ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം രോഹിത് ശര്‍മ ഫിറ്റ്നസും ഫോമും നിലനിര്‍ത്തുന്നിടത്തോളം കാലം ടീമില്‍ അദ്ദേഹത്തിന് പകരം വെക്കാന്‍ മറ്റൊരാളില്ലെന്ന് മുന്‍ താരവും ക്രിക്കറ്റ് നിരീക്ഷകനുമായ ആകാശ് ചോപ്ര. 2027 ഏകദിന ലോകകപ്പില്‍ രോഹിത് കളിക്കാനുള്ള സാധ്യതകളെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കവെയാണ് രോഹിത് ശര്‍മ്മയുടെ ഭാവിയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ആകാശ് ചോപ്ര മറുപടി നല്‍കിയത്. 'ഫിറ്റായിരിക്കുകയും ലഭ്യമായിരിക്കുകയും റണ്‍സ് അടിച്ചുകൂട്ടുകയും ചെയ്യുന്നിടത്തോളം കാലം രോഹിത് ശര്‍മ്മയ്ക്ക് പകരക്കാരനില്ല. അത് വളരെ വ്യക്തമായ കാര്യമാണ്. അദ്ദേഹം ഏത് ഫോര്‍മാറ്റില്‍ കളിച്ചാലും, മികച്ച പ്രകടനം പുറത്തെടുക്കുന്ന കാലത്തോളം അദ്ദേഹത്തിന് പകരം വെക്കാന്‍ ടീമില്‍ ആളില്ല.' -ചോപ്ര പറഞ്ഞു. താരത്തിന്റെ പ്രായത്തെക്കുറിച്ചും 2027 ലോകകപ്പിലെ സാധ്യതകളെക്കുറിച്ചും ചോപ്ര കൂട്ടിച്ചേര്‍ത്തു. 'പ്രായം വെറുമൊരു സംഖ്യ മാത്രമാണ്. 2027 ലോകകപ്പ് വരുമ്പോഴേക്കും രോഹിതിന് 40 വയസ്സാകും. എന്നാല്‍ ഫിറ്റ്നസും കളിയിലെ മികവും നിലനിര്‍ത്താന്‍ സാധിച്ചാല്‍ പ്രായം തടസ്സമാകില്ല. 2027 ലോകകപ്പില്‍ അദ്ദേഹം കളിക്കുമോ ഇല്ലയോ എന്നത് പൂര്‍ണമായും അദ്ദേഹത്തിന്റെ ശരീരത്തിന്റെ അവസ്ഥയെയും ക്രിക്കറ്റിനോടുള്ള ആഗ്രഹത്തെയും ആശ്രയിച്ചായിരിക്കും. ടീമിന് ഇപ്പോഴും അദ്ദേഹത്തിന്റെ സാന്നിധ്യം വലിയ കരുത്താണ്.' -ആകാശ് ചോപ്ര പറഞ്ഞു.
ഓപ്പണിങ്ങില്‍ രോഹിത് നല്കുന്ന അതിവേഗ തുടക്കങ്ങളും ഇന്നിങ്സ് കെട്ടിപ്പടുക്കുന്ന രീതിയും ഇന്ത്യയുടെ വിജയങ്ങളില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്നുണ്ടെന്നും ആകാശ് ചോപ്ര ചൂണ്ടിക്കാട്ടി.
content highlights: "As Long As He Scores Runs, There Is No Replacement for Rohit Sharma": Aakash Chopra