ഫിറ്റ്‌നസില്ലാതെ കളിക്കേണ്ട..! നയത്തില്‍ മാറ്റംവരുത്തി ബിസിസിഐ

പരിക്കേറ്റ കളിക്കാരുടെ കാര്യത്തില്‍ കര്‍ശന നിലപാടെടുക്കും, വിമര്‍ശനങ്ങള്‍ക്കിടയിലാണ് ടീം തിരഞ്ഞെടുപ്പ് നയത്തില്‍ മാറ്റം വരുത്തിയത്

പരിക്കേറ്റ കളിക്കാരെ ഫിറ്റ്നസ് പൂര്‍ണമായി കൈവരിക്കുന്നതിന് മുന്‍പ് ടീമിലേക്ക് തിടുക്കപ്പെട്ട് തിരിച്ചെടുക്കുന്നു എന്ന വിമര്‍ശനങ്ങള്‍ ശക്തമായതോടെ, ടീം തിരഞ്ഞെടുപ്പ് നയത്തില്‍ നിര്‍ണായക മാറ്റവുമായി ബിസിസിഐ. അഫ്ഗാനിസ്താനെതിരായ വരാനിരിക്കുന്ന ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപനത്തോടെയാണ് ഈ പുതിയ നയം പ്രാബല്യത്തില്‍ വന്നത്.

ജസ്പ്രീത് ബുംറ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍, ഹര്‍ഷിത് റാണ തുടങ്ങിയ താരങ്ങളുടെ പേരുകള്‍ക്ക് ഒപ്പം ബിസിസിഐ ഫിറ്റ്നസ് കണ്ടീഷന്‍ നല്‍കിയിട്ടുണ്ട്. പൂര്‍ണമായ ഫിറ്റ്നസ് തെളിയിച്ചാല്‍ മാത്രമേ ഇവര്‍ക്ക് മത്സരങ്ങളില്‍ കളിക്കാനാകൂ എന്ന് ബിസിസിഐ വ്യക്തമാക്കുന്നു.

പുതിയ നയത്തിന്റെ പ്രധാന വിവരങ്ങള്‍200% ഫിറ്റ്നസ് ഉറപ്പാക്കും: പരിക്കില്‍ നിന്ന് മുക്തരായ ഒരു കളിക്കാരന്‍ 100 ശതമാനമല്ല, 200 ശതമാനവും പൂര്‍ണ കായികക്ഷമത കൈവരിച്ചുവെന്ന് ബിസിസിഐ സെന്റര്‍ ഓഫ് എക്‌സലന്‍സ് ഉറപ്പുവരുത്തിയാല്‍ മാത്രമേ മത്സരത്തില്‍ ഇറക്കുകയുള്ളൂ എന്ന് ബിസിസിഐ അധികൃതര്‍ വ്യക്തമാക്കി.നേരത്തെയുള്ള ടീം പ്രഖ്യാപനത്തിലെ സുതാര്യത: പരമ്പര ആരംഭിക്കുന്നതിന് 3-4 ആഴ്ചകള്‍ക്ക് മുന്‍പാണ് സാധാരണയായി ടീമിനെ തിരഞ്ഞെടുക്കുന്നത്. അതിനാല്‍ ഫിറ്റ്നസ് വീണ്ടെടുക്കാന്‍ സാധ്യതയുള്ള താരങ്ങളെ നിലവില്‍ ഒഴിവാക്കാതെ 'ഫിറ്റ്നിന് വിധേയമാി' എന്ന നിബന്ധനയോടെ ഉള്‍പ്പെടുത്തും. എന്നാല്‍ യാത്രാ സമയത്തോ മത്സര ദിവസത്തോ പൂര്‍ണ ഫിറ്റ്നസ് ഇല്ലാത്തവരെ പുറത്തിരുത്തും.പകരക്കാരെ കണ്ടെത്തല്‍: ഫിറ്റ്നസ് ടെസ്റ്റില്‍ പരാജയപ്പെടുന്ന താരങ്ങള്‍ക്ക് പകരം ആരെ തിരഞ്ഞെടുക്കണം എന്നതില്‍ സെലക്ടര്‍മാര്‍ക്ക് വ്യക്തമായ ധാരണയുണ്ടാകും. ബിസിസിഐയും സെന്റര്‍ ഓഫ് എക്സലന്‍സും തമ്മില്‍ ഇതിനായി സുതാര്യമായ ആശയവിനിമയം ഉറപ്പാക്കിയിട്ടുണ്ട്.

അടുത്തിടെ ഹര്‍ഷിത് റാണ, ബുംറ, സുന്ദര്‍ തുടങ്ങിയ താരങ്ങള്‍ പരിക്കില്‍ നിന്ന് പൂര്‍ണമായി മുക്തരാകാതെ കളത്തിലിറങ്ങുകയും വീണ്ടും പരിക്കേറ്റ് പുറത്തുപോവുകയും ചെയ്തത് ബിസിസിഐ സെന്റര്‍ ഓഫ് എക്‌സലന്‍സിന് വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ കര്‍ശന നടപടി. അഫ്ഗാനിസ്ഥാനെതിരായ പരമ്പര സെപ്റ്റംബര്‍ 13-ന് ഡല്‍ഹിയില്‍ ആരംഭിക്കുമ്പോഴേക്കും ബുംറയും നിതീഷ് റെഡ്ഡിയും പൂര്‍ണ ഫിറ്റ്നസ് വീണ്ടെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഹര്‍ഷിത് റാണ, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരുടെ കാര്യത്തില്‍ ഇതുവരെ പൂര്‍ണമായ വ്യക്തത വന്നിട്ടില്ല.

അതേസമയം, അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ട്വന്റി-20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. ശ്രേയസ് അയ്യര്‍ നയിക്കുന്ന ടീമിന്റെ വൈസ് ക്യാപ്റ്റന്‍ തിലക് വര്‍മയാണ്. പരിക്കിന്റെ പിടിയിലായിരുന്ന പ്രമുഖ പേസര്‍ ജസ്പ്രീത് ബുംറ ടീമിലേക്ക് തിരിച്ചെത്തിയതാണ് പ്രധാന വിശേഷം. ബുംറയ്ക്ക് പുറമെ നിതീഷ് കുമാര്‍ റെഡ്ഡി, വാഷിംഗ്ടണ്‍ സുന്ദര്‍, ഹര്‍ഷിത് റാണ എന്നിവരും ടീമിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. മലയാളി താരം സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ എന്നിവരാണ് വിക്കറ്റ് കീപ്പര്‍മാരായി ടീമിലുള്ളത്. സഞ്ജുവിനും പരമ്പര നിര്‍ണായകമാണ്. കഴിഞ്ഞ ജൂലൈ 16-ന് കാര്‍ഡിഫില്‍ ഇംഗ്ലണ്ടിനെതിരെയെന്ന മത്സരത്തിലാണ് ബുംറ അവസാനമായി ഇന്ത്യക്കായി പന്തെറിഞ്ഞത്. മത്സരത്തില്‍ ഫീല്‍ഡിങ്ങിനിടെ പരിക്കേറ്റതിനെ തുടര്‍ന്ന് ഇംഗ്ലണ്ടിനെതിരായ അവസാന ഏകദിനത്തില്‍ നിന്നും പിന്നീട് നടന്ന ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്നും താരം പുറത്തായിരുന്നു.അഫ്ഗാനിസ്ഥാന്റെ 'ഹോം സീരീസ്' ആയാണ് ഈ പരമ്പര സംഘടിപ്പിക്കുന്നത്. മൂന്ന് മത്സരങ്ങളും ന്യൂഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തിലാണ് നടക്കുന്നത്.ഇന്ത്യന്‍ ടീംശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, വൈഭവ് സൂര്യവംശി, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ (വൈസ് ക്യാപ്റ്റന്‍), ശിവം ദുബെ, നിതീഷ് കുമാര്‍ റെഡ്ഡി, അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്ണോയ്, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിംഗ്, ഹര്‍ഷിത് റാണ.

content highlights: "No Match Fitness, No Selection": BCCI Tightens Fitness Regulations for Indian Cricketers

To advertise here,contact us