ഓസ്ട്രേലിയ എ ടീമിനെതിരെയുള്ള ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യ എ ടീമില്‍ ഹാര്‍ദിക് പാണ്ഡ്യയെ ഉള്‍പ്പെടുത്തി. ഫിറ്റ്നസ് ക്ലിയറന്‍സിന് വിധേയമായാണ് താരത്തെ കളിപ്പിക്കുക. ഒക്ടോബര്‍ 6 മുതല്‍ 11 വരെ പുതുച്ചേരിയിലാണ് ഓസ്ട്രേലിയ എ ടീമിനെതിരെ മൂന്ന് ഏകദിന മത്സരങ്ങള്‍ നടക്കുക. ഇക്കഴിഞ്ഞ ഐപിഎലിന് ശേഷം മത്സരരംഗത്തുനിന്ന് വിട്ടുനില്‍ക്കുന്ന അദ്ദേഹം ബെംഗളൂരുവിലെ ബിസിസിഐയുടെ സെന്റര്‍ ഓഫ് എക്സലന്‍സില്‍ പുനരധിവാസത്തിലായിരുന്നു. മുതുക് വേദനയെ തുടര്‍ന്ന് മുംബൈ ഇന്ത്യന്‍സിന്റെ ഐപിഎല്‍ മത്സരങ്ങളില്‍ ചിലത് നഷ്ടമായ ഹാര്‍ദിക്കിന്, ജൂണില്‍ അഫ്ഗാനിസ്ഥാനെതിരെയുള്ള ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി സിഒഇയില്‍ പരിശീലനം നടത്തുന്നതിനിടെ കാല്പേശികള്ക്ക് പരിക്കേല്‍ക്കുകയായിരുന്നു. 2025 മാര്‍ച്ച് ചാമ്പ്യന്‍സ് ട്രോഫി ഫൈനലിന് ശേഷം അദ്ദേഹം ഏകദിന മത്സരങ്ങളില്‍ കളിച്ചിട്ടില്ല. 2027 ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ നടക്കുന്ന ഏകദിന ലോകകപ്പി മുന്നോടിയായുള്ള പദ്ധതികളില്‍ ഹാര്‍ദിക് ഉണ്ടെങ്കിലും, ഫിറ്റ്നസ് പ്രശ്നങ്ങള്‍ അദ്ദേഹത്തെ മത്സരങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്തുകയായിരുന്നു.
ഓസ്ട്രേലിയ എ ടീമിനെതിരായ പരമ്പരയ്ക്ക് മുന്നോടിയായി ഹാര്‍ദിക് ഫിറ്റ്നസ് പരിശോധന വിജയിക്കുമെന്നും 50 ഓവര്‍ ക്രിക്കറ്റിലെ ഫോം വീണ്ടെടുക്കുമെന്നുമാണ് ഇന്ത്യന്‍ ടീമിന്റെ പ്രതീക്ഷ. ദക്ഷിണാഫ്രിക്കന്‍ സാഹചര്യങ്ങളില്‍ പ്രധാനിയായ സീം ബൗളിങ് ഓള്‍റൗണ്ടര്‍ എന്ന നിലയില്‍ ലോകകപ്പ് പദ്ധതികളില്‍ അദ്ദേഹം നിര്‍ണ്ണായക താരമാണ്. പുതുച്ചേരിയില്‍ നടക്കുന്ന ഈ പരമ്പരയില്‍ സെപ്റ്റംബര്‍ 22 മുതല്‍ 25 വരെയും സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ 2 വരെയും രണ്ട് നാല് ദിവസത്തെ അനൗദ്യോഗിക ടെസ്റ്റ് മത്സരങ്ങള്‍ ഉണ്ടാകും. തുടര്‍ന്ന് ഒക്ടോബര്‍ 6, 9, 11 തീയതികളില്‍ മൂന്ന് ഏകദിന മത്സരങ്ങളും നടക്കും.
നാല് ദിവസത്തെ മത്സരങ്ങളില്‍ ദേവ്ദത്ത് പടിക്കല്‍ ഇന്ത്യ എ ടീമിനെ നയിക്കും. സായ് സുദര്‍ശനാണ് വൈസ് ക്യാപ്റ്റന്‍. ഇറാനി കപ്പും ഏഷ്യന്‍ ഗെയിംസ് ട്വന്റി 20 ടൂര്‍ണമെന്റും ഈ സമയത്ത് നടക്കുന്നതിനാല്‍ പല പ്രമുഖ കളിക്കാരും ഈ സ്ക്വാഡില്‍ ഇല്ല. അന്‍ഷുല്‍ കംബോജ്, തനുഷ് കൊടിയാന്‍, എന്‍ ജഗദീശന് എന്നിവരാണ് ഈ ടീമിലെ മറ്റ് പ്രമുഖര്‍. എന്നാല്‍ ഏകദിന സ്ക്വാഡില്‍ ഹാര്‍ദിക്കിനെ കൂടാതെ പ്രമുഖ താരങ്ങളുമുണ്ട്. ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദ്, വൈസ് ക്യാപ്റ്റന്‍ ദേവ്ദത്ത് പടിക്കല്‍, പ്രിയാന്‍ഷ് ആര്യ, സായ് സുദര്ശന്, രജത് പാട്ടിദാര്‍, വിക്കറ്റ് കീപ്പര്‍ പ്രഭ്സിമ്രാന് സിങ്, ഫാസ്റ്റ് ബൗളര്‍ യാഷ് താക്കൂര്‍ എന്നിവരാണ് പ്രധാനികള്‍. അതേസമയം, പരിക്കുമൂലം പുറത്തിരുന്ന ഓള്‍റൗണ്ടര്‍മാരായ നിതീഷ് കുമാര്‍ റെഡ്ഡി, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവര്‍ക്ക് ബിസിസിഐ മെഡിക്കല്‍ ടീമിന്റെ ഫിറ്റ്നസ് ക്ലിയറന്‍സ് ലഭിച്ചു. റെഡ്ഡിക്ക് തുടയിലെ പരിക്കിനെ തുടര്‍ന്ന് അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ നഷ്ടമായിരുന്നു. വാഷിംഗ്ടണിന് ഹാംസ്ട്രിംഗ് പരിക്ക് മൂലമാണ് ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര നഷ്ടമായത്. സെപ്റ്റംബര്‍ 13-ന് ആരംഭിക്കുന്ന അഫ്ഗാനിസ്ഥാനെതിരായ ട്വന്റി-20 പരമ്പരയ്ക്കുള്ള ടീമില്‍ ഇരുവരെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജസ്പ്രീത് ബുംറ, ഹര്‍ഷിത് റാണ എന്നിവരുടെ ഫിറ്റ്നസ് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
ഓസ്ട്രേലിയ എ ടീമിനെതിരെയുള്ള ഇന്ത്യ എ സ്ക്വാഡുകള്നാല് ദിവസത്തെ മത്സരങ്ങള്‍ക്കുള്ള സ്ക്വാഡ്: അമന് മോഖാഡെ, ആയുഷ് പാണ്ഡെ, ദേവ്ദത്ത് പടിക്കല്‍ (ക്യാപ്റ്റന്‍), സായ് സുദര്ശന് (വൈസ് ക്യാപ്റ്റന്‍), യാഷ് റാത്തോഡ്, ഷെയ്ക് റഷീദ്, കുമാര്‍ കുശാഗ്ര (വിക്കറ്റ് കീപ്പര്‍), ഷംസ് മുലാനി, തനുഷ് കൊടിയാന്‍, തുഷാര്‍ ദേശ്പാണ്ഡെ, അന്‍ഷുല്‍ കംബോജ്, പ്രഫുല്‍ ഹിംഗെ, എന്‍ ജഗദീശന് (വിക്കറ്റ് കീപ്പര്‍), നചികേത് ഭൂതെ, വി വൈശാഖ്.ഏകദിന സ്ക്വാഡ്: പ്രിയാന്‍ഷ് ആര്യ, സായ് സുദര്ശന്, ദേവ്ദത്ത് പടിക്കല്‍ (വൈസ് ക്യാപ്റ്റന്‍), രുതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), രജത് പടിദാര്‍, കുമാര്‍ കുശാഗ്ര (വിക്കറ്റ് കീപ്പര്‍), നിഷാന്ത് സിന്ധു, വിപ്രാജ് നിഗം, അര്ഷിന് കുല്‍ക്കര്‍ണി, അര്‍ഷാദ് ഖാന്, നമന്‍ ധീര്‍, ഹാര്‍ദിക് പാണ്ഡ്യ (ഫിറ്റ്നസ് ക്ലിയറന്‍സിന് വിധേയമായി), പ്രഭ്സിമ്രാന് സിംഗ് (വിക്കറ്റ് കീപ്പര്‍), ഗുര്‍ജപ്നീത് സിംഗ്, യാഷ് താക്കൂര്‍.
content highlights: Hardik Pandya Named in India A Squad for ODI Series Against Australia A