പുരുഷ ടീമിനെതിരെ കളിച്ച് പാകിസ്താന്‍ വനിതാ ക്രിക്കറ്റ് ടീം

ഏഷ്യാകപ്പ് പരിശീലനത്തില്‍ വ്യത്യസ്തതയുമായി പാകിസ്താന്‍, തയ്യാറെടുപ്പുകള്‍ ഊര്‍ജിതം

ഓഗസ്റ്റ് 28 മുതല്‍ യുഎഇയില്‍ ആരംഭിക്കുന്ന വനിതാ ഏഷ്യാകപ്പിനായുള്ള അവസാനവട്ട തയ്യാറെടുപ്പുകളിലാണ് പാകിസ്താന്‍ വനിതാ ക്രിക്കറ്റ് ടീം. ചിരവൈരികളായ ഇന്ത്യ, ഹോങ്കോങ്-ചൈന, തായ്ലന്‍ഡ് എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് എ-യിലാണ് പാകിസ്താന്‍ ഇടംപിടിച്ചിരിക്കുന്നത്. ടൂര്‍ണമെന്റിനായി യുഎഇയിലേക്ക് തിരിക്കുന്നതിന് മുന്നോടിയായി, ലാഹോറിലെ എന്‍സിഎയില്‍ നടന്ന ക്യാമ്പില്‍ കൗമാരക്കാരും മുതിര്‍ന്നവരുമടങ്ങുന്ന പുരുഷ ടീമിനെതിരെ പാകിസ്താന്‍ വനിതാ ടീം പരിശീലന മത്സരങ്ങള്‍ കളിച്ചു. വെറും പരിശീലന മത്സരങ്ങള്‍ക്ക് പകരമായി പൂര്‍ണ്ണമായ 20 ഓവര്‍ മത്സരങ്ങളാണ് നടന്നത്. കരുത്തരായ എതിരാളികള്‍ക്കെതിരെ ശരിയായ തീരുമാനങ്ങള്‍ എടുക്കാന്‍ കളിക്കാരെ പ്രാപ്തരാക്കുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം.

ഫാത്തിമ സന നയിക്കുന്ന പാകിസ്താന്‍ ടീം സെപ്റ്റംബര്‍ 1-ന് തായ്ലന്‍ഡിനെതിരെയാണ് ഏഷ്യാകപ്പിലെ ആദ്യ പോരാട്ടത്തിന് ഇറങ്ങുന്നത്. തുടര്‍ന്ന് സെപ്റ്റംബര്‍ 5-ന് ഏഴ് തവണ ചാമ്പ്യന്മാരായ ഇന്ത്യയെയും, സെപ്റ്റംബര്‍ 7-ന് ഹോങ്കോങ്-ചൈനയെയും അവര്‍ നേരിടും. പുരുഷ ടീമിനെതിരെ നടന്ന ഈ മത്സരങ്ങള്‍ ഏഷ്യാകപ്പിനുള്ള തയ്യാറെടുപ്പുകള്‍ക്ക് വലിയ രീതിയില്‍ സഹായകരമായെന്ന് പാകിസ്താന്‍ ക്യാപ്റ്റന്‍ ഫാത്തിമ സന പറഞ്ഞു.

'ടൂര്‍ണമെന്റിനായി ഞങ്ങള്‍ മികച്ച രീതിയില്‍ സജ്ജമായിട്ടുണ്ട്' -സന പറഞ്ഞു. 'പുരുഷ ടീമിനെതിരെ കടുത്ത സമ്മര്‍ദ്ദഘട്ടങ്ങള്‍ അതിജീവിച്ചാണ് ഞങ്ങള്‍ മത്സരങ്ങള്‍ കളിച്ചത്. അതില്‍ നിന്ന് പഠിച്ച പാഠങ്ങള്‍ ഏഷ്യാകപ്പിലെ വെല്ലുവിളികളെ നേരിടാന്‍ ഞങ്ങളെ സഹായിക്കും' -സന പറഞ്ഞു. വനിതാ ഏഷ്യ കപ്പില്‍ ഇതുവരെ കിരീടം നേടാന്‍ പാകിസ്താന് സാധിച്ചിട്ടില്ല. മാത്രമല്ല, കഴിഞ്ഞ ഒരു പതിറ്റാണ്ടായി അവര്‍ ഫൈനലില്‍ പോലും എത്തിയിട്ടില്ല. വലിയ ടൂര്‍ണമെന്റുകളില്‍ കടുത്ത സമ്മര്‍ദ്ദ ഘട്ടങ്ങളെ ശാന്തമായി നേരിടേണ്ടതുണ്ടെന്ന് ഫാത്തിമ സന വ്യക്തമാക്കി. 'സമ്മര്‍ദ്ദം എങ്ങനെ കാര്യക്ഷമമായി കൈകാര്യം ചെയ്യണമെന്ന് ഞങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ടായിരുന്നു. ഏതൊരു വലിയ ടൂര്‍ണമെന്റിലും ഈ വിഷയം എടുത്തു കാണിക്കപ്പെടാറുണ്ട്' -സന പറഞ്ഞു.

'ഈ മത്സരങ്ങള്‍ ആ കാര്യത്തില്‍ ഞങ്ങളെ ഒരുപാട് സഹായിച്ചിട്ടുണ്ട്. ഇതിന്റെ വ്യത്യാസം കളിയില്‍ ദൃശ്യമാകും. പരിഭ്രാന്തരാകാതെ കടുത്ത നിമിഷങ്ങളില്‍ ശാന്തത പാലിക്കുക എന്നത് വളരെ പ്രധാനമാണ്. നിര്‍ണായക നിമിഷങ്ങളില്‍ ശാന്തരായിരിക്കാനും, തങ്ങളുടെ കഠിനാധ്വാനത്തില്‍ വിശ്വസിച്ച് പ്ലാനുകള്‍ കൃത്യമായി നടപ്പിലാക്കാനും ഞങ്ങള്‍ താരങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്' -സന വ്യക്തമാക്കി.

ഏഷ്യാകപ്പിനുള്ള പാകിസ്ഥാന്‍ വനിതാ ടീംഫാത്തിമ സന (ക്യാപ്റ്റന്‍), ആയിഷ സഫര്‍, ഈമാന്‍ നസീര്‍, അയ്മന്‍ ഫാത്തിമ, ഗുല്‍ ഫെറോസ, മോമിന റിയാസത്ത്, മുനീബ അലി സിദ്ദിഖി (വിക്കറ്റ് കീപ്പര്‍), സദഫ് ഷമാസ്, നഷ്ര സന്ധു, സാദിയ ഇഖ്ബാല്‍, സൈറ ജബീന്‍, ഷവാല്‍ സുല്‍ഫിക്കര്‍, തൂബ ഹസന്‍, ഉമ്മെ ഹാനി, വഹീദ അക്തര്‍. റിസര്‍വ് താരങ്ങള്‍: തസ്മിയ റുബാബ്, ഹുംന ബിലാല്‍, മഹം അനീസ്.

content highlights: Pakistan Women's Cricket Team Plays Match Against Men's Team

To advertise here,contact us