kannur native to play for the Qatar team