ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ ചരിത്രം കുറിച്ച് ഈസ്റ്റ് ബംഗാള്‍. നിര്‍ണായകമായ അവസാനമത്സരത്തില്‍ ഇന്റര്‍ കാശിയെ തോല്‍പ്പിച്ചാണ് ഈസ്റ്റ് ബംഗാള്‍ കന്നിക്കിരീടം ചൂടിയത്. ഒന്നിനെതിരെ രണ്ടുഗോളിനായിരുന്നു കൊല്‍ക്കത്ത ക്ലബ്ബിന്റെ കിരീട നേട്ടം. നിലവിലെ ചാമ്പ്യന്മാരായ മോഹന്‍ ബഗാന് ഒന്നിനെതിരെ രണ്ടുഗോളിന് ഡല്‍ഹി എഫ്.സി.യെ തോല്‍പ്പിച്ചെങ്കിലും ഗോള്‍ ശരാശരിയില്‍ ഈസ്റ്റ് ബംഗാളിനെ മറികടക്കാനായില്ല. ഇതോടെ കിരീടം ഈസ്റ്റ് ബംഗാള്‍ തൂക്കി.
ചിരവൈരികളായ ഈസ്റ്റ് ബംഗാളും മോഹന്‍ ബഗാനുമായിരുന്നു കിരീടസാധ്യതയില്‍ മുന്നിലുണ്ടായിരുന്നത്. വീണ്ടും കൊല്‍ക്കത്തയിലേക്ക് തന്നെ കിരീടം എത്തിക്കാനായി എന്നതാണ് മറ്റൊരു നേട്ടം.
ആദ്യപകുതിയില്‍ ഒരു ഗോളിന് പിന്നില്‍നിന്നശേഷമാണ് ഈസ്റ്റ് ബംഗാള്‍ കളിയിലേക്ക് തിരിച്ചുവന്നത്. ഇടവേളയ്ക്കുശേഷം മൊറോക്കൊ സ്ട്രൈക്കര്‍ യുസഫ് എസ്സിജ്ജാരിയും (49) പലസ്തീന് താരം മുഹമ്മദ് റാഷിദുമാണ് (72) ഈസ്റ്റ് ബംഗാളിന് വേണ്ടി ഗോളടിച്ചത്. ഇന്റര്‍ കാശിക്കുവേണ്ടി ആല്‍ഫ്രഡ് പ്ലാനാസ് ഗോളടിച്ചു. 14-ാം മിനിറ്റിലായിരുന്നു ഇന്റര്‍ കാശിയുടെ ഗോള്‍. ഈസ്റ്റ് ബംഗാളിനും മോഹന്‍ബഗാനും 13 കളിയില്‍ 26 പോയിന്റ് വീതമാണുള്ളത്. എന്നാല്‍, ഗോള്‍ ശരാശരിയില്‍ ഈസ്റ്റ് ബംഗാളിന് അഞ്ചുഗോളിന്റെ മുന്‍തൂക്കമുണ്ട്. ഡല്‍ഹിക്കെതിരേ മോഹന്‍ ബഗാനായി മന്‍വീര്‍ സിങ്ങും (89), ജെയ്മി മക്ലാറനുമാണ് (90+8) ഗോള്‍ നേടിയത്. ക്ലാരന്‍സ് ഫെര്‍ണാണ്ടസിന്റെ (62) ഗോളില്‍ ഡല്‍ഹി ലീഡ് നേടിയിരുന്നു. പഞ്ചാബ് എഫ്സിയെ കീഴടക്കി മുംബൈ സിറ്റി മൂന്നാംസ്ഥാനം നേടി. എതിരില്ലാത്ത രണ്ടുഗോളിനാണ് മുംബൈ സിറ്റിയുടെ ജയം. ഹിങ്തംമാവിയ റാള്‍ട്ടെയും (79) വിക്രം പ്രതാപും (90+10) മുംബൈക്കുവേണ്ടി സ്കോര്‍ ചെയ്തു. മറ്റൊരു കളിയില്‍ ജംഷേദ്പുര്‍ എഫ്സിയും ഒഡിഷ എഫ്സിയും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു.
ഈ സീസണില്‍ കേരള ബ്ലാസ്റ്റേഴ്സ് എട്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. 13 കളിയില്‍ അഞ്ചുജയത്തോടെ 17 പോയിന്റാണ് ടീമിനുള്ളത്. അവസാന നാലുമത്സരങ്ങളും ജയിക്കാനും ടീമിനായി. 13 കളിയില്‍ ഒരുമത്സരവും പോലും ജയിക്കാനാകാത്ത മുഹമ്മദന്‍ എസ് സി ലീഗില്‍നിന്ന് പുറത്താകും. ടീം പത്തുകളിയിലായണ് തോറ്റത്. മൂന്നുകളിയില് സമനില നേടിയതാണ് ആശ്വാസം.
content highlights: History in Indian Super League: East Bengal Crowned Champions!