ലോകകപ്പ് നേടികൊടുത്തിട്ടും ടീമിൽ നിന്ന് പുറത്തായതിൽ വിഷമം പങ്കുവെച്ച് മലയാളി താരം സഞ്ജു സാംസൺ. ഇന്ത്യൻ ടീമിലെ സ്ഥാനത്തിനായി ഇനി ആരുമായും മത്സരത്തിനില്ലെന്ന് താരം തുറന്നു പറഞ്ഞു.
ഇന്ത്യൻ ക്രിക്കറ്റിലെ സെലക്ഷനുമായി ബന്ധപ്പെട്ട 'എലിപ്പന്തയത്തിൽ' നിന്ന് വിട്ടുനിൽക്കാൻ താൻ തീരുമാനിച്ചതായി സഞ്ജു വ്യക്തമാക്കി. എൻഡിടിവിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് സഞ്ജു മനസ് തുറന്നത്.
ഇനി മുതൽ തന്റെ കരിയർ സ്വന്തം നിബന്ധനകളിൽ മാത്രമേ മുന്നോട്ട് കൊണ്ടുപോകൂ എന്നും, എങ്ങനെ ബാറ്റ് ചെയ്യണമെന്നോ എന്ത് ചെയ്യണമെന്നോ മറ്റാരും പറഞ്ഞുതരേണ്ടതില്ലെന്നും സഞ്ജു വ്യക്തമാക്കി. 'സഞ്ജുവിന് വേണ്ടി സഞ്ജു തീരുമാനമെടുക്കും' എന്നാണ് അദ്ദേഹം ഇതിനെക്കുറിച്ച് പറഞ്ഞത്.
ഇക്കഴിഞ്ഞ ടി20 ലോകകപ്പിൽ ഇന്ത്യയെ കിരീടത്തിലെത്തിക്കുന്നതിൽ നിർണായകമായത് സഞ്ജുവിന്റെ ഇന്നിങ്സുകളായിരുന്നു. സൂപ്പർ എട്ടിൽ വെസ്റ്റിൻഡീസിനെതിരേ പുറത്താകാതെ നേടിയ 97 റൺസും ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലിലും ന്യൂസീലൻഡിനെതിരായ ഫൈനലിലും നേടിയ അർധ സെഞ്ചുറികളും സഞ്ജുവിനെ ടൂർണമെന്റിലെ താരമാക്കിയിരുന്നു.
എന്നാൽ ലോകകപ്പ് വിജയത്തിനുശേഷം അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങളിൽ നാല് മത്സരങ്ങളിൽ നിന്ന് 35 റൺസ് മാത്രമാണ് സഞ്ജുവിന് നേടാനായത്. ഇതിനെത്തുടർന്ന് അദ്ദേഹത്തെ ഇന്ത്യൻ ടീമിൽ നിന്ന് വീണ്ടും ഒഴിവാക്കി. സിംബാബ്വെ പര്യടനത്തിനുള്ള ടീമിൽ സഞ്ജുവിന് പകരം അഭിഷേക് ശർമ, വൈഭവ് സൂര്യവംശി എന്നിവരെയാണ് ഉൾപ്പെടുത്തിയത്. ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ ടീമിനെ നയിക്കാൻ ബിസിസിഐ പരിഗണിക്കുന്ന പ്രധാന പേരുകളിലൊന്നാണ് സഞ്ജുവിന്റേത്.
content highlights:sanju samson malayalam interview viral statement