അമേരിക്കന്‍ ലോകകപ്പിനുള്ള സ്പാനിഷ് ടീമിനെ കോച്ച് ലൂയിസ് ഡെ ലാ ഫ്യുണ്ടെ പ്രഖ്യാപിച്ചപ്പോള്‍ അതില്‍ റയല്‍ മഡ്രിഡില്‍നിന്ന് ഒരാള്‍പ്പോലും ഉള്‍പ്പെട്ടില്ല. ഇതോടെ സ്പെയിനില്‍ വലിയ പ്രതിഷേധങ്ങളാണ് ഉയരുന്നത്. ടീമില്‍ എട്ട് ബാഴ്സലോണ താരങ്ങളാണ് ഉള്‍പ്പെട്ടിട്ടുള്ളത്. മറ്റു സ്പാനിഷ് ക്ലബ്ബുകളില്‍നിന്നുള്ള താരങ്ങളും ടീമിലുണ്ട്. എന്നാല്‍ റയല്‍ മഡ്രിഡിലെ മികച്ച താരങ്ങളെപ്പോലും പരിഗണിക്കാത്തതും പരിക്കിന്റെ പിടിയിലുള്ള താരങ്ങളെ ഉള്‍പ്പെടുത്തിയതുമാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്.
എന്നാല്‍ ഇതിനെതിരെ കോച്ച് തന്നെ രംഗത്തെത്തി. ഞാന്‍ സ്പാനിഷ് ടീമിന്റെ പരിശീലകനാണ്. താരങ്ങള്‍ ഏത് ടീമില്‍നിന്നാണ് എന്നതല്ല എനിക്ക് പ്ര്യാമുഖ്യം. മികച്ച കളിക്കാരെ കണ്ടെത്തുക എന്നതിലാണ് ശ്രദ്ധകേന്ദ്രീകരിക്കുന്നത്..' -ഇതായിരുന്നു സ്പാനിഷ് കോച്ച് ലൂയിസ് ഡെ ലാ ഫ്യുണ്ടെയുടെ പ്രതികരണം. ടീമില്‍ ലമീന്‍ യമാല്‍, പെഡ്രി, ഗാവി, പാവു കുബാര്‍സി, എറിക് ഗാര്‍ഷ്യ, ഫെറാന്‍ ടോറസ്, ജോവാന് ഗാര്‍ഷ്യ, ഡാനി ഒല്‍മോ എന്നീ എട്ട് ബാഴ്സ താരങ്ങള്‍ ഇടംപിടിച്ചിട്ടുണ്ട്.
റയല്‍ മഡ്രിഡ് പ്രതിരോധ താരം ഡീന്‍ ഹുയിസന് ഉറപ്പായും ടീമിലുണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ ടീമില്‍ ഉള്പ്പെടാനാകാത്തതോടെ താരം ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ തന്റെ പ്രതിഷേധം രേഖപ്പെടുത്തി. വലിയ പിന്തുണയാണ് താരത്തിന് ലഭിക്കുന്നത്. അതേസമയം, ലമീന്‍ യമാല്‍, നിക്കോ വില്യംസ്, മൈക്കല്‍ മെറിനോ എന്നിവരെയാണ് പരിക്ക് ഭേദപ്പെടും മുമ്പ് ടീമില്‍ ഉള്‍പ്പെടുത്തിയത്. ഇവരുടെ ഫിറ്റ്നസില്‍ ആശങ്കയില്ലെന്നാണ് കോച്ചിന്റെ പ്രതികരണം. 2024-ല്‍ യൂറോ കപ്പ് നേടിയ ടീമിനെ നയിച്ച മുന്‍ ക്യാപ്റ്റന്‍ അല്‍വാരോ മൊറാട്ടയ്ക്ക് ടീമില്‍ ഇടമില്ല. കാല്‍വിരലിന് പരിക്കേറ്റ ബാഴ്സലോണ മിഡ്ഫീല്‍ഡര്‍ ഫെര്‍മിന്‍ ലോപ്പസിന് പരിക്ക് തിരിച്ചടിയായി. ഈയിടെയാണ് താരത്തിന് പരിക്കേറ്റത്. ലോകകപ്പിന് മുമ്പ് സ്പെയിന് ഇറാഖ്, പെറു എന്നീ ടീമുകളുമായി സന്നാഹ മത്സരങ്ങള്‍ കളിക്കും.
സ്പെയിന് ടീം: ഗോള്‍കീപ്പര്‍മാര്‍: ഉനായ് സിമോണ്‍, ഡേവിഡ് റായ, യൊവാന്‍ ഗാര്‍ഷ്യ. പ്രതിരോധം: മാര്‍ക്ക് കുക്കുറെയ്യ, അലക്സാന്‍ഡ്രോ ഗ്രിമാള്‍ഡോ, പാവു കുബാര്‍സി, ഐമെറിക് ലാപോര്‍ട്ടെ, മാര്‍ക്ക് പുബില്‍, എറിക് ഗാര്‍ഷ്യ, മാര്‍ക്കോസ് ലോറെന്റെ, പെഡ്രോ പോറോ. മധ്യനിര: പെഡ്രി, ഫാബിയാന്‍ റൂയിസ്, മാര്ട്ടിന് സുബിമെന്‍ഡി, ഗാവി, റോഡ്രിഗോ, അലക്സ് ബയേന, മിക്കെല്‍ മെറീനോ. മുന്നേറ്റനിര: മൈക്കല്‍ ഒയാര്‍സബാല്‍, ഡാനി ഓല്‍മോ, നിക്കോ വില്യംസ്, യെറെമി പിനോ, ഫെറാന്‍ ടോറസ്, ബോര്‍ഹ ഇഗ്ലേഷ്യസ്, വിക്ടര്‍ മുനോസ്, ലമീന്‍ യമാല്‍.
content highlights: Huijsen raises the flag of rebellion in Spain; intense protests over the exclusion of Real Madrid players