മുഹമ്മദ് ഷമിയെ ഒഴിവാക്കിയതില്‍ സുതാര്യതയില്ല; ബിസിസിഐക്കെതിരെ രൂക്ഷവിമര്‍ശനം

ന്യൂസീലന്‍ഡ് ബാറ്റര്‍മാര്‍ ഏറെ ഭയക്കുന്ന ബൗളറാണ് മുഹമ്മദ് ഷമിയെന്ന് മുന്‍ ക്രിക്കറ്റര്‍ മുഹമ്മദ് കൈഫ്

വരാനിരിക്കുന്ന ന്യൂസീലന്‍ഡ് പര്യടനത്തില്‍, പ്രത്യേകിച്ച് രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയില്‍ നിന്ന് മുതിര്‍ന്ന പേസര്‍ മുഹമ്മദ് ഷമിയെ ഒഴിവാക്കിയത് ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്ത് വലിയ ചോദ്യമുയര്‍ത്തിയിരിക്കുകയാണ്. കഴിഞ്ഞ ഒരു വര്‍ഷമായി ആഭ്യന്തര ക്രിക്കറ്റില്‍ തകര്‍പ്പന്‍ ഫോമിലുള്ള 36-കാരനായ ഷമി, ഈ ആഴ്ച ആദ്യത്തില്‍ ഡല്‍ഹിക്കെതിരായ ബംഗാളിന്റെ രഞ്ജി ട്രോഫി സീസണ്‍ ഓപ്പണറില്‍ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. എന്നിരുന്നാലും, അന്‍ഷുല്‍ കംബോജ്, ആകാശ് ദീപ് എന്നിവര്‍ക്ക് അവസരം നല്‍കിയ സെലക്ടര്‍മാര്‍ ഷമിയെ വീണ്ടും തള്ളിക്കളയുകയായിരുന്നു.

ഷമിയെ ടീമില്‍ നിന്ന് ഒഴിവാക്കിയതിനെക്കുറിച്ച് സംസാരിക്കവേ, മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ് സെലക്ഷന്‍ പ്രക്രിയയില്‍ സുതാര്യത വേണമെന്ന് ആവശ്യപ്പെടുകയും, ടീമില്‍ നിന്നുള്ള അദ്ദേഹത്തിന്റെ തുടര്‍ച്ചയായ അപമാനത്തിന് പിന്നിലെ കാരണം ബിസിസിഐയിലെ ആരോടെങ്കിലും വ്യക്തമാക്കണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു.

'സെലക്ടര്‍മാര്‍ അദ്ദേഹത്തിന് മുകളിലൂടെ മുന്നോട്ട് പോയി എന്ന തരത്തിലുള്ള വാര്‍ത്തകള്‍ ഞാന്‍ എവിടെയോ കേട്ടിരുന്നു. ഈ ദിവസങ്ങളില്‍ ആരും കാര്യങ്ങള്‍ നേരിട്ട് പറയാറില്ല. ഒരു ടീമിനെ തിരഞ്ഞെടുക്കുമ്പോള്‍, ടീം ഫൈനലൈസ് ചെയ്തതായി അറിയിക്കുന്ന ഒരു കത്ത് മാത്രമാണ് നിങ്ങള്‍ക്ക് ലഭിക്കുക. അത്രമാത്രം, നിങ്ങള്‍ക്ക് ഇമെയില്‍ പരിശോധിക്കാം. പത്രക്കുറിപ്പുകളോ ചോദ്യോത്തര വേളകളോ ഒന്നും ഉണ്ടാകാറില്ല. ഒരു തീരുമാനത്തിന് പിന്നിലെ കാരണങ്ങള്‍ വിശദീകരിക്കാന്‍ ഒരു സെലക്ടറോ ബിസിസിഐ ഭാരവാഹിയോ മുന്നോട്ട് വരുന്നില്ല. ഇവിടെ വ്യക്തമായ സുതാര്യത വേണം. ഇപ്പോള്‍ മുഹമ്മദ് ഷമിയുടെ കാര്യം പറയുകയാണെങ്കില്‍, ലോകകപ്പില്‍ തന്റെ മികവ് തെളിയിച്ച കളിക്കാരനാണ് അദ്ദേഹം. 2023 ലോകകപ്പില്‍ മുഹമ്മദ് ഷമി ഇല്ലായിരുന്നുവെങ്കില്‍ ഇന്ത്യ ലോകകപ്പ് ഫൈനലില്‍ എത്തില്ലായിരുന്നു' -കൈഫ് പറഞ്ഞു.

കൂടുതല്‍ ഓവറുകള്‍ നീളുന്ന സ്‌പെല്ലുകള്‍ എറിയാന്‍ സാധിക്കാത്തതിനാലാണ് ഷമിയെ ഒഴിവാക്കിയതെന്ന റിപ്പോര്‍ട്ടുകളോടും കൈഫ് പ്രതികരിച്ചു. ജസ്പ്രീത് ബുംറയും ചെറിയ സ്‌പെല്ലുകളിലാണ് പന്തെറിയുന്നതെന്നും എന്നാല്‍ അത് വിക്കറ്റുകള്‍ വീഴ്ത്താനുള്ള അദ്ദേഹത്തിന്റെ ശേഷിയെ ബാധിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 'ഷമി ചെറിയ സ്‌പെല്ലുകള്‍ മാത്രമാണ് എറിയുന്നത് എന്നതിനാലാണ് അദ്ദേഹത്തെ തിരഞ്ഞെടുക്കാത്തതെന്ന് ഞാന്‍ എവിടെയോ വായിച്ചു. ജസ്പ്രീത് ബുംറയും ചെറിയ സ്‌പെല്ലുകളിലാണ് പന്തെറിയുന്നത്, അതിനുശേഷം അദ്ദേഹത്തിന് വിശ്രമം ലഭിക്കുന്നുണ്ട്. ഇംഗ്ലണ്ടില്‍ അദ്ദേഹത്തിന്റെ വര്‍ക്ക്‌ലോഡ് നിയന്ത്രിച്ചപ്പോള്‍ ശുഭ്മന്‍ ഗില്ലിന് അദ്ദേഹത്തെ ചെറിയ സ്‌പെല്ലുകളില്‍ ഉപയോഗിക്കേണ്ടി വന്നിട്ടുണ്ട്. അതിനാല്‍ ഷമി ചെറിയ സ്‌പെല്ലുകള്‍ എറിയുന്നുവെങ്കില്‍ അതില്‍ എന്താണ് പ്രശ്‌നം? ചെറിയ സ്‌പെല്ലുകള്‍ കൊണ്ടും അദ്ദേഹത്തിന് തന്റെ ജോലി കൃത്യമായി ചെയ്യാന്‍ സാധിക്കും' -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഷമിക്കെതിരെ മികച്ച റെക്കോര്‍ഡ് ഇല്ലാത്തതിനാല്‍, അദ്ദേഹത്തെ നേരിടേണ്ടി വരില്ലെന്നത് ന്യൂസിലാന്‍ഡ് ബാറ്റര്‍മാര്‍ക്ക് വലിയ ആശ്വാസമായിരിക്കുമെന്നും കൈഫ് വ്യക്തമാക്കി. 'നിങ്ങള്‍ ന്യൂസീലന്‍ഡ് ബാറ്റര്‍മാരുടെ അടുത്ത് പോയി അഭിമുഖീകരിക്കാന്‍ ആഗ്രഹിക്കാത്ത ബൗളര്‍ ആരാണെന്ന് ചോദിച്ചു നോക്കൂ. അവര്‍ ആദ്യം പറയുന്ന പേര് മുഹമ്മദ് ഷമിയുടേതായിരിക്കും. 2023 ഏകദിന ലോകകപ്പില്‍ ധര്‍മ്മശാലയിലും വാംഖഡെയിലെ സെമിഫൈനലിലും അവര്‍ക്കെതിരെ ഒറ്റയ്ക്ക് മത്സരം ജയിപ്പിച്ചു തന്ന താരമാണ് അദ്ദേഹം. ഞാന്‍ നിങ്ങളോട് പറയുകയാണ്, മുഹമ്മദ് ഷമി വരുന്നില്ലെന്ന് അറിഞ്ഞാല്‍ ന്യൂസിലാന്‍ഡ് ബാറ്റര്‍മാര്‍ തീര്‍ച്ചയായും ആശ്വാസനിശ്വാസം ഉതിര്‍ക്കും' -കൈഫ് പറഞ്ഞു. 2025-ല്‍ ദുബായില്‍ നടന്ന ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ന്യൂസീലന്‍ഡിനെതിരെയാണ് ഷമി അവസാനമായി ഇന്ത്യക്കായി കളിച്ചത്.

content highlights: Lack of Transparency in Excluding Mohammed Shami: BCCI Faces Fierce Backlash

To advertise here,contact us