ഫ്രഞ്ച് സൂപ്പര്‍ താരത്തിന് ഇടതുകാലിന് പരിക്ക്; ആശങ്കയില്‍ റയല്‍, എല്‍ ക്ലാസിക്കോയില്‍ ഉണ്ടാകില്ലേ?

റയല്‍ ബെറ്റിസിനെതിരായ മത്സരത്തിലാണ് റയല്‍ മഡ്രിഡ് സൂപ്പര്‍ താരത്തിന് കാല്‍ത്തുടയ്ക്ക് പരിക്കേറ്റത്

സ്പാനിഷ് ലാലിഗ ഫുട്‌ബോളില്‍ മേയ് പത്തിന് നടക്കുന്ന എല്‍ ക്ലാസിക്കോ പോരാട്ടത്തില്‍ സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ കളിക്കുമോ എന്നതില്‍ ആശങ്ക. വെള്ളിയാഴ്ച റയല്‍ ബെറ്റിസിനെതിരായ മത്സരത്തില്‍ ഇടത് കാല്‍ത്തുടയിലെ പിന്‍പേശിക്കേറ്റ പരിക്കാണ് റയല്‍ മഡ്രിഡ് സ്‌ട്രൈക്കര്‍ എംബാപ്പയ്ക്ക് വിനയായത്. റയല്‍ ബെറ്റിസിനോട് സമനില വഴങ്ങിയ മത്സരത്തിന്റെ 82-ാം മിനിറ്റില്‍ എംബാപ്പെയെ കോച്ച് തിരികെ വിളിച്ചിരുന്നു.

മേയ് പത്തിന് ബാഴ്‌സയുടെ ഹോം ഗ്രൗണ്ടായ ന്യൂകാമ്പില്‍ നടക്കുന്ന റയല്‍-ബാഴ്‌സ എല്‍ ക്ലാസിക്കോ മത്സരം നടക്കുന്നത്. ഇതില്‍ എംബാപ്പെ കളിക്കുമോ എന്നതാണ് ആശങ്ക. ലാലിഗയില്‍ അഞ്ചു കളി ബാക്കിനില്‍ക്കെ റയലിനെക്കാള്‍ 11 പോയിന്റ് മുന്നിലാണ് ബാഴ്‌സലോണ.

അതേസമയം, ഇരുപത്തേഴുകാരന്‍ എംബാപ്പെയുടെ പരിക്കിന്റെ വിവരങ്ങള്‍ ഇതുവരെ ടീം മാനേജ്‌മെന്റ് പുറത്തുവിട്ടിട്ടില്ല. പരിക്കിന്റെ ഗൗരവമനുസരിച്ചാകും എത്രനാള്‍ വിശ്രമം വേണ്ടിവരൂ എന്ന് വ്യക്തമാകൂ. പരിക്ക് ഗുരുതരമല്ലാതിരിക്കട്ടെ എന്നാണ് ആരാധകരുടെ പ്രാര്‍ഥന. കാല്‍മുട്ടിലെ പരിക്ക് കാരണം ഈ സീസണില്‍ കുറച്ചുമത്സരങ്ങള്‍ എംബാപ്പെയ്ക്ക് നേരത്തെ നഷ്ടമായിരുന്നു. ജൂണില്‍ ആരംഭിക്കുന്ന ഫിഫ ലോകകപ്പില്‍ ഫ്രാന്‍സ് ടീമിനും എംബാപ്പെയുടെ സാന്നിധ്യം നിര്‍ണായകമാണ്.

content highlights: French Super Star Injured in Left Leg

To advertise here,contact us