ഫുട്ബോള്‍ ആരാധകർ ഏറെ ഉറ്റുനോക്കിയിരുന്ന ബ്രസീൽ സൂപ്പർ താരം നെയ്മര്‍ ജൂനിയറിന്റെ ലോകകപ്പ് ടീമിലേക്കുള്ള പ്രവേശനത്തിൽ നിർണ്ണായക വെളിപ്പെടുത്തലുമായി ദേശീയ ടീം പരിശീലകൻ കാർലോ ആഞ്ചലോട്ടി. പരിക്കിന്റെ നീണ്ട ഇടവേളയ്ക്ക് ശേഷം കളിക്കളത്തിൽ തിരിച്ചെത്തിയ താരത്തിനു വരാനിരിക്കുന്ന ഫിഫ ലോകകപ്പിന് മുൻപ് പൂർണ്ണ കായികക്ഷമത കൈവരിക്കാൻ ഇനിയും സമയമുണ്ടെന്ന് ആഞ്ചലോട്ടി വ്യക്തമാക്കി.
'നെയ്മറിന് പഴയ ഫോമിലേക്ക് തിരിച്ചെത്താൻ 100 ശതമാനവും സാധിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ബ്രസീൽ ഫുട്ബോൾ കോൺഫെഡറേഷനും ഞാനും അദ്ദേഹത്തിന്റെ ഓരോ ചലനങ്ങളും സൂക്ഷ്മമായി വിലയിരുത്തുകയാണ്. ലോകകപ്പ് സ്ക്വാഡിൽ ഇടംനേടാൻ താൻ യോഗ്യനാണെന്ന് തെളിയിക്കാൻ നെയ്മർക്ക് മുന്നിൽ ഇനിയും രണ്ട് മാസത്തെ സമയമുണ്ട്', ഫ്രഞ്ച് മാധ്യമമായ 'ലക്വിപ്പിന്' നൽകിയ അഭിമുഖത്തിൽ ആഞ്ചലോട്ടി പറഞ്ഞു.
2023 മുതൽ കാൽമുട്ടിനേറ്റ പരിക്കിനെ തുടർന്ന് നെയ്മർക്ക് ദേശീയ ടീമിൽ നിന്ന് മാറിനിൽക്കേണ്ടി വന്നിരുന്നു. ഡിസംബറിൽ നടത്തിയ ശസ്ത്രക്രിയയ്ക്കും തുടർന്നുണ്ടായ പ്ലാസ്മ ചികിത്സകൾക്കും ശേഷം താരം മികച്ച രീതിയിൽ തിരിച്ചുവരികയാണെന്നും നിലവിൽ താരം ഗോളുകൾ കണ്ടെത്തുന്നത് ശുഭസൂചനയാണെന്നും ആഞ്ചലോട്ടി കൂട്ടിച്ചേർത്തു.
Content Highlights: Neymar has two months to prove World Cup quality, says Carlo Ancelotti