'വന്ന് പന്തെറിയൂ' സഹതാരത്തോടുള്ള ഗില്ലിന്റെ ദേഷ്യപ്രകടനത്തിന് പിന്നാലെ അജിങ്ക്യ രഹാനെയുടെ ഉപദേശം

ഒന്നാം ടെസ്റ്റിന്റെ അഞ്ചാം ദിനത്തില്‍ പേസര്‍ ആകാശ് ദീപിനോടാണ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ പരസ്യമായി ദേഷ്യപ്പെട്ടത്

അജിൻക്യ രഹാനെ, ശുഭ്മാൻ ഗിൽ

വെല്ലിംഗ്ടണില്‍ ന്യൂസിലന്‍ഡിനെതിരെ സമനിലയില്‍ അവസാനിച്ച ഒന്നാം ടെസ്റ്റിന്റെ അഞ്ചാം ദിനത്തില്‍ പേസര്‍ ആകാശ് ദീപിനോട് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ പരസ്യമായി ദേഷ്യപ്പെട്ട സംഭവത്തെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ ബാറ്റര്‍ അജിങ്ക്യ രഹാനെ. ന്യൂസീലന്‍ഡിന്റെ രണ്ടാം ഇന്നിംഗ്സിലെ 71-ാം ഓവറിലെ ആദ്യ പന്തിലായിരുന്നു വിവാദമായ ഈ സംഭവം നടന്നത്. രണ്ടാം സെഷനില്‍ ഡാരില്‍ മിച്ചലും ടോം ബ്ലണ്ടലും ബാറ്റ് ചെയ്യുകയായിരുന്നു. വാഷിംഗ്ടണ്‍ സുന്ദറിന്റെ പന്ത് മിഡ്-ഓണിലേക്ക് തട്ടിയിട്ട മിച്ചല്‍ അതിവേഗം ഒരു റണ്ണിനായി ഓടി. എന്നാല്‍ മിച്ചല്‍ ക്രീസിന്റെ പകുതി ദൂരം പിന്നിട്ടപ്പോള്‍ ബ്ലണ്ടല്‍ അദ്ദേഹത്തെ തിരിച്ചയച്ചു.

മിഡ്-ഓണില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന ആകാശ് ദീപിന് പന്ത് കൃത്യമായി കൈയിലൊതുക്കാനോ സമയത്തിന് സ്‌ട്രൈക്കറുടെ എന്‍ഡിലേക്ക് എറിയാനോ സാധിക്കാതെ വന്നതോടെ സുവര്‍ണ്ണാവസരമായിരുന്ന ഒരു റണ്ണൗട്ട് നഷ്ടമായി. ഈ അവസരം നഷ്ടപ്പെടുത്തിയതില്‍ കടുത്ത നിരാശനായ ഗില്‍ ആകാശ് ദീപിനെ ശകാരിക്കുകയായിരുന്നു. മത്സരത്തില്‍ നിര്‍ണ്ണായകമായ ഈ നിമിഷത്തിന് ശേഷം പുറത്താകാതെ 49 റണ്‍സ് നേടിയ മിച്ചല്‍ ന്യൂസിലന്‍ഡിനെ തോല്‍വിയില്‍ നിന്ന് രക്ഷിക്കുകയും ചെയ്തു.

പേസറെ ശകാരിച്ച ഗില്ലിന്റെ നടപടിയില്‍ രഹാനെ അതൃപ്തി രേഖപ്പെടുത്തി. താരത്തെ ശകാരിക്കുന്നതിന് പകരം പിന്തുണയ്ക്കുകയാണ് വേണ്ടിയിരുന്നതെന്നും, ഇത്തരം പെരുമാറ്റം ഒരു ബൗളര്‍ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ആത്മവിശ്വാസത്തെ ബാധിക്കുമെന്നും രഹാനെ പറഞ്ഞു. 'പന്തിലേക്ക് ശ്രദ്ധിക്കുന്നതിന് പകരം, എവിടെയാണ് പന്തെറിയേണ്ടത് എന്നതിലേക്കായിരിക്കും ആ സമയത്ത് ചിന്ത പോവുക. അത്തരം പിഴവുകള്‍ സംഭവിക്കാം, പക്ഷേ അതിനുശേഷം ആ ഫീല്‍ഡര്‍ക്ക് സഹതാരങ്ങളുടെ പിന്തുണ വളരെ പ്രധാനമാണ്. ആ നിമിഷത്തില്‍ ആകാശ് ദീപിന് അതാണ് ആവശ്യമുണ്ടായിരുന്നത്'വന്ന് പന്തെറിയൂ, നിങ്ങളാണ് ഞങ്ങള്‍ക്ക് വിക്കറ്റ് നേടിത്തരിക' എന്ന് പറയണമായിരുന്നു. സംഭവിച്ചുപോയ കാര്യത്തെക്കുറിച്ച് ഒന്നും ചെയ്യാന്‍ കഴിയാത്തതിനാല്‍ ആ നിമിഷം മറന്ന് അദ്ദേഹത്തെ പിന്തുണയ്ക്കുകയാണ് വേണ്ടത്. വര്‍ത്തമാനകാലത്തിലേക്ക് തിരികെ വന്നാല്‍, ഒരുപക്ഷേ അടുത്ത നിമിഷം അദ്ദേഹം ഒരു തകര്‍പ്പന്‍ ക്യാച്ച് എടുത്തേക്കാം അല്ലെങ്കില്‍ രണ്ട് മികച്ച പന്തുകള്‍ എറിഞ്ഞ് വിക്കറ്റ് വീഴ്ത്തിയേക്കാം. അതുകൊണ്ട് പിന്തുണ വളരെ പ്രധാനമാണ്' -രഹാനെ പറഞ്ഞു.

അതേസമയം, മിച്ചലും ഗ്ലെന്‍ ഫിലിപ്‌സും ചേര്‍ന്ന് നേടിയ 63 റണ്‍സിന്റെ കൂട്ടുകെട്ടിന്റെ ബലത്തില്‍ ന്യൂസീലന്‍ഡ് 239/5 എന്ന നിലയില്‍ കളി അവസാനിപ്പിച്ചതോടെ ബേസിന്‍ റിസര്‍വില്‍ ചരിത്രവിജയം നേടാമെന്ന ഇന്ത്യയുടെ പ്രതീക്ഷകള്‍ അവസാനിച്ചു.

content highlights: 'Come and Bowl': Ajinkya Rahane Advises Shubman Gill After On-Field Outburst at Teammate

To advertise here,contact us