'ഭരണസംവിധാനങ്ങളിലും സർക്കാരിലും വിശ്വാസമർപ്പിക്കണം'; വിദ്യാർത്ഥി പ്രക്ഷോഭത്തിൽ ശിഖർ ധവാൻ

ഒളിംപിക്സ് സ്വർണ്ണമെഡൽ ജേതാവ് അഭിനാവ് ബിന്ദ്രയും ക്രിക്കറ്റ് താരം യുവരാജ് സിംഗും നേരത്തെ തന്നെ വിഷയത്തിൽ പ്രതികരണം നടത്തിയിരുന്നു

ഡൽഹി ജന്തർ മന്തറിലും രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലുമായി നെറ്റ് - യുജി പരീക്ഷ ക്രമക്കേടുകൾക്കും ചോദ്യപേപ്പർ ചോർന്നതിനും എതിരെയുള്ള പ്രക്ഷോഭങ്ങൾ ശക്തമാവുകയാണ്. പല പ്രമുഖരും ഇതിനോടകം തന്നെ ഇതിൽ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോൾ ഇന്ത്യൻ മുൻ ക്രിക്കറ്റ് താരം ശിഖർ ധവാനും തന്റെ സമൂഹമാധ്യമ അക്കൗണ്ടിലൂടെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്. ഭരണസംവിധാനങ്ങളിലും സർക്കാരിലും വിശ്വാസമർപ്പിക്കണമെന്നും ഒപ്പം സമരം ചെയ്യുന്ന വിദ്യാർത്ഥികൾ ക്ഷമയോടെ കാത്തിരിക്കണമെന്നുമാണ് താരം വ്യക്തമാക്കിയിരിക്കുന്നത്.

'ഈ യുവതലമുറയാണ് നമ്മുടെ രാജ്യത്തിന്റെ ഭാവി. അതുകൊണ്ട് തന്നെ അവരുടെ സ്വപ്നങ്ങളെ മനസിലാക്കേണ്ടത് അനിവാര്യമാണ്. അതേസമയം, നമ്മൾ രാജ്യത്തെ ഭരണസംവിധാനങ്ങളിലും സർക്കാരിലും വിശ്വാസമർപ്പിക്കണം. അതുപോലെ തന്നെ ഇത്തരം പ്രയാസകരമായ സാഹചര്യങ്ങളിൽ ക്ഷമയോടെ കാത്തിരിക്കണം', ശിഖർ ധവാൻ തന്റെ ഔദ്യോഗിക സമൂഹമാധ്യമത്തിൽ കുറിച്ചു. ഏതൊരു സാഹചര്യത്തിലും ക്ഷമയോടെ പരിഹാരം കണ്ടെത്താനാകുമെന്നും താരം കൂട്ടിച്ചേർത്തു.

ഒളിംപിക്സ് സ്വർണ്ണമെഡൽ ജേതാവ് അഭിനാവ് ബിന്ദ്രയും ക്രിക്കറ്റ് താരം യുവരാജ് സിംഗും നേരത്തെ തന്നെ വിഷയത്തിൽ പ്രതികരണം നടത്തിയിരുന്നു. കാര്യങ്ങൾ ചർച്ച ചെയ്ത് ആവശ്യമായ പ്രശ്നപരിഹാരം കണ്ടെത്തണമെന്നും ആവശ്യപ്പെട്ടു.

Content highlight: Shikhar Dhawan reacts to student protest urges trust in government

To advertise here,contact us