2027-ലെ ഐ.പി.എല്‍ സീസണിനായുള്ള താരലേലത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ലേലമേശയില്‍ മഹേന്ദ്ര സിംഗ് ധോണി ഉണ്ടാകില്ലെന്ന് മുന്‍ ഇന്ത്യന്‍ പേസര്‍ ഇര്ഫാന് പഠാന്. ലേലനടപടികളില്‍ ഇടപെടുന്നതിനേക്കാള്‍ കളിക്കാര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്കുന്ന 'മെന്റര്‍' എന്ന റോളിലായിരിക്കും ധോണി ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. ഡിസംബര്‍ 16-ന് ഗോവയിലാണ് ഐ.പി.എല്‍ താരലേലം നടക്കുന്നത്. വരാനിരിക്കുന്ന സീസണിലേക്കുള്ള താരങ്ങളെ നിലനിര്‍ത്തുന്നതുമായി ബന്ധപ്പെട്ട് നടന്ന സംഭാഷണങ്ങള്‍ക്കിടെ വിരമിക്കാനുള്ള ആഗ്രഹം ധോണി പ്രകടിപ്പിച്ചതോടെയാണ്, ഈ മാസം ആദ്യം അദ്ദേഹത്തെ സി.എസ്.കെയുടെ മെന്ററായി നിയമിച്ചത്. ഇതോടെ താരമെന്ന നിലയിലുള്ള ധോണിയുടെ ഐ.പി.എല്‍ കരിയറിന് തിരശ്ശീല വീണിരുന്നു. 2008-നും 2026-നും ഇടയിലുള്ള 19 ഐ.പി.എല്‍ സീസണുകളില്‍ 17 എണ്ണത്തിലും ധോണി ചെന്നൈ സൂപ്പര്‍ കിംഗ്സിനായി കളിച്ചു. സി.എസ്.കെയ്ക്ക് വിലക്കുണ്ടായിരുന്ന 2016, 2017 സീസണുകളില്‍ മാത്രമാണ് അദ്ദേഹം റൈസിംഗ് പൂനെ സൂപ്പര്‍ജയന്റിനായി കളിച്ചത്.
'ധോണിയെ അറിയാവുന്നതുകൊണ്ട് അദ്ദേഹം ലേലമേശയില്‍ ഇരിക്കുമെന്ന് ഞാന്‍ കരുതുന്നില്ല. അദ്ദേഹം ടീമിന്റെ മെന്ററാണ്, ലേലമേശയില്‍ ഇരിക്കുക എന്നത് അദ്ദേഹത്തിന്റെ റോളല്ല. കളിക്കാര്‍ക്ക് വഴികാട്ടുക, തന്റെ അനുഭവസമ്പത്ത് അവര്‍ക്ക് പകര്‍ന്നുനല്‍കുക, മികച്ച പ്രകടനം നടത്താന്‍ അവരെ സഹായിക്കുക, സി.എസ്.കെയ്ക്കായി എങ്ങനെ മത്സരങ്ങള്‍ ജയിക്കാമെന്ന് പഠിപ്പിക്കുക എന്നിവയാണ് അദ്ദേഹത്തിന്റെ ജോലി. ലേലവും അതുമായി ബന്ധപ്പെട്ട തീരുമാനങ്ങളും മാനേജ്മെന്റിന് വിട്ടുകൊടുത്തിരിക്കുകയാണ്' -പഠാന് പറഞ്ഞു.
'കാര്യങ്ങള്‍ ലളിതമായി കൊണ്ടുപോകാനും, ഓരോ ജോലിയും കൃത്യമായി അറിയാവുന്നവരെക്കൊണ്ട് അത് ചെയ്യിക്കാനുമാണ് അദ്ദേഹം ഇഷ്ടപ്പെടുന്നത്. വര്‍ഷങ്ങളായി കിരീടം നേടുന്ന ടീമുകളെ കെട്ടിപ്പടുത്ത ശക്തമായ ഒരു മാനേജ്മെന്റും തിങ്ക് ടാങ്കും സി.എസ്.കെയ്ക്കുണ്ട്, ധോണി എപ്പോഴും അവരില്‍ പൂര്‍ണ്ണ വിശ്വാസമര്‍പ്പിച്ചിട്ടുണ്ട്' അഞ്ച് തവണ ഐ.പി.എല്‍ കിരീടം നേടിയ നായകനെ പരാമര്‍ശിച്ചുകൊണ്ട് പഠാന് കൂട്ടിച്ചേര്‍ത്തു. പ്രശസ്തിക്ക് പിന്നാലെ പോകുന്നയാളല്ല ധോണിയെന്നും, കളത്തിന് പുറത്തുള്ള തീരുമാനങ്ങളുടെ ക്രെഡിറ്റ് എടുക്കാന്‍ അദ്ദേഹം ആഗ്രഹിക്കാറില്ലെന്നും, പുതിയ റോളില്‍ തിരശ്ശീലയ്ക്ക് പിന്നില്‍ നിശബ്ദമായി പ്രവര്‍ത്തിക്കാനായിരിക്കും അദ്ദേഹം ഇഷ്ടപ്പെടുകയെന്നും പത്താന് അഭിപ്രായപ്പെട്ടു.
'അതുകൊണ്ട് സി.എസ്.കെയുടെ ലേലമേശയില്‍ അദ്ദേഹത്തെ കണ്ടാല്‍ ഞാന്‍ അത്ഭുതപ്പെടും. മെന്റര്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റേതായ രീതിയില്‍ ഇടപെടലുകള്‍ ഉണ്ടാകും, പക്ഷേ അത് തിരശ്ശീലയ്ക്ക് പിന്നിലായിരിക്കും, ലേലമേശയിലായിരിക്കില്ല' -പഠാന് വ്യക്തമാക്കി.
കഴിഞ്ഞ മൂന്ന് സീസണുകളിലും സി.എസ്.കെയ്ക്ക് പ്ലേഓഫില്‍ എത്താന്‍ സാധിച്ചിരുന്നില്ല. യുവതാരങ്ങളില്‍ ടീം നടത്തിയ പരീക്ഷണങ്ങള്‍ വിജയിച്ചില്ലെന്നും, വലിയ തുകയ്ക്ക് വാങ്ങിയ പല താരങ്ങളും പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നില്ലെന്നും മുന്‍ ഇന്ത്യന്‍ ബാറ്റര്‍ അഭിനവ് മുകുന്ദ് അഭിപ്രായപ്പെട്ടു. 'യുവതാരങ്ങളെ വെച്ചുള്ള ചെന്നൈയുടെ പരീക്ഷണം ഫലം കണ്ടില്ല. 14.2 കോടി രൂപയ്ക്ക് വാങ്ങിയ പ്രശാന്ത് വീറിന് മികച്ച പ്രകടനം നടത്താനായില്ല. എന്നാല്‍ അദ്ദേഹത്തിന് പന്തെറിയാന്‍ വേണ്ടത്ര അവസരം ലഭിച്ചില്ല എന്നതിനാല്‍ താരത്തെ പൂര്‍ണ്ണമായും കുറ്റപ്പെടുത്താനാവില്ല. ഇപ്പോള്‍ താരത്തെ റിലീസ് ചെയ്തതിലൂടെ ആ പണം ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്' -മുകുന്ദ് പറഞ്ഞു.
'14 കോടി രൂപയ്ക്ക് വാങ്ങിയ മറ്റൊരു താരമായ കാര്‍ത്തിക് ശര്‍മ്മ ചില മാച്ച് വിന്നിംഗ് ഇന്നിംഗ്സുകള്‍ കളിച്ചതിനാല്‍ ടീം നിലനിര്‍ത്തിയിട്ടുണ്ട്. എങ്കിലും സി.എസ്.കെ നിരയില്‍ ഇന്ത്യന്‍ ടോപ്പ് ഓര്‍ഡര്‍ ബാറ്റര്‍മാരുടെ അതിപ്രസരമുണ്ട്. ഋതുരാജ് ഗെയ്ക്വാദ്, സഞ്ജു സാംസണ്, ആയുഷ് മാത്രെ, ഡെവാള്‍ഡ് ബ്രെവിസ്, കാര്‍ത്തിക് ശര്‍മ്മ, ഉര്‍വില്‍ പട്ടേല്‍, സര്‍ഫറാസ് ഖാന് എന്നിവരെയെല്ലാം ഒരു പ്ലേയിംഗ് ഇലവനില്‍ ഉള്‍ക്കൊള്ളിക്കാന്‍ അവര്‍ക്ക് കഴിയില്ല.' ബൗളിംഗ് നിരയാണ് സി.എസ്.കെയുടെ ഏറ്റവും വലിയ ആശങ്കയെന്ന് ചൂണ്ടിക്കാട്ടിയ മുകുന്ദ്, തങ്ങളുടെ പക്കലുള്ള അധിക ബാറ്റര്‍മാരെ ഉപയോഗിച്ച് താരലേലത്തില്‍ ബൗളിംഗ് വിഭാഗം ശക്തിപ്പെടുത്താന്‍ ഫ്രാഞ്ചൈസിക്ക് സാധിക്കുമെന്നും അഭിപ്രായപ്പെട്ടു.
'അവരുടെ പ്രധാന പ്രശ്നം ബൗളിംഗാണ്. ലിയാം ലിവിംഗ്സ്റ്റണിന്റെ വരവോടെ അദ്ദേഹവും ഡെവാള്‍ഡ് ബ്രെവിസും നൂര്‍ അഹമ്മദും പ്ലേയിംഗ് ഇലവനില്‍ ഉറപ്പായും ഉണ്ടാകും. നാലാമത്തെ വിദേശ താരമായി ജാമി ഓവര്ട്ടണ് വരാനാണ് സാധ്യത. ഇതോടെ അകീല്‍ ഹൊസൈനെയും നൂറിനെയും ഒരുമിച്ച് കളിപ്പിക്കുന്നത് പ്രയാസമാകും.'
'സി.എസ്.കെ ഒരു ഇന്ത്യന്‍ സ്പിന്നറെ തേടുന്നുണ്ട്. അവരുടെ ബൗളിംഗ് നിര ദുര്‍ബലമാണെങ്കിലും, പകരം നല്കാന് അവരുടെ പക്കല്‍ മികച്ച ബാറ്റര്‍മാരുണ്ട്. ഏതെങ്കിലും ടീമിന് ഒരു ബൗളറെ കൈമാറാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍, പകരം ഒരു ബാറ്ററെ നല്കാന് സി.എസ്.കെയ്ക്ക് സാധിക്കും. ലേലത്തില്‍ അവര്‍ ബൗളിംഗ് നിര ശക്തിപ്പെടുത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്' -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
content highlights: 'Won't See Dhoni at the Auction, He Has a Huge Responsibility': Irfan Pathan