സഞ്ജു-വൈഭവ് ഓപ്പണിങ് വരട്ടെ! സാധ്യത പറഞ്ഞ് മുന്‍ ഇന്ത്യന്‍ താരം

അഫ്ഗാനിസ്താനെതിരായ ടി20 ക്രിക്കറ്റ് പരമ്പരയില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഉള്‍പ്പെട്ടിരുന്നു

അഫ്ഗാനിസ്താനെതിരായ വരാനിരിക്കുന്ന ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലേക്ക് മലയാളി താരം സഞ്ജു സാംസണ്‍ തിരിച്ചെത്തിയതോടെ, ഇന്ത്യയുടെ ഓപ്പണിങ് സഖ്യത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമായിരിക്കുകയാണ്. സഞ്ജുവും 15-കാരനായ യുവതാരം വൈഭവ് സൂര്യവംശിയും ഇതുവരെ ഇന്ത്യക്കായി ഒരുമിച്ച് ഓപ്പണ്‍ ചെയ്തിട്ടില്ലാത്തതിനാല്‍, ടീം മാനേജ്മെന്റ് പുതിയൊരു ഓപ്പണിങ് ജോഡിയെ പരീക്ഷിച്ചേക്കാമെന്ന് മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പറും കമന്റേറ്ററുമായ ദീപ് ദാസ്ഗുപ്ത അഭിപ്രായപ്പെട്ടു. തന്റെ യൂട്യൂബ് ചാനലിലൂടെ സംസാരിക്കവെയാണ് ദീപ് ദാസ്ഗുപ്ത ഈ വിലയിരുത്തല്‍ നടത്തിയത്.

'ഇംഗ്ലണ്ടിനെതിരായ അവസാന ടി20 മത്സരത്തെക്കുറിച്ച് ചിന്തിച്ചാല്‍ സഞ്ജുവും അഭിഷേക് ശര്‍മ്മയുമായിരുന്നു ഓപ്പണര്‍മാര്‍. സിംബാബ്വെ പരമ്പര മാറ്റിനിര്‍ത്താം. മൂന്ന് പേരും ലഭ്യമായിരുന്നപ്പോള്‍ സഞ്ജുവും അഭിഷേകുമാണ് ഓപ്പണ്‍ ചെയ്തത്. സഞ്ജു-വൈഭവ് സഖ്യത്തെ നമ്മള്‍ ഇതുവരെ കണ്ടിട്ടില്ലെന്നാണ് ഞാന്‍ കരുതുന്നത്. ഇതുവരെ അഭിഷേക്-വൈഭവ്, അഭിഷേക്-സഞ്ജു കൂട്ടുകെട്ടുകളാണ് കണ്ടത്. അതിനാല്‍ സഞ്ജുവും വൈഭവും ചേരുമ്പോള്‍ ഏത് തരത്തിലുള്ള സഖ്യമാണ് ഉണ്ടാകുന്നതെന്ന് പരീക്ഷിച്ചു നോക്കുന്നത് മോശം ആശയമല്ല' -ദാസ്ഗുപ്ത പറഞ്ഞു.

എന്നാല്‍ പുതിയ ഓപ്പണിങ് ജോഡികളെ പരീക്ഷിക്കുന്നത് ഒരു കളിക്കാരനെയും ടീമില്‍ നിന്ന് ഒഴിവാക്കുന്നതിനല്ലെന്നും, വരാനിരിക്കുന്ന പ്രധാന ടൂര്‍ണമെന്റുകള്‍ക്ക് മുന്നോടിയായി എല്ലാവര്‍ക്കും മതിയായ അവസരം നല്‍കാനും എല്ലാ സാധ്യതകളും വിലയിരുത്താനുമാണെന്ന് ദാസ്ഗുപ്ത വ്യക്തമാക്കി. അതേസമയം, അടുത്തിടെ സമാപിച്ച സിംബാബ്വെ പര്യടനത്തില്‍ മിന്നുന്ന പ്രകടനമാണ് വൈഭവ് സൂര്യവംശി കാഴ്ചവെച്ചത്. മൂന്ന് ഇന്നിങ്‌സുകളില്‍ നിന്നായി 50.33 ശരാശരിയിലും 196.10 സ്‌ട്രൈക്ക് റേറ്റിലും ഒരു മാച്ച് വിന്നിംഗ് 81 റണ്‍സ് അടക്കം 151 റണ്‍സ് നേടി ടൂര്‍ണമെന്റിലെ ഉയര്‍ന്ന റണ്‍വേട്ടക്കാരനാകാന്‍ വൈഭവിന് സാധിച്ചു. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്ക് കീഴില്‍ ഇന്ത്യ 3-0ന് പരമ്പര തൂത്തുവാരിയപ്പോള്‍ പ്ലെയര്‍ ഓഫ് ദി സീരീസ് പുരസ്‌കാരവും വൈഭവ് സ്വന്തമാക്കിയിരുന്നു. ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ അഫ്ഗാനിസ്ഥാനെതിരെ മൂന്ന് ടി20 മത്സരങ്ങളാണ് ഇന്ത്യ കളിക്കുന്നത്. സഞ്ജു-വൈഭവ് ഓപ്പണിംഗ് കൂട്ടുകെട്ട് പരീക്ഷിക്കുന്നത് ടീമിന് എത്രത്തോളം പ്രയോജനപ്പെടുമെന്ന് കാണാന്‍ ഈ പരമ്പര ടീം മാനേജ്മെന്റിന് അവസരമൊരുക്കും.

content highlights: "Promote Sanju Samson and Vaibhav Suryavanshi as Openers": Former Indian Cricketer Suggests New T20 Combination

To advertise here,contact us