'ഞങ്ങളുടെ വെടിക്കെട്ടിന് കാരണം സഞ്ജുവിന്റെ തീരുമാനം'; വെളിപ്പെടുത്തലുമായി അഭിഷേക്

ന്യൂസിലൻഡിനെതിരായ മൂന്നാം ടി20 മത്സരത്തിൽ ഇന്ത്യയുടെ തകർപ്പൻ ജയത്തിന് പിന്നാലെ മലയാളി താരം സഞ്ജു സാംസണെ പുകഴ്ത്തി അഭിഷേക് ശർമ.

ന്യൂസിലൻഡിനെതിരായ മൂന്നാം ടി20 മത്സരത്തിൽ ഇന്ത്യയുടെ തകർപ്പൻ ജയത്തിന് പിന്നാലെ മലയാളി താരം സഞ്ജു സാംസണെ പുകഴ്ത്തി അഭിഷേക് ശർമ. യുവതാരം വൈഭവ് സൂര്യവംശിക്ക് വേണ്ടി സ്വന്തം ഓപ്പണിങ് സ്ഥാനം വിട്ടുനൽകിയ സഞ്ജുവിന്‍റെ തീരുമാനമാണ് ടീമിന് ഭയമില്ലാതെ കളിക്കാനുള്ള പ്രചോദനം നൽകിയതെന്ന് അഭിഷേക് പറഞ്ഞു.

വെല്ലിംഗ്ടണിൽ നടന്ന മത്സരത്തിൽ 199 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ വെറും 13.2 ഓവറിൽ ലക്ഷ്യം മറികടന്നിരുന്നു. അഭിഷേക് ശർമ്മ 38 പന്തിൽ 113 റൺസും വൈഭവ് സൂര്യവംശി 19 പന്തിൽ 45 റൺസും അടിച്ചുകൂട്ടി. പവർപ്ലേയിൽ വിക്കറ്റ് നഷ്ടപ്പെടാതെ 118 റൺസ് നേടിയ ഇന്ത്യ, ട്വന്റി-20 ക്രിക്കറ്റിലെ തന്നെ ഏറ്റവും ഉയർന്ന പവർപ്ലേ സ്കോറെന്ന റെക്കോർഡും സ്വന്തമാക്കി.

മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കവെ താൻ നേടിയ സെഞ്ചുറിയേക്കാൾ ഉപരി സഞ്ജു സാംസൺ ടീമിനായി ചെയ്ത ത്യാഗത്തെക്കുറിച്ചാണ് അഭിഷേക് ഊന്നിപ്പറഞ്ഞത്. സഞ്ജു ഭായിയും ഞാനുമാണ് മുൻപത്തെ മത്സരങ്ങളിൽ ഓപ്പൺ ചെയ്തിരുന്നത്. എന്നാൽ ഇന്ന് വൈഭവിന് വേണ്ടി അദ്ദേഹം തന്‍റെ ബാറ്റിംഗ് സ്ഥാനം മാറിക്കൊടുത്തു, അഭിഷേക് പറഞ്ഞു.

'സഞ്ജു ഭായി തികച്ചും സ്വാർത്ഥതയില്ലാത്ത കളിക്കാരനാണ്. മുൻ മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തിയിട്ടും ടീമിന്‍റെ നല്ല കോമ്പിനേഷന് വേണ്ടി അദ്ദേഹം മൂന്നാം നമ്പറിലേക്ക് ഇറങ്ങാൻ തയ്യാറായി. ഡ്രസ്സിംഗ് റൂമിലെ ഇത്തരം നല്ല അന്തരീക്ഷമാണ് എല്ലാവർക്കും ക്രീസിൽ പോയി സ്വതന്ത്രമായി ബാറ്റ് ചെയ്യാൻ കരുത്തു നൽകുന്നതെന്നും' അഭിഷേക് വ്യക്തമാക്കി.

content highlights: abhishek sharma reveals sanju samson decision behindv fireworks ind vs nz

To advertise here,contact us