പരമ്പര തൂത്തുവാരി ഇന്ത്യ; മൂന്നാം ടി20യിലെ ജയം 35 റൺസിന്

ഇന്ത്യയുടെ ബേബി ബോസ് വൈഭവ് സൂര്യവംശിയുടെ മിന്നും പ്രകടനമായിരുന്നു ഇന്ത്യയെ മികച്ച റൺസിലേക്ക് എത്തിച്ചിരുന്നത്

സിംബാബ്‌വെയ്ക്കെതിരായ പരമ്പര തൂത്തുവാരി ക്യാപ്റ്റൻ ശ്രേയസ് അയ്യരും സംഘവും. മൂന്നാം ടി20യിൽ 35 റൺസിനായിരുന്നു ഇന്ത്യയുടെ ജയം. ഇന്ത്യയുടെ ബേബി ബോസ് വൈഭവ് സൂര്യവംശിയുടെ മിന്നും പ്രകടനമായിരുന്നു ഇന്ത്യയെ മികച്ച റൺസിലേക്ക് എത്തിച്ചിരുന്നത്. 31 പന്തിൽ നിന്നായിരുന്നു വൈഭവ് ഇന്ത്യയ്ക്കായി മത്സരത്തിൽ അർധസെഞ്ചുറി കുറിച്ചത്. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ മുന്നേ തന്നെ പരമ്പര സ്വന്തമാക്കിയിരുന്നു.

മത്സരത്തിൽ നാല് സിക്സറുകളും എട്ട് ബൗണ്ടറികളും അടക്കം 49 പന്തിൽ നിന്ന് 81 റൺസാണ് താരം സ്വന്തമാക്കിയിരുന്നത്. മികച്ച ഫോമിൽ ബാറ്റ് വീശിക്കൊണ്ടിരുന്ന വൈഭവിനെ ബ്രാഡ് കൈപ്പിടിയിൽ ഒതുക്കുകയായിരുന്നു. ഇന്ത്യക്കായി ഇഷാൻ കിഷൻ 29 റൺസും ശ്രേയസ് അയ്യർ 27 റൺസും റിങ്കു സിംഗ് 25 റൺസും നേടിയിരുന്നു. തിലക് വർമ പുറത്താകാതെ ഒൻപത് പന്തിൽ 11 റൺസ് എടുത്തപ്പോൾ ഓപണർ അഭിഷേക് ശർമ മത്സരത്തിൽ നിരാശപ്പെടുത്തുകയായിരുന്നു. നാല് പന്തിൽ രണ്ട് റൺസ് മാത്രമായിരുന്നു താരത്തിന് നേടാനായത്. സിംബാബ്‌വെക്കായി ബ്രാഡ് ഇവാൻസ് രണ്ടും ബ്ലസിങ് മുസറബാനി, വെസ്‌ലി, നായകൻ സിക്കന്ദർ റാസ എന്നിവർ ഓരോ വിക്കറ്റുകൾ വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് എത്തിയ സിംബാബ്‌വെ നിരയിൽ റയാൻ അർധസെഞ്ചുറിയോടെ തിളങ്ങി. മറ്റാർക്കും തന്നെ ടീമിനായി വളരെ മികച്ച പ്രകടനം പുറത്തെടുക്കാനായിരുന്നില്ല. ഓപണർ ബ്രെയിൻ ബെന്നെറ്റ് ഗോൾഡൻ ഡക്ക് ആയായിരുന്നു മടങ്ങിയത്. മായങ്ക് എറിഞ്ഞ പന്തടിച്ച ബ്രയാനെ വൈഭവ് കയ്യിൽ ഭദ്രമാക്കുകയായിരുന്നു. ഇന്ത്യക്കായി മായങ്ക് യാദവ് മൂന്ന് വിക്കറ്റുകളും യഷ് താക്കൂർ രണ്ട് വിക്കറ്റുകളും അശോക് ശർമ, രവി ബിഷ്‌ണോയി എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Content highlight: India sweeps T20 series against Zimbabwe wins 3rd T20 by 35 runs

To advertise here,contact us