പ്രീമിയര്‍ ലീഗില്‍ മുന്‍ ചാമ്പ്യന്മാര്‍; വീണ്ടും തരംതാഴ്ത്തല്‍ ഭീഷണിയില്‍ ലെസ്റ്റര്‍ സിറ്റി

ഇന്നത്തെ മത്സരത്തില്‍ ഹള്‍ സിറ്റിയോട് തോറ്റാല്‍ ലെസ്റ്റര്‍ സിറ്റി ലീഗ് വണ്ണിലേക്ക് തരംതാഴ്ത്തപ്പെടും

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ പത്തുവര്‍ഷം മുമ്പൊരു വെടിക്കെട്ടുപോലെയായിരുന്നു ലെസ്റ്റര്‍ സിറ്റിയുടെ പ്രകടനം. എതിരാളികളെയെല്ലാം മലര്‍ത്തിയടിച്ച സംഘം. ലെസ്റ്ററിന് മുന്നിലെത്താന്‍ എതിരാളികള്‍ ഭയന്ന കാലം. അതായിരുന്നു പത്തുവര്‍ഷം മുമ്പത്തെ ലെസ്റ്റര്‍ സിറ്റി. 38 മത്സരങ്ങളില്‍ 23ലും ജയിച്ച ടീം, ആകെ തോറ്റത് മൂന്നുമത്സരം മാത്രം. 12 കളിയില്‍ സമനില. 81 പോയിന്റോടെയാണ് അന്ന് ലെസ്റ്റര്‍ സിറ്റി പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ജേതാക്കളായത്. രണ്ടാം സ്ഥാനത്തെത്തിയ ആഴ്‌സനലിനെക്കാള്‍ പത്ത് പോയിന്റ് അധികം. വമ്പന്മാരായ മാഞ്ചെസ്റ്റര്‍ സിറ്റിയും മാഞ്ചെസ്റ്റര്‍ യുണൈറ്റഡും ലിവര്‍പൂളും ചെല്‍സിയുമെല്ലാം ലെസ്റ്ററിന്റെ കുതിപ്പിനെ അവശ്വസനീയമായാണ് നോക്കിയത്.

കൃത്യം പത്തുവര്‍ഷത്തിനിപ്പുറം പക്ഷെ ലെസ്റ്റര്‍ സിറ്റിക്ക് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിനാവ് കാണാന്‍ പറ്റാവുന്നതിലുമധികം ദൂരെയാണ്. രണ്ടാംഡിവിഷനിലേക്ക് തരംതാഴ്ത്തപ്പെട്ട ടീം, അവിടെ 23-ാം സ്ഥാനത്താണുള്ളത്. ഇന്ന് രാത്രി നടക്കുന്ന മത്സരത്തില്‍ ഹള്‍ സിറ്റിയോട് തോറ്റാല്‍ ലെസ്റ്റര്‍ സിറ്റി മൂന്നാം ഡിവിഷനിലേക്ക് തരംതാഴ്ത്തപ്പെടും. ലെസ്റ്ററിന്റെ ചരിത്രത്തില്‍ ഇത് രണ്ടാംതവണയാകും ലീഗ് വണ്ണിലേക്ക് തരംതാഴ്ത്തപ്പെടുന്നത്. 2023ലും 2025ലും പ്രീമിയര്‍ ലീഗില്‍നിന്ന് പുറത്തായ ലെസ്റ്ററിന് ഇത് മൂന്നാമത്തെ തരംതാഴ്ത്തലുമാകും.

മൂന്നാം ഡിവിഷനിലേക്ക് തരംതാഴ്ത്തപ്പെട്ടാല്‍ പിന്നീട് ഉയര്‍ന്നുവരിക എന്നതായിരിക്കും ലെസ്റ്ററിന് മുന്നിലെ പ്രധാനവെല്ലുവിളി. മികച്ച ടീമിനെ സജ്ജമാക്കുക എന്ന വെല്ലുവിളിയെ എങ്ങനെ മറികടക്കാനാകുമെന്നാണ് ചോദ്യം. പാറ്റ്‌സണ്‍ ഡാക, സ്റ്റെഫി മവിഡിഡി, ഹംസ ചൗധുരി, ജോര്‍ദന്‍ ജെയിംസ് തുടങ്ങിയവരുള്‍പ്പെട്ടതാണ് ലെസ്റ്റര്‍ സിറ്റി സംഘം. ഇന്നത്തെ മത്സരം ജയിച്ചാല്‍ കടുത്ത അപമാനഭാരത്തില്‍നിന്ന് ലെസ്റ്റർ സിറ്റിക്ക് കരകയറാനാകും.

content highlight: Former champions in the Premier League; Leicester City again under threat of relegation

To advertise here,contact us