ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ അസിസ്റ്റന്റ് കോച്ച് പദവി ഒഴിഞ്ഞ് 24 മണിക്കൂർ തികയും മുൻപ് പുതിയ ചുമതല ഏറ്റെടുത്ത് റയാൻ ടെൻ ഡോഷെറ്റെ. ഐപിഎല്‍ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഉടമസ്ഥതയിലുള്ള 'നൈറ്റ് റൈഡേഴ്സ് സ്പോർട്സിന്റെ' ആഗോള ക്രിക്കറ്റ് സ്ട്രാറ്റജി തലവനായാണ് ടെൻ ഡോഷെറ്റെ നിയമിതനായത്.
കൊല്‍ക്കത്തയുടെ ഹെഡ് ഓഫ് ക്രിക്കറ്റ് സ്ട്രാറ്റജി എന്ന നിലയില്‍ നൈറ്റ് റൈഡേഴ്സിന്റെ ആഗോള ഫ്രാഞ്ചൈസികളിലെ സ്കൗട്ടിങ്, താരങ്ങളുടെ റിക്രൂട്ട്മെന്റ്, സ്ക്വാഡ് പ്ലാനിങ്, പ്രകടന വിലയിരുത്തൽ എന്നിവ ഡോഷെറ്റെയുടെ ചുമതലയിലാവും.
കരീബിയൻ പ്രീമിയർ ലീഗിൽ ട്രിൻബാഗോ നൈറ്റ് റൈഡേഴ്സ്, ഐ എൽ ടി20യിൽ അബുദാബി നൈറ്റ് റൈഡേഴ്സ്, മേജർ ലീഗ് ക്രിക്കറ്റിൽ ലോസ് ആഞ്ചലസ് നൈറ്റ് റൈഡേഴ്സ് എന്നീ ടീമുകളുടെ അസിസ്റ്റന്റ് കോച്ചായും ഡോഷെറ്റെ പ്രവർത്തിക്കും.
2011ൽ കളിക്കാരനായി കൊല്‍ക്കത്തയിലെത്തിയ ഡോഷെറ്റെ 2012 ലും 2014ലും ടീം കിരീടം നേടിയപ്പോള്‍ നിർണായക താരമായിരുന്നു. 2022ൽ വിരമിച്ചശേഷം കോച്ചിങ് സ്റ്റാഫായി ടീമിൽ തിരിച്ചെത്തി. ഗൗതം ഗംഭീറിന്റെ മെന്റര്‍ഷിപ്പിന് കീഴിൽ കൊല്‍ക്കത്ത മൂന്നാം ഐപിഎൽ കിരീടം നേടുമ്പോൾ സപ്പോർട്ടിങ് സ്റ്റാഫിലെ പ്രധാനിയായിരുന്നു.
2024 ജൂലൈയിലാണ് ഗൗതം ഗംഭീർ ഇന്ത്യൻ ഹെഡ് കോച്ചായപ്പോൾ ഡോഷെറ്റ അസിസ്റ്റന്റ് കോച്ചായി ചുമതലയേൽക്കുന്നത്. അദ്ദേഹത്തിന്റെ കാലയളവിൽ ഇന്ത്യ 2025 ഏഷ്യ കപ്പും 2026 ടി20 ലോകകപ്പും സ്വന്തമാക്കിയിരുന്നു. 2027 വരെ തുടരാൻ ബി സി സി ഐ ആവശ്യപ്പെട്ടിരുന്നെങ്കിലും നിരസിക്കുകയായിരുന്നു.
content highlights: ryan ten doeschate new role afte -leaving indian team assistant coach