ഇന്ത്യ ലോകകപ്പ് കളിച്ചില്ലെങ്കിലും ഒരു പക്ഷെ മലയാളി പന്തുതട്ടിയേക്കും! വാര്‍ത്ത കേട്ട് ഞെട്ടേണ്ടതില്ല; ലോകകപ്പിനുള്ള ഖത്തര്‍ ടീമില്‍ മലയാളി താരം ഉള്‍പ്പെട്ടേക്കുമെന്നാണ് സൂചന. ലോകകപ്പിനുള്ള ടീമില്‍നിന്ന് വെറ്ററന്‍ താരങ്ങളെ 28 അംഗ ടീമില്‍ മലയാളി താരം തഹ്സിന് മുഹമ്മദ് ഉള്‍പ്പെട്ടിട്ടുണ്ട്. ആദ്യം പ്രഖ്യാപിച്ച 35 അംഗ പ്രാഥമിക ടീമിനെയാണ് പരിശീലകന് ജുലന് ലോപറ്റെഗുയി വെട്ടിച്ചുരുക്കി 28 ആക്കിയത്. അയര്‍ലന്‍ഡിനെതിരായ സന്നാഹ മത്സരത്തിനു ശേഷം 26 അംഗ ലോകകപ്പ് ടീമിനെ ഖത്തര്‍ പ്രഖ്യാപിക്കും. ഈ ടീമില്‍ ഉള്‍പ്പെട്ടാല്‍ ലോകകപ്പ് ടീമില്‍ ഇടം നേടുന്ന ആദ്യ മലയാളി താരമെന്ന റെക്കോഡ് 19-കാരനായ തഹ്സിന്റെ പേരിലാകും. ഈമാസം 30ന് പ്രഖ്യാപനമുണ്ടാവുമെന്നാണ് സൂചന. ജൂണ്‍ രണ്ടു വരെയാണ് ലോകകപ്പിനുള്ള ടീമുകളെ പ്രഖ്യാപിക്കാനുള്ള സമയമുള്ളത്.
ലോകകപ്പ് മത്സരങ്ങള്‍ക്ക് മുമ്പ് വലിയ മുന്നൊരുക്കത്തിലാണ് ഖത്തര്‍ ടീം. രണ്ടാഴ്ചയോളം ഖത്തറില്‍ പരിശീലിച്ച ശേഷമാണ് ടീം അയര്‍ലന്‍ഡിനെ നേരിടാന്‍ ഡബ്ലിനിലേക്കു പോകുന്നത്. 28 അംഗ സംഘത്തെ പ്രഖ്യാപിച്ചപ്പോള്‍ സീനിയര്‍ താരങ്ങളായ സെബാസ്റ്റ്യന്‍ സോരിയ, താരെക് സല്മാന് എന്നിവര്‍ ടീമില്‍നിന്നു പുറത്തായിരുന്നു. ഖത്തര്‍ താരങ്ങളായ ബാസം അല്‍റാവി, മുഹമ്മദ് വാദ്, മുബാറക് ഷനാന്‍, നിയാല്‍ മേസന്, ഫഹദ് യൂനസ് എന്നിവരും ടീമില്‍നിന്നു പുറത്തായി. ഇതോടെ പുതുമുഖ താരങ്ങള്‍ക്ക് കൂടി അവസരം നല്‍കിയാണ് ടീം ലോകകപ്പിന് പറക്കാനിരിക്കുന്നത്. അയര്‍ലന്‍ഡിനെതിരായ മത്സരത്തിനു ശേഷം ജൂണ്‍ ആറിന് എല്‍ സാല്‍വദോറിനെതിരെയും ഖത്തര്‍ സന്നാഹ മത്സരം കളിക്കും.
മികച്ച ഫോമിലുള്ള തഹ്സിന് മുഹമ്മദ് ഖത്തറിന്റെ ഫൈനല്‍ സ്ക്വാഡില്‍ ഇടം നേടുമെന്നാണു പ്രതീക്ഷ. ഖത്തറില്‍ ചീഫ് അക്കൗണ്ടന്റായ തലശ്ശേരി ഹിബാസില്‍ ജംഷിദിന്റെയും വളപട്ടണം ഷൈമാസില്‍ ഷൈമയുടെയും രണ്ടാമത്തെ മകനാണ് തഹ്സിന്. ജനിച്ചതും വളര്‍ന്നതുമെല്ലാം ഖത്തറിലാണ്. ചെറുപ്രായത്തില്‍ തന്നെ ഖത്തര്‍ യൂത്ത് ടീമുകളില്‍ തഹ്സിന് കളിച്ചിരുന്നു. ഖത്തര്‍ ദേശീയ ടീമിനായി അണ്ടര്‍ 16, അണ്ടര്‍ 17, അണ്ടര്‍ 19 വിഭാഗങ്ങളിലും തഹ്സിന് മുഹമ്മദ് കളിച്ചിട്ടുണ്ട്.
content highlights: Announcement on the 30th of this month; Will there be a Malayali in Qatar's World Cup squad? Anticipation builds