ദക്ഷിണാഫ്രിക്കയെ തകർത്ത് ഓസീസ്; വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്‍റ് പട്ടികയിൽ മാറ്റം; ഇന്ത്യ അഞ്ചാമത്

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിൽ ഓസ്ട്രേലിയ കൂറ്റൻ ജയം സ്വന്തമാക്കിയതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ മാറ്റം

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിൽ ഓസ്ട്രേലിയ കൂറ്റൻ ജയം സ്വന്തമാക്കിയതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ മാറ്റം. ഡർബനിലെ കിങ്സ്‌മീഡിൽ നടന്ന പോരാട്ടത്തിൽ ഓസീസ് ഉയർത്തിയ 421 റൺസിന്‍റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിംഗ്സ് 206 റൺസിൽ അവസാനിക്കുകയായിരുന്നു. മൂന്ന് മത്സര പരമ്പരയിലെ രണ്ടാം ടെസ്റ്റ് 18ന് സെന്‍റ് ജോര്‍ജ് പാര്‍ക്കില്‍ നടക്കും.

ദക്ഷിണാഫ്രിക്കക്കെതിരായ വമ്പൻ ജയത്തോടെ 2025-27 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനം ഓസ്ട്രേലിയ സുരക്ഷിതമാക്കി. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ ഭാഗമായി കളിച്ച 11 മത്സരങ്ങളിൽ 9 ജയവുമായി 81.81 പോയിന്‍റ് ശതമാവുമായാണ് ഓസീസ് ഒന്നാം സ്ഥാനം സുരക്ഷിതമാക്കിയത്.

ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിന് മുമ്പ് 80 പോയിന്‍റ് ശതമാനവുമായി പോയിന്‍റ് പട്ടികയില്‍ രണ്ടാമതായിരുന്ന ദക്ഷിണാഫ്രിക്ക തോൽവിയോടെ മൂന്നാം സ്ഥാനത്തേക്ക് വീണു.

തോല്‍വിയോടെ ദക്ഷിണാഫ്രിക്കയുടെ പോയിന്‍റ് ശതമാനം 60.00 % ആയി കുറഞ്ഞു. 72.22 പോയിന്‍റ് ശതമാനവമായി ന്യൂസിലൻഡാണ് രണ്ടാം സ്ഥാനത്ത്. അടുത്ത മാസം സ്വന്തം നാട്ടിൽ ഇന്ത്യയ്‌ക്കെതിരെ നടക്കുന്ന രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിൽ ജയിച്ചാൽ കിവീസിന് ആദ്യ രണ്ട് സ്ഥാനങ്ങളിലൊന്ന് സ്വന്തമാക്കി 2027ലെ ഫൈനലിലേക്ക് യോഗ്യത നേടാനുള്ള സാധ്യതകൾ ഉയര്‍ത്താം.

55.56 പോയിന്‍റ് ശതമാനവുമായി ബംഗ്ലാദേശ് നാലാം സ്ഥാനത്തുള്ളപ്പോള്‍ 51.52 പോയിന്‍റ് ശതമാനവുമായി ഇന്ത്യ പോയിന്‍റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്. നിലവിലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സൈക്കിളിൽ 11 മത്സരങ്ങൾ കളിച്ച ഇന്ത്യ 5 എണ്ണത്തിൽ ജയിച്ചപ്പോൾ 4 എണ്ണത്തിൽ തോൽവിയറിഞ്ഞു. രണ്ട് മത്സരങ്ങൾ സമനിലയിൽ കലാശിച്ചു. അടുത്ത മാസം ന്യൂസിലൻഡിനെതിരെ നടക്കുന്ന പരമ്പര ഇന്ത്യയ്ക്ക് ഫൈനൽ പ്രതീക്ഷകൾ നിലനിർത്താൻ നിർണായകമാണ്.

content highlights:wtc points table australia beats south africa india fifth position

To advertise here,contact us