ഷെഫാലിയുടെ വിക്കറ്റ് ആഘോഷിച്ചത് അതിരുകടന്നു; പാക് ക്യാപ്റ്റന് പിഴ

മത്സരത്തിനിടെയുള്ള മോശം പെരുമാറ്റത്തിന്റെ പേരിലാണ് പാക് ക്യാപ്റ്റന്‍ ഫാത്തിമ സനയ്ക്ക് പിഴയും ഡിമെറിറ്റ് പോയിന്റും ശിക്ഷ ലഭിച്ചത്.

വനിതാ ടി20 ഏഷ്യാ കപ്പില്‍ ഇന്ത്യയോട് തോറ്റതിന് പിന്നാലെ ഇരുട്ടടിയായി പാകിസ്താൻ ക്യാപ്റ്റന് പിഴയും. മത്സരത്തിനിടെയുള്ള മോശം പെരുമാറ്റത്തിന്റെ പേരിലാണ് പാക് ക്യാപ്റ്റന്‍ ഫാത്തിമ സനയ്ക്ക് പിഴയും ഡിമെറിറ്റ് പോയിന്റും ശിക്ഷ ലഭിച്ചത്.

ദുബായില്‍ നടന്ന മത്സരത്തില്‍ ഇന്ത്യന്‍ ഓപ്പണര്‍ ഷഫാലി വര്‍മയെ പുറത്താക്കിയ ശേഷം പവലിയനിലേക്ക് വിരല്‍ ചൂണ്ടി മോശമായി ആഘോഷിച്ചതിനാണ് നടപടി. ഷഫാലി വര്‍മയെ സ്വന്തം പന്തില്‍ ക്യാച്ചെടുത്ത് പുറത്താക്കിയ ശേഷം പാക് ക്യാപ്റ്റന്‍ പവലിയനിലേക്ക് പോകാന്‍ ആംഗ്യം കാണിച്ച് ആഘോഷിക്കുകയായിരുന്നു.

അന്താരാഷ്ട്ര മത്സരങ്ങളില്‍ വിക്കറ്റ് വീഴ്ത്തുമ്പോള്‍ എതിര്‍ ടീം ബാറ്റര്‍മാരെ അധിക്ഷേപിക്കുന്ന തരത്തിലുള്ള ആംഗ്യങ്ങള്‍ കാണിക്കുന്നത് വിലക്കുന്ന ഐ സി സി പെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.5 പ്രകാരമാണ് നടപടി.

മാച്ച് ഫീയുടെ 10 ശതമാനമാണ് താരത്തിന് പിഴ ചുമത്തിയത്. കൂടാതെ ഒരു ഡിമെറിറ്റ് പോയിന്റും ലഭിച്ചു. കഴിഞ്ഞ 24 മാസത്തിനിടെ ഫാത്തിമ സനയുടെ ഭാഗത്തുനിന്നുണ്ടാകുന്ന രണ്ടാമത്തെ കുറ്റമാണിത്. ഇതോടെ താരത്തിന്റെ ആകെ ഡെമെറിറ്റ് പോയിന്റുകള്‍ രണ്ടായി.

Content Highlights: icc fines pakistan captain fatima sana for shefali verma celebration

To advertise here,contact us