ഇരട്ട ഗോളും അസിസ്റ്റുമായി കളം നിറഞ്ഞ് മെസ്സി! അറ്റ്‌ലാന്റയെ തകർത്ത് മയാമി

അറ്റ്‌ലാന്റ യുണൈറ്റഡിനെതിരെ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് മയാമിയുടെ വിജയം

ഇരട്ട ഗോളും അസിസ്റ്റുമായി കളം നിറഞ്ഞ് മെസ്സി! അറ്റ്‌ലാന്റയെ തകർത്ത് മയാമി അമേരിക്കൻ മേജർ ലീഗ് സോക്കറിൽ ഇന്റർ മയാമിക്ക് തകർപ്പൻ ജയം. അറ്റ്‌ലാന്റ യുണൈറ്റഡിനെതിരെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തോൽപ്പിച്ചാണ് മയാമിയുടെ ജയം .

ഇതിഹാസ താരം ലയണൽ മെസ്സിയുടെ മികച്ച പ്രകടനമായിരുന്നു മത്സരത്തിലുണ്ടായിരുന്നത്. ഇരട്ട ഗോളുകളും ഒരു അസിസ്റ്റും നേടിയാണ് മെസ്സി മയാമിയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചത്. മുൻ ബാഴ്‌സലോണ സഹതാരങ്ങളായ ജോർദി ആൽബയും ലൂയിസ് സുവാരസും ഓരോ ഗോൾ നേടി.

വെനസ്വേലക്കെതിരെയുള്ള ഇന്നലെ നടന്നസൗഹൃദ മത്സരം ഒഴിവാക്കിയാണ് മെസ്സി മയാമിക്ക് വേണ്ടി കളത്തിലിറങ്ങിയത്. ആ തീരുമാനം ശരിയാകുന്നതായിരുന്നു കളിയിലെ താരത്തിന്റെ പ്രകടനം. കളിയുടെ തുടക്കം മുതൽ ആക്രമിച്ചു കളിച്ച മയാമിക്കായി മെസ്സി നിരവധി അവസരങ്ങൾ സൃഷ്ടിച്ചു. ആദ്യ 20 മിനിറ്റിനുള്ളിൽ തന്നെ അറ്റ്‌ലാന്റ ഗോൾകീപ്പർ ജെയ്ഡൻ ഹിബ്ബെർട്ടിനെ പലതവണ പരീക്ഷിക്കാൻ അദ്ദേഹത്തിനായി.

ഒടുവിൽ 39-ാം മിനിറ്റിൽ മെസ്സി സ്‌കോർബോർഡ് ചലിപ്പിച്ചു. ബൽത്തസാർ റോഡ്രിഗസിന്റെ പാസിൽ നിന്ന് ബോക്‌സിന്റെ വലതുഭാഗത്തുനിന്നും തൊടുത്ത മനോഹരമായ ഷോട്ടിലൂടെയാണ് മെസ്സി ടീമിനെ മുന്നിലെത്തിച്ചത്.

രണ്ടാം പകുതിയിലും മയാമി ആധിപത്യം തുടർന്നു. 52ാം മിനിറ്റിൽ മൈതാനമധ്യത്തുനിന്നുള്ള അതിമനോഹരമായ ലോങ് പാസ് സ്വീകരിച്ച് മുന്നേറിയ ജോർദി ആൽബ, ഗോൾകീപ്പറെ കബളിപ്പിച്ച് പന്ത് വലയിലെത്തിച്ചു. 61-ാം മിനിറ്റിലായിരുന്നു ലൂയിസ് സുവാരസിന്റെ ഗോൾ. ബോക്‌സിന് പുറത്തുനിന്നുള്ള കിടിലൻ വോളിയിലൂടെ സുവാരസ് മയാമിയുടെ ലീഡ് മൂന്നാക്കി ഉയർത്തി. കളിയുടെ 87-ാം മിനിറ്റിൽ ജോർഡി ആൽബയുടെ പാസിൽ നിന്ന് തന്റെ രണ്ടാം ഗോൾ നേടിക്കൊണ്ട് മെസ്സി മയാമിയുടെ ഗോൾ പട്ടിക പൂർത്തിയാക്കി.

ഈ തകർപ്പൻ വിജയത്തോടെ, എംഎൽഎസ് ഈസ്റ്റേൺ കോൺഫറൻസിൽ രണ്ടാം സ്ഥാനക്കാരായി പ്ലേ ഓഫിൽ കടക്കാനുള്ള സാധ്യതകൾ ഇന്റർ മയാമി സജീവമാക്കി.

Content Highlight- Lionel Messi Scored 2 goals As Inter Miami won against Atlanta

To advertise here,contact us