സിംബാബ്വെയ്ക്കെതിരായ ആദ്യ ട്വന്റി 20 യിലെ മിന്നും പ്രകടനത്തിന് പിന്നാലെ പ്രതികരണവുമായി മായങ്ക് യാദവ്.
22 വയസ് മുതൽ പരിക്ക് അലട്ടിയപ്പോൾ അത് തന്നെ മാനസികമായി ഏറെ ബാധിച്ചിരുന്നുവെന്ന് മായങ്ക് പറയുന്നു. ഇത്ര ചെറുപ്പത്തിൽ ഇത്രയധികം കാര്യങ്ങൾ സഹിക്കേണ്ടി വരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. അത് തന്നെ വല്ലാതെ ബാധിച്ചു. രണ്ട് വർഷത്തെ ഇടവേള വലിയ വെല്ലുവിളിയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'രാജ്യത്തിനായി കളിക്കുക എന്നത് കുട്ടിക്കാലം മുതലുള്ള സ്വപ്നമായിരുന്നു. അത് തന്നെയാണ് എന്നെ മുന്നോട്ടുനയിച്ചതും. ഹരാരെയിലെ സാഹചര്യങ്ങൾ എന്റെ ബൗളിങ് ശൈലിക്ക് അനുയോജ്യമായിരുന്നു. അതാണ് മികച്ച പ്രകടനം നടത്താൻ സഹായിച്ചത്. ശ്രേയസിന്റെ ക്യാപ്റ്റൻസിയിൽ ഞാൻ ആദ്യമായാണ് കളിക്കുന്നത്. അദ്ദേഹം ബൗളർമാർക്ക് പൂർണ സ്വാതന്ത്ര്യവും നൽകി, മായങ്ക് വ്യക്തമാക്കി.
രണ്ട് വർഷത്തെ പരിക്കിനുശേഷം കളിക്കളത്തിൽ തിരിച്ചെത്തിയ യുവതാരം രണ്ട് വിക്കറ്റുമായി പ്ലെയർ ഓഫ് ദ മാച്ച് പുരസ്കാരം നേടിയിരുന്നു. നാല് ഓവറിൽ 18 റൺസ് മാത്രം വിട്ടുകൊടുത്ത് നിർണായകമായ രണ്ട് വിക്കറ്റുകളാണ് 24-കാരൻ വീഴ്ത്തിയത്. ഇന്നാണ് സിംബാബ്വെയ്ക്കെതിരായ രണ്ടാം ടി 20 മത്സരം നടക്കുന്നത്.
Content highlights: mayank yadav reflects on injury struggles past two years