ടി ദിലീപിന് പകരം ശുഭദീപ്; ഇന്ത്യയുടെ ഫീൽഡിങ് കോച്ചിൽ മാറ്റം

ദിലീപിന് പകരം ഇന്ത്യയുടെ ഫീൽഡിങ് കോച്ചായി ശുഭദീപ് ഘോഷ് എത്തുന്നു

ടി ദിലീപിന് പകരം ഇന്ത്യയുടെ ഫീൽഡിങ് കോച്ചായി ശുഭദീപ് ഘോഷ് എത്തുന്നു. ഇംഗ്ലണ്ടിനെതിരെയുള്ള വൈറ്റ് ബോള്‍ പരമ്പരയായിരുന്നു ടി ദിലീപിന്റെ അവസാന ദൗത്യം. ഇംഗ്ലണ്ടിലെ ടി20 പരമ്പരയില്‍ ഇന്ത്യ സമ്പൂര്‍ണ തോല്‍വിയേറ്റപ്പോള്‍ ഏകദിനത്തില്‍ ഒരു മത്സരം ജയിച്ചു.

ഓഗസ്റ്റില്‍ നടക്കുന്ന ശ്രീലങ്കയ്ക്കെതിരായ രണ്ട് ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യന്‍ സംഘത്തോടൊപ്പം ദിലീപ് ഉണ്ടാകില്ല. മുന്‍പ് ഇന്ത്യ 'എ' ടീമിന്റെ ഫീല്‍ഡിങ് പരിശീലകനായിരുന്ന ശുഭദീപ് ഘോഷിന്റെ ആദ്യ അന്താരാഷ്ട്ര ദൗത്യമായിരിക്കും ഇത്. ദിലീപിന്റെ കരാര്‍ കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന് അത് പുതുക്കി നല്‍കേണ്ടതില്ലെന്നും ബിസിസിഐ തീരുമാനിക്കുകയായിരുന്നു.

അതേ സമയം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ അസിസ്റ്റന്റ് കോച്ച് സ്ഥാനത്തുനിന്ന് മുന്‍ നെതര്‍ലന്‍ഡ്‌സ് ഓള്‍റൗണ്ടര്‍ റയാന്‍ ടെന്‍ ഡോഷെ രാജിവെച്ചു. രണ്ടു വര്‍ഷത്തെ സേവനത്തിനു ശേഷമാണ് അദ്ദേഹം സ്ഥാനമൊഴിയുന്നത്. ശേഷം ഐപിഎല്‍ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ ഉടമസ്ഥതയിലുള്ള 'നൈറ്റ് റൈഡേഴ്സ് സ്പോർട്സിന്‍റെ' ആഗോള ക്രിക്കറ്റ് സ്ട്രാറ്റജി തലവനായി പുതിയ ചുമതല ഏറ്റെടുത്തു.

content highlights: subhadeep ghosh replaces t dilip as india fielding coach

To advertise here,contact us