ഫുട്ബോൾ ലോകകപ്പിന് അരങ്ങുണരാൻ മാസങ്ങൾ മാത്രം ബാക്കിനിൽക്കെ അന്താരാഷ്ട്ര ഫുട്ബോളിൽ ഇന്ന് വമ്പൻ പോരാട്ടം. സൗഹൃദ പോരാട്ടത്തില് ബ്രസീൽ രാത്രി ഒന്നരയ്ക്ക് ഫ്രാൻസിനെ നേരിടും. ബോസ്റ്റണിലെ ഗില്ലറ്റ് സ്റ്റേഡിയത്തിലാണ് മത്സരം.
അവസാന അഞ്ച് കളിയിൽ രണ്ടിൽ മാത്രം ജയിച്ച ബ്രസീൽ ലോകകപ്പിന് യോഗ്യത നേടിയത് തെക്കേ അമേരക്കിയിലെ അഞ്ചാം സ്ഥാനക്കാരായാണ്. ഒന്നാം സ്ഥാനക്കാരായ അർജന്റീനയെക്കാൾ പത്ത് പോയിന്റ് പിന്നിലായിരുന്നു ബ്രസീൽ.
ആഞ്ചലോട്ടി പരിശീലകനായി എത്തിയിട്ടും ബ്രസീലിന്റെ കളിയിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല എന്നാണ് ആരാധകരുടെ ആശങ്ക. 11 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ബ്രസീലും ഫ്രാൻസും മുഖാമുഖംവരുന്നത്.
2015ൽ അവസാനം ഏറ്റുമുട്ടിയപ്പോൾ ഒന്നിനെതിരെ മൂന്ന് ഗോളിന് ജയം ബ്രസീലിനൊപ്പമായിരുന്നു. ഇതിന് ശേഷം ബ്രസീൽ പിന്നോക്കം പോയപ്പോൾ ഫ്രാൻസ് ബഹുദൂരം മുന്നിലെത്തി. 2018ലെ ലോകകപ്പ് നേടിയ ഫ്രാൻസ് ഖത്തറിൽ രണ്ടാം സ്ഥാനക്കാരുമായി. കിലിയൻ എംബാപ്പേ, ഒസ്മാൻ ഡെംബലേ മുന്നേറ്റനിരയെ പിടിച്ചുകെട്ടുയാവും ബ്രസീലിന്റെ പ്രധാന വെല്ലുവിളി.
പരിക്കിൽ നിന്ന് മോചിതനാവാത്ത നെയ്മർ ഇല്ലാതെ ഇറങ്ങുന്ന ബ്രസിൽ ഉറ്റുനോക്കുന്നത് റഫീഞ്ഞ, വിനിഷ്യസ് ജൂനിയർ, യാവോ പെഡ്രോ, മത്തേയൂസ് കൂഞ്ഞ എന്നിവരുടെ ബൂട്ടിലേക്കാണ്. കാസിമിറോ, സാന്റോസ്, ഡാനിലോ, മാർക്വീഞ്ഞോസ്, എഡേഴ്സൺ തുടങ്ങിയവരുടെ പരിചയസമ്പത്തിലും ബ്രസീലിന് പ്രതീക്ഷ.
പരിക്കേറ്റ ഗബ്രിയേൽ, അലിസൺ ബെക്കർ, അലക്സ് സാന്ദ്രോ എന്നിവ ബ്രസീൽ നിരയിലും ബാർകോള, കുണ്ടെ, സാലിബ എന്നിവർ ഫ്രഞ്ച് നിരയിലും ഉണ്ടാവില്ല.
Content Highlights:brazil vs france friendly match 2026 vinicius mbappe