രോഹിത് ശര്‍മ്മയെപ്പോലെ ഇത്രയും പരിചയസമ്പന്നനും മികച്ചതുമായ ഒരു കളിക്കാരന് യാതൊരുവിധ സമ്മര്‍ദ്ദവുമില്ലെന്ന് ഇന്ത്യന്‍ ബാറ്റിങ് കോച്ച് സിതാന്‍ഷു കൊട്ടക്. രോഹിത് ശര്‍മ്മയുടെ ഫോമിനെക്കുറിച്ചും അദ്ദേഹത്തിന് മേലുള്ള സമ്മര്‍ദ്ദത്തെക്കുറിച്ചുമുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മത്സരത്തില്‍ 26 റണ്‍സെടുത്ത് രോഹിത് ശര്‍മ പുറത്തായിരുന്നു.
രോഹിത് ശര്‍മ്മ സമ്മര്‍ദ്ദത്തിലാണോ എന്ന ചോദ്യത്തിന്, 'രോഹിത് ശര്‍മ്മയെപ്പോലെ ഇത്രയും വലിയൊരു കളിക്കാരന് എന്തെങ്കിലും തരത്തിലുള്ള സമ്മര്‍ദ്ദമുണ്ടാകുമെന്ന് ഞാന്‍ കരുതുന്നില്ല. അദ്ദേഹം വര്‍ഷങ്ങളായി അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുന്ന വ്യക്തിയാണ്. മാത്രമല്ല ടീമിനായി മികച്ച തുടക്കങ്ങള്‍ നല്കാന് അദ്ദേഹം എപ്പോഴും ശ്രമിക്കാറുമുണ്ട്. കഴിഞ്ഞ മത്സരത്തിലും അദ്ദേഹം മികച്ച രീതിയിലാണ് ബാറ്റ് ചെയ്തത്,' -കൊട്ടക് പറഞ്ഞു.
ഇന്ത്യന്‍ ബാറ്റിങ് നിരയ്ക്ക് കുറച്ചുകൂടി മികച്ച സ്കോര്‍ കണ്ടെത്താന്‍ സാധിക്കണമായിരുന്നുവെന്ന് അഭിപ്രായപ്പെട്ടു. 'ഞങ്ങള്‍ കുറഞ്ഞത് 270-280 റണ്‍സ് എങ്കിലും നേടണമായിരുന്നു. വിരാടും ശ്രേയസും മികച്ച കൂട്ടുകെട്ടുണ്ടാക്കിയെങ്കിലും, അവര്‍ പുറത്തായതിന് ശേഷം കൃത്യമായ ഇടവേളകളില്‍ ഞങ്ങള്‍ക്ക് വിക്കറ്റുകള്‍ നഷ്ടമായി. ഇംഗ്ലണ്ടിന്റെ പേസ് ബൗളര്‍മാര്‍ മികച്ച രീതിയിലാണ് പന്തെറിഞ്ഞത്,' -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 44 ഓവറില്‍ 233 റണ്‍സിന് പുറത്തായിരുന്നു. വിരാട് കോഹ്ലി (65), ശ്രേയസ് അയ്യര്‍ (66) എന്നിവരുടെ അര്‍ധസെഞ്ചുറികളാണ് ഇന്ത്യയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. മറുപടി ബാറ്റിങ്ങില്‍ ജോ റൂട്ടിന്റെ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനത്തിന്റെ (പുറത്താകാതെ 99 റണ്‍സ്) കരുത്തില്‍ 35 പന്തുകള്‍ ബാക്കിനില്‍ക്കെ ഇംഗ്ലണ്ട് ലക്ഷ്യം കണ്ടു. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര 1-1 എന്ന നിലയിലായി. ജൂലൈ 19-ന് ലോര്‍ഡ്സിലാണ് പരമ്പരയിലെ നിര്‍ണായകമായ അവസാന മത്സരം നടക്കുക.
content highlights: 'Don't think Rohit Sharma will be under pressure'; Indian batting coach