ഇഷ്ടം റൊണാള്‍ഡോയെ; മാഞ്ചെസ്റ്റര്‍ യുണൈറ്റഡുമായുള്ള ബന്ധം വെളിപ്പെടുത്തി റിയാന്‍ പരാഗ്

മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്റെ കളിക്കാരെയും അവരുടെ ഐക്കോണിക് ചുവന്ന ജേഴ്‌സിയും ഏറെ ഇഷ്ടമാണെന്നും പരാഗ്

ഇംഗ്ലീഷ് പീമിയര്‍ ലീഗില്‍ തന്റെ പ്രിയപ്പെട്ട ഫുട്‌ബോള്‍ ക്ലബ്ബ് മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് ആണെന്ന് വെളിപ്പെടുത്തി ന്ത്യന്‍ ക്രിക്കറ്റ് താരവും രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനുമായ റിയാന്‍ പരാഗ്. കുട്ടിക്കാലത്ത് ആ ടീമിനോടും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയോടുമുണ്ടായിരുന്ന ആരാധനയാണ് ഇതിന് കാരണമെന്ന് പരാഗ് പറഞ്ഞു. മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്റെ കളിക്കാരെയും അവരുടെ ഐക്കോണിക് ചുവന്ന ജേഴ്‌സിയെയും കണ്ടാണ് താന്‍ വളര്‍ന്നതെന്ന് പരാഗ് വ്യക്തമാക്കി.

'ഫുട്‌ബോളിന്റെ കാര്യം വരുമ്പോള്‍ എനിക്ക് മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് തന്നെയാണ് പ്രിയപ്പെട്ട ടീം. അവരുടെ കളിക്കാരെയും കളിയെയും സ്‌നേഹിച്ചാണ് ഞാന്‍ വളര്‍ന്നത്. എനിക്ക് ആ ചുവന്ന ജേഴ്‌സി വളരെ ഇഷ്ടമായിരുന്നു, കൂടാതെ ആ സമയത്ത് മാഞ്ചെസ്റ്റര്‍ യുണൈറ്റഡില്‍ കളിച്ചിരുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ഞാന്‍ ഏറെ ആരാധിച്ചിരുന്നു. അതിനാല്‍ തന്നെയാണ് ഞാന്‍ ഈ ക്ലബ്ബ് തിരഞ്ഞെടുത്തത്, -പരാഗ് പറഞ്ഞു.

തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഫുട്‌ബോള്‍ താരം റൊണാള്‍ഡോയാണെന്നും അദ്ദേഹത്തോടുള്ള ആരാധനയെക്കുറിച്ച് പരാഗ് മനസ് തുറന്നു. 'മറ്റേതൊരു കളിക്കാരനേക്കാളും ഞാന്‍ എപ്പോഴും ആരാധിച്ചിട്ടുള്ളത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയാണ്. സ്പോര്‍ട്ടിംഗ് സി.പിയില്‍ നിന്ന് ഒരു ചെറിയ കുട്ടിയായി വന്ന് പ്രീമിയര്‍ ലീഗില്‍ അദ്ദേഹം ചെയ്ത കാര്യങ്ങളും പ്രീമിയര്‍ ലീഗിന്റെ നിലവാരം ഉയര്‍ത്തിയ രീതിയും അത്ഭുതപ്പെടുത്തുന്നതാണ്. മറ്റൊരു കളിക്കാരനും അദ്ദേഹത്തിനൊപ്പം എത്തില്ലെന്നാണ് ഞാന്‍ കരുതുന്നത്' -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2003-ല്‍ സ്പോര്‍ട്ടിങ് സി.പിയില്‍ നിന്നാണ് റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ എത്തുന്നത്. ക്ലബ്ബിലെ തന്റെ ആദ്യ ഘട്ടത്തില്‍ തന്നെ ലോകത്തിലെ മുന്‍നിര ഫുട്‌ബോള്‍ കളിക്കാരില്‍ ഒരാളായി വളരാന്‍ അദ്ദേഹത്തിന് സാധിച്ചു. അതിനിടെ, തന്റെ ഫുട്‌ബോള്‍ കരിയറിന്റെ അവസാന വര്‍ഷത്തിലേക്ക് കടക്കുകയാണെന്ന സൂചന നല്‍കിയ പോര്‍ച്ചുഗല്‍ ഇതിഹാസം റൊണാള്‍ഡോ, മികച്ചൊരു പാരമ്പര്യം അവശേഷിപ്പിച്ച് മടങ്ങാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഫുട്‌ബോളിന് ശേഷമുള്ള ജീവിതത്തിനായി നിരവധി പദ്ധതികളും താന്‍ തയ്യാറാക്കി വെച്ചിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. 'ഇത് മിക്കവാറും എന്റെ ഫുട്‌ബോള്‍ കരിയറിലെ അവസാന വര്‍ഷമായിരിക്കാം, മനോഹരമായ ഒരു പാരമ്പര്യം അവശേഷിപ്പിച്ച് മടങ്ങാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഭാവി പദ്ധതികളെല്ലാം ഞാന്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്തിട്ടുണ്ട്. എന്നെ സജീവമായി നിര്‍ത്താന്‍ നിരവധി കാര്യങ്ങളുണ്ട്' -റൊണാള്‍ഡോ പറഞ്ഞു. ഫുട്‌ബോളില്‍ നിന്നുള്ള വിരമിക്കല്‍ ജീവിതത്തില്‍ വലിയൊരു ശൂന്യത സൃഷ്ടിച്ചേക്കാം എന്നതിനാല്‍ യാത്രകള്‍ ചെയ്യാനാണ് കാര്യമായി പദ്ധതിയിടുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

content highlights: "Ronaldo is My Idol": Riyan Parag Opens Up About His Connection with Manchester United

To advertise here,contact us