സഞ്ജുവിന് മാത്രം കൈ നൽകാതെ ശ്രീശാന്ത് ; KCL ഫൈനലിലെ വീഡിയോ വൈറൽ

മലയാളി താരങ്ങളായ സഞ്ജു സാംസണും ശ്രീശാന്തും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീണോ?

മലയാളി താരങ്ങളായ സഞ്ജു സാംസണും ശ്രീശാന്തും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീണോ?, കേരള ക്രിക്കറ്റ് ലീഗ് ഫൈനലിന്റെ സമ്മാനദാന ചടങ്ങിനിടെ വൈറലായ വീഡിയോയ്ക്ക് പിന്നാലെ ക്രിക്കറ്റ് ലോകത്തെ ചർച്ചയിതാണ്.

പരസ്പരം ശ്രദ്ധിക്കുക പോലും ചെയ്യാതെ മലയാളി ക്രിക്കറ്റ് താരങ്ങളായ സഞ്ജു സാംസണും എസ് ശ്രീശാന്തും നടന്നുപോകുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്.

Sreesanth and sanju Samson ignored the hand snakes between each other in kcl final ?....Any Rift??#KCL #SANJU pic.twitter.com/UbteQpw6nl

ശനിയാഴ്ച നടന്ന കെസിഎൽ ഫൈനൽ മത്സരത്തിൽ കാലിക്കറ്റ് ഗ്ലോബ്സ്റ്റാഴ്സിനെ പരാജയപ്പെടുത്തി തൃശ്ശൂർ ടൈറ്റൻസ് തങ്ങളുടെ കന്നി കിരീടം സ്വന്തമാക്കിയിരുന്നു. ഈ മത്സരത്തിന് ശേഷമുള്ള സമ്മാനദാന ചടങ്ങിലാണ് നാടകീയമായ രംഗങ്ങൾ അരങ്ങേറിയത്.

ഏരീസ് കൊല്ലം സെയ്​ലേഴ്സിന്റെ സഹഉടമയും മെന്ററുമായ ശ്രീശാന്ത്, തന്റെ ടീമിന് ലഭിച്ച ഫെയർ പ്ലേ അവാർഡ് വാങ്ങുന്നതിനാണ് വേദിയിലെത്തിയത്. വേദിയിലുണ്ടായിരുന്ന വിശിഷ്ടാതിഥികൾക്കെല്ലാം ഹസ്തദാനം നൽകിയ ശ്രീശാന്ത്, ലീഗ് അംബാസഡറായി അവിടെയുണ്ടായിരുന്ന സഞ്ജു സാംസണെ ശ്രദ്ധിക്കുക പോലും ചെയ്യാതെ കടന്നു പോകുന്നതാണ് വീഡിയോയിലുള്ളത്.

ട്രോഫിയുമായി മറ്റ് ഭാരവാഹികൾക്കൊപ്പം വേദിയിലുണ്ടായിരുന്ന സഞ്ജുവും ശ്രീശാന്തിനെ ശ്രദ്ധിച്ചില്ല. സംഭവത്തെക്കുറിച്ച് സഞ്ജു സാംസണോ ശ്രീശാന്തോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ശ്രീശാന്തും സഞ്ജുവും കരിയറിന്റെ തുടക്കം മുതൽക്കേ അടുത്ത വ്യക്തിപരവും പ്രൊഫഷണലുമായ ബന്ധം പുലർത്തിപ്പോന്നവരാണ്. ശ്രീശാന്തിന്റെ ക്യാപ്റ്റൻസിക്ക് കീഴിലാണ് സഞ്ജു കേരള ടീമിൽ അരങ്ങേറ്റം കുറിക്കുന്നത്. സഞ്ജുവിന്റെ കരിയറിൽ ഒരു മെന്ററുടെ പങ്ക് വഹിച്ചിരുന്ന ശ്രീശാന്ത്, രാജസ്ഥാൻ റോയൽസിലേക്ക് സഞ്ജുവിന് ട്രയൽസ് ലഭിക്കുന്നതിലും പ്രധാന പങ്കുവഹിച്ചിരുന്നു.

മുൻകാലങ്ങളിൽ സഞ്ജുവിനെ ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കിയപ്പോഴെല്ലാം ശ്രീശാന്ത് സഞ്ജുവിന് ശക്തമായ പിന്തുണ നൽകിയിട്ടുണ്ട്. സഞ്ജുവിനെ ആഭ്യന്തര ടീമുകളിൽ നിന്ന് ഒഴിവാക്കിയതിനെതിരെ ശക്തമായി വിമർശിച്ചതിന് കേരള ക്രിക്കറ്റ് അസോസിയേഷന്റെ സസ്‌പെൻഷൻ വരെ ശ്രീശാന്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. ഈ ബന്ധത്തിൽ ശക്തമായ ഉലച്ചിൽ സംഭവിച്ചു എന്ന സംശയമാണ് പക്ഷെ ഇപ്പോൾ ആരാധകർക്കുള്ളത്.

Content Highlights: sreesanth ignores sanju samson kcl final viral video

To advertise here,contact us