15 ഓവർ ബാക്കിനിൽക്കെ സമനിലക്ക് കൈകൊടുത്തത് എന്തിന്?; ഗില്ലിനെതിരെ ശ്രീകാന്ത്

ശുഭ്മാൻ ഗില്ലിന്‍റെ തീരുമാനത്തിനെതിരെ വിമർശനവുമായി മുൻ ഇന്ത്യൻ ക്യാപ്റ്റനും ചീഫ് സെലക്ടറുമായിരുന്ന കൃഷ്ണമാചാരി ശ്രീകാന്ത്.

INDIAN CRICKET

ന്യൂസിലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ അവസാന ദിനം 15 ഓവർ എറിയാൻ ബാക്കിനിൽക്കെ സമനിലയ്ക്ക് സമ്മതിച്ച് മത്സരം അവസാനിപ്പിച്ച ഇന്ത്യൻ നായകൻ ശുഭ്മാൻ ഗില്ലിന്‍റെ തീരുമാനത്തിനെതിരെവിമർശനവുമായി മുൻ ഇന്ത്യൻ ക്യാപ്റ്റനും ചീഫ് സെലക്ടറുമായിരുന്ന കൃഷ്ണമാചാരി ശ്രീകാന്ത്. വിജയസാധ്യത മുന്നിലുണ്ടായിട്ടും ഇന്ത്യ അത് വേണ്ടെന്നുവെച്ചുവെന്ന് ശ്രീകാന്ത് തന്‍റെ യൂട്യൂബ് ചാനലിൽ കുറ്റപ്പെടുത്തി.

ഒരു മണിക്കൂർ ബാക്കിനിൽക്കെ എന്തിനാണ് ഇരു ടീമുകളും കൈകൊടുത്ത് പിരിഞ്ഞത്?. ഒരു മണിക്കൂറിനുള്ളിൽ അഞ്ച് വിക്കറ്റ് വീഴ്ത്താൻ കഴിയില്ലേ? ഞാനായിരുന്നെങ്കിൽ വിജയത്തിനായി തന്നെ ശ്രമിക്കുമായിരുന്നു. ബൗളർമാർ ക്ഷീണിതരാണെന്നത് ശരിതന്നെ, പക്ഷേ നിങ്ങൾ വിജയത്തിന് തൊട്ടടുത്തായിരുന്നു. ഒരു വിക്കറ്റ് കൂടി വീഴ്ത്താൻ കഴിഞ്ഞിരുന്നെങ്കിൽ ന്യൂസിലൻഡിന്‍റെ വാലറ്റക്കാർ മാത്രമേ ബാറ്റ് ചെയ്യാൻ ഉണ്ടാകുമായിരുന്നുള്ളൂ. എന്നിട്ടും എന്തിനാണ് സമനിലയ്ക്ക് വഴങ്ങിയതെന്ന് മനസ്സിലാകുന്നില്ലെന്നും ശ്രീകാന്ത് പറഞ്ഞു.

വെല്ലിംഗ്ടണിലെ ബേസിൻ റിസർവിൽ നടന്ന മത്സരത്തിന്‍റെ അഞ്ചാം ദിനം ന്യൂസിലൻഡ് രണ്ടാം ഇന്നിംഗ്‌സിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 239 റൺസെടുത്ത് നിൽക്കുമ്പോഴാണ് ഇരു ടീമുകളും സമനിലക്ക് സമ്മതിച്ച് കൈകൊടുത്ത് പിരിഞ്ഞത്. അപ്പോഴും ഇന്നിംഗ്‌സ് തോൽവി ഒഴിവാക്കാൻ ന്യൂസിലൻഡിന് 113 റൺസ് കൂടി വേണമായിരുന്നു. 186 പന്തിൽ 49 റൺസെടുത്ത ഡാരിൽ മിച്ചലും 126 പന്തിൽ 26 റൺസെടുത്ത ഗ്ലെൻ ഫിലിപ്‌സുമായിരുന്നു ക്രീസിൽ. ഇവർക്ക് ശേഷം ബൗളർമാർ മാത്രമാണ് ന്യൂസിലൻഡ് നിരയിൽ ബാറ്റ് ചെയ്യാനുണ്ടായിരുന്നത്.

content highlights: Former Indian captain and chief selector Krishnamachari Srikkanth strongly criticized Test skipper Shubman Gill for shaking hands for an early draw with 15 overs still remaining on Day 5 of the first Test against New Zealand in Wellington.

To advertise here,contact us