തുടർച്ചയായ തോൽവികൾക്ക് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ വിമർശിച്ച് ശശി തരൂർ. അയർലാഡിന് പിന്നാലെ ഇംഗ്ലണ്ടിനോടും തുടർ തോൽവികൾ ഏറ്റുവാങ്ങുന്ന സാഹചര്യത്തിലാണ് അദ്ദേഹം വിമർശിച്ചിരിക്കുന്നത്. സമൂഹമാധ്യമായ എക്സിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'ഇംഗ്ലണ്ടിന് എതിരായ ഇന്ത്യയുടെ തോൽവിയിൽ അമ്പരന്ന് പോയി. വലിയ നാണക്കേട് തന്നെയാണ് ഇത്. പറയാൻ വാക്കുകൾ കിട്ടുന്നില്ല', ശശി തരൂർ എക്സിൽ കുറിച്ചു. ഇന്ത്യയുടെ ടി20 ക്രിക്കറ്റ് ടീം നായകനായി ശ്രേയസ് അയ്യർ സ്ഥാനമേറ്റെടുത്തതിന് ശേഷം കളിച്ച ഒരു മത്സരത്തിൽ പോലും ഇന്ത്യയ്ക്ക് വിജയിക്കാൻ ആയിട്ടില്ല. ഈ മോശം പ്രകടനം ആരാധകരെയും ക്രിക്കറ്റ് വിദഗ്ധരെയും ഒരുപോലെ ആശങ്കയിലാക്കുന്നുണ്ട്. ഇലവനിൽ താരങ്ങളെ മാറ്റി പല പരീക്ഷണങ്ങൾ നടത്തിയെങ്കിലും ഒന്നും തന്നെ വിജയം കണ്ടില്ല. അതിന്റെ ആ ഒരു ഭാഗം കൂടി ആയിരുന്നു ഓപണർ സഞ്ജു സാംസണെ മാറ്റി ആ സ്ഥാനത്തേക്ക് വൈഭവ് സൂര്യവംശിയെ കൊണ്ടുവന്നതും. എന്നാൽ, മികച്ച രീതിയിൽ വൈഭവ് ബാറ്റ് വീശി തുടങ്ങുമെങ്കിലും ആ പ്രകടനം തുടർന്നുകൊണ്ട് പോകാൻ പലപ്പോഴും വൈഭവിന് കഴിഞ്ഞിട്ടില്ല.
നാളെയാണ് (11/07/2026) ഇന്ത്യ - ഇംഗ്ലണ്ട് ടി20 സീരിസിലെ അവസാന മത്സരം. പരമ്പര 4 - 0 ന് ഇംഗ്ലണ്ട് മുന്നിലാണ്. ആശ്വാസ ജയത്തിനായി ഇന്ത്യയ്ക്ക് ഈ മത്സരം ജയിച്ചെ മതിയാകൂ. ആദ്യ മത്സരം മഴ മൂലം ഉപേക്ഷിക്കേണ്ടി വന്നപ്പോൾ പിന്നീട് കളിച്ച മൂന്ന് മത്സരങ്ങളും ഇന്ത്യ തോൽവി വഴങ്ങുകയായിരുന്നു.
Content highlight: Shashi Tharoor criticizes team India after defeat against England