ട്രോളി ബാഗുമായി ജവഗല്‍ ശ്രീനാഥ് മെട്രോയില്‍; സോഷ്യല്‍ മീഡിയയില്‍ വൈറല്‍

ബെംഗളൂരു മെട്രോയില്‍ യാത്ര ചെയ്ത മുന്‍ ഇന്ത്യന്‍ പേസര്‍ ജവഗല്‍ ശ്രീനാഥിന്റെ ലാളിത്യത്തെ പുകഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ

ചുറ്റും ബോഡിഗാര്‍ഡുകളോ ക്യാമറക്കണ്ണുകളോ ആരാധകരുടെ തിരക്കോ ഒന്നുമില്ലാതെ, കയ്യിലൊരു ട്രോളി ബാഗുമായി ബെംഗളൂരു മെട്രോയില്‍ സാധാരണക്കാരനായി യാത്ര ചെയ്യുന്ന മുന്‍ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ജവഗല്‍ ശ്രീനാഥിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. കായികരംഗത്ത് വലിയ നേട്ടങ്ങള്‍ കൈവരിച്ചിട്ടും അദ്ദേഹത്തിന്റെ എളിമയും ലാളിത്യവുമാണ് ഇപ്പോള്‍ കായിക പ്രേമികളുടെയും നെറ്റിസണ്‍സിന്റെയും ശ്രദ്ധ കവരുന്നത്. നമ്മ മെട്രോയില്‍ യാത്ര ചെയ്യുന്ന ശ്രീനാഥിന്റെ ചിത്രങ്ങളാണ് ഇന്റര്‍നെറ്റില്‍ വ്യാപകമായി പ്രചരിക്കുന്നത്. ജീന്‍സും ലൈറ്റ് ബ്ലൂ ഷര്‍ട്ടും ധരിച്ച്, സ്വന്തം ലഗേജ് പിടിച്ച് തികച്ചും സാധാരണക്കാരനായ ഒരു യാത്രക്കാരനായി ജവഗല്‍ ട്രെയിനില്‍ ഇരിക്കുന്നത് ചിത്രത്തില്‍ കാണാം. ഒരു കാലത്ത് ഇന്ത്യന്‍ പേസ് ബൗളിങ്ങിന്റെ നട്ടെല്ലായിരുന്ന പ്രമുഖ താരം തന്നെയാണ് ഇതെന്ന കാര്യം പെട്ടെന്ന് തിരിച്ചറിയാന്‍ പോലും സാധിക്കാത്ത വിധമായിരുന്നു അദ്ദേഹത്തിന്റെ സാന്നിധ്യം.

ഒരു മുന്‍ അന്താരാഷ്ട്ര താരത്തിന്റെ പകിട്ടുകളൊന്നുമില്ലാതെ തികച്ചും ശാന്തമായി യാത്ര ചെയ്യുന്ന അദ്ദേഹത്തിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് നിരവധി ആളുകളാണ് പ്രശംസയുമായി രംഗത്തെത്തിയത്. കര്‍ണാടകയില്‍ നിന്നുള്ള ക്രിക്കറ്റ് താരങ്ങളുടെ ലളിത ജീവിതത്തെക്കുറിച്ച് ആരാധകര്‍ കമന്റുകളില്‍ ഓര്‍മ്മിപ്പിച്ചു. അനില്‍ കുംബ്ലെ, രാഹുല്‍ ദ്രാവിഡ്, വെങ്കടേഷ് പ്രസാദ്, ജവഗല്‍ ശ്രീനാഥ് തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന കര്‍ണാടക ക്രിക്കറ്റിന്റെ ആ സുവര്‍ണ തലമുറ വലിയ കായിക നേട്ടങ്ങള്‍ സ്വന്തമാക്കുമ്പോഴും അതിരറ്റ ലാളിത്യവും മാന്യതയും കാത്തുസൂക്ഷിച്ചവരാണെന്ന് ആരാധകര്‍ കുറിച്ചു.

മുമ്പും ശ്രീനാഥിന്റെ ഇത്തരം ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിട്ടുണ്ട്. മുന്‍പ് മൈസൂരു റെയില്‍വേ സ്റ്റേഷനില്‍ പുറകില്‍ ബാഗും തൂക്കി സാധാരണക്കാരനായി ട്രെയിന്‍ കാത്തുനില്‍ക്കുന്ന ശ്രീനാഥിന്റെ ചിത്രം വൈറലായിരുന്നു. 'മൈസൂര്‍ എക്‌സ്പ്രസ്' എന്നറിയപ്പെട്ടിരുന്ന കര്‍ണാടക സ്വദേശിയായ ഈ പേസര്‍ ഇന്ത്യയ്ക്കായി 67 ടെസ്റ്റുകളിലും 229 ഏകദിനങ്ങളിലും പന്തെറിഞ്ഞിട്ടുണ്ട്. ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും നിലവില്‍ ഐസിസി മാച്ച് റഫറിയായി അദ്ദേഹം സേവനമനുഷ്ഠിച്ചു വരുന്നു.

content highlights: Javagal Srinath Spotted Carrying Trolley Bag in Metro; Video Goes Viral

To advertise here,contact us