സൗദി പ്രൊ ലീഗ് ഫുട്ബോളിലും കിരീടം ചൂടി ക്രിസ്റ്റിയാനോ റൊണാള്‍ഡോ. 2023 ജനുവരിയില്‍ സൗദി അറേബ്യന്‍ ഫുട്ബോള്‍ ലീഗിലേക്ക് ചുവടുമാറിയതിന് ശേഷം ഇതാദ്യമായാണ് സൗദി പ്രൊ ലീഗ് ഫുട്ബോള്‍ കിരീടത്തില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ മുത്തമിടുന്നത്. അല്‍നസ്റിന്റെ പതിനൊന്നാമത്തെ ലീഗ് കിരീടവുമാണിത്. റൊണാള്‍ഡോ ടീമിലെത്തിയതിന് ശേഷം ഇതാദ്യമായാണ് എതിരാളികളായ അല്‍ ഹിലാലിനെക്കാള്‍ രണ്ട് പോയിന്റ് മുന്നിലെത്തി അല്‍ നസ്ര് കിരീടം നേടുന്നതും.
34 മത്സരം പൂര്‍ത്തിയാക്കിയ അല്‍ നസ്റിന് 28 ജയവും രണ്ടുസമനിലയും നാലു തോല്‍വിയുമാണുള്ളത്. 86 പോയിന്റാണ് ടീമിന്റെ അക്കൗണ്ടിലുള്ളത്. രണ്ടാമതുള്ള അല്‍ ഹിലാലിന് 84 പോയിന്റാണുള്ളത്. കഴിഞ്ഞവര്‍ഷത്തെ ജേതാക്കളായ അല്‍ ഇത്തിഹാദ് ഇത്തവണ അഞ്ചാം സ്ഥാനത്താണ്. കഴിഞ്ഞവര്‍ഷം അല്‍ നസ്ര് മൂന്നാം സ്ഥാനക്കാരായിരുന്നു. അല്‍ ഹിലാലായിരുന്നു രണ്ടാമത്. 2023-24 സീസണില്‍ രണ്ടാം സ്ഥാനത്തായിരുന്നു അല്‍ നസ്ര്.ദാമകിനെതിരായ മത്സരത്തില്‍ ഒന്നിനെതിരെ നാലുഗോളിനാണ് ക്രിസ്റ്റിയാനോയുടെയും സംഘത്തിന്റെയും ജയം. അല്‍ നസ്റിനുവേണ്ടി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ രണ്ടുഗോള്‍ നേടി. 62. 80 മിനിറ്റുകളിലാണ് ക്രിസ്റ്റിയാനോയുടെ ഗോള്‍നേട്ടം. സാദിയോ മാനെ (33), കിങ്സ്ലി കോമാന് (51) എന്നിവരും ഗോളടിച്ചു. ദാമകിനുവേണ്ടി മൊറലിയ സില്ല (57) പെനാല്‍ട്ടിയിലൂടെ സ്കോര്‍ ചെയ്തു. കളിയില്‍ അല്‍ നസ്റിന് സര്‍വാധിപത്യമായിരുന്നു. പന്തടക്കത്തിലും ഷോട്ടുകള്‍ ഉതിര്‍ക്കുന്നതിലും അല്‍ നസ്ര് വിജയം കണ്ടു. നിരന്തരമുള്ള അല്‍ നസ്റിന്റെ മുന്നേറ്റത്തില്‍ ദാമകിന് പലപ്പോഴും പ്രതിരോധം പാളി. ഇതോടെ കളിയില്‍ മികച്ച ജയമുണ്ടാക്കാനും ടീമിനായി.
പോര്‍ച്ചുഗല്‍, ഇംഗ്ലണ്ട്, സ്പെയിന്, ഇറ്റലി, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലെ ആഭ്യന്തര ലീഗ് കിരീടങ്ങള്‍ നേടിയ അപൂര്‍വ താരവുമായി ക്രിസ്റ്റ്യാനോ. പോര്‍ച്ചുഗലില്‍ 2002ല്‍ സ്പോര്‍ട്ടിങ് സിപിക്കുവേണ്ടിയാണ് കിരീടം നേടിയത്. മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്, റയല്‍ മഡ്രിഡ്, യുവന്റസ്, അല്‍ നസ്ര് എന്നിവര്‍ക്കുവേണ്ടിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കിരീടം ചൂടി.
content highlights: An End to Ronaldo's Long Wait: The Football King Crowned in Saudi Arabia