ഈ സീസണൊടുവില്‍ മാഞ്ചെസ്റ്റർ യുണൈറ്റഡിന്റെ മധ്യനിരയിലെ കരുത്തനായ കസെമിറോ ക്ലബ്ബ് വിടുമെന്ന് ഉറപ്പായതോടെ, താരത്തിന് പകരക്കാരനെത്തേടി യുണൈറ്റഡ് റഡാര്‍ കറങ്ങുന്നത് ഔറേലിയന്‍ ചൗമേനിക്ക് ചുറ്റുമാണ്. നേരത്തെത്തന്നെ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്റെ ശ്രദ്ധയിലുള്ള താരത്തെ എത്തിക്കാന്‍ മാനേജ്മെന്റ് തീവ്ര ശ്രമമാരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഏകദേശം 80 മില്യണ്‍ യൂറോ ആണ് താരത്തിനായി യുണൈറ്റഡ് കരുതിയിരിക്കുന്നത്. എന്നാല്‍ വന്‍തുക ഓഫര്‍ ചെയ്താലും ചൗമേനിയെ ലണ്ടനിലെത്തിക്കുക എന്നത് അത്ര എളുപ്പമല്ല.
നടപ്പുസീസണില്‍ റയല്‍ മഡ്രിഡിനുവേണ്ടി മികച്ച പ്രകടനമാണ് ചൗമേനിയുടേത്. റയല്‍ മഡ്രിഡ് പരിശീലകന് സാബി അലോണ്‍സോയുടെ കീഴില്‍ ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ റോളില്‍ ചൗമേനി അവിഭാജ്യ ഘടകവുമാണ്. ഇതുകാരണംതന്നെ ചൗമേനിയെ വില്ക്കാന് റയല്‍ മാഡ്രിഡിന് നിലവില്‍ പദ്ധതിയില്ല. എങ്കിലും വലിയൊരു തുക ലഭിക്കുകയാണെങ്കില്‍ ടീമിനെ പുനര്‍നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി താരത്തെ വിട്ടുകൊടുക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ഇക്കാര്യത്തിലാണ് യുണൈറ്റഡിന്റെ പ്രതീക്ഷ.
മധ്യനിരയില്‍ മികച്ച പ്രകടനം നടത്തുന്ന ചൗമേനിയെ വിട്ടുകൊടുക്കുന്നത് റയലിന് വലിയ പ്രതിസന്ധിയുണ്ടാക്കുമെന്നാണ് ടീം വൃത്തങ്ങള്‍ പറയുന്നത്. കരുത്തുറ്റ മധ്യനിരയില്ലാത്ത ടീമില്‍നിന്ന് ചൗമേനിയെ വിട്ടുനല്‍കിയാല്‍ പകരം ആരുവരും എന്ന ചോദ്യവുമുയരുന്നു. ഈവര്‍ഷം നടക്കുന്ന ഫുട്ബോള്‍ ലോകകപ്പില്‍ ഫ്രാന്‍സിന്റെ തുറുപ്പുചീട്ട് കൂടിയായിരിക്കും ചൗമേനി.
2022-ലാണ് ചൗമേനി റയല്‍ മഡ്രിഡിലെത്തിയത്. നേരത്തെ മൊണോക്കോയിലായിരുന്നു ചൗമേനി കളിച്ചിരുന്നത്. 2021 മുതല്‍ ഫ്രാന്‍സ് ടീമിലും അവിഭാജ്യഘടകവുമാണ്. റയല്‍ മഡ്രിഡിനൊപ്പം യുവേഫ ചാമ്പ്യന്‍സ് ലീഗ്, ലാലിഗ, കോപ്പ ഡെല്‍റേ, സൂപ്പര്‍കപ്പ്, ഫിഫ ക്ലബ്ബ് ലോകകപ്പ് തുടങ്ങിയവ നേടിയിട്ടുണ്ട്. 2022 ഫുട്ബോള്‍ ലോകകപ്പില്‍ റണ്ണറപ്പായ ഫ്രാന്‍സ് ടീമിലും അംഗമായിരുന്നു ചൗമേനി. ടീമിനൊപ്പം 2020-21 വര്‍ഷം യുവേഫ നേഷന്‍സ് ലീഗ് കിരീടവും ചൂടിയിട്ടുണ്ട്.
content highlights: Manchester United target Tchouameni