'പരാജയപ്പെട്ടത് അവന്‍ മാത്രമല്ല': സഞ്ജുവിനെ മാത്രം കുറ്റപ്പെടുത്തുന്നതിനെതിരെ പരിശീലകന്‍

സിംബാബ്വെ പര്യടനത്തില്‍നിന്ന് സഞ്ജു സാംസണിനെ ഒഴിവാക്കിയിരുന്നു

സിംബാബ്വെ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് മലയാളി താരം സഞ്ജു സാംസണെ ഒഴിവാക്കിയതിനെതിരെ കടുത്ത വിമര്‍ശനവുമായി സഞ്ജുവിന്റെ കുട്ടിക്കാലത്തെ പരിശീലകന്‍ ബിജു ജോര്‍ജ് രംഗത്ത്. ടീമില്‍ പരാജയപ്പെട്ട ഏക കളിക്കാരന്‍ സഞ്ജു മാത്രമല്ലെന്നും, എന്നാല്‍ മോശം പ്രകടനത്തിന്റെ പേരില്‍ സഞ്ജുവിനെ മാത്രം തിരഞ്ഞുപിടിച്ച് വേട്ടയാടുകയും ഒഴിവാക്കുകയും ചെയ്യുന്നത് അങ്ങേയറ്റം അനീതിയാണെന്നും അദ്ദേഹം തുറന്നടിച്ചു. അയര്‍ലന്‍ഡ് പരമ്പരയിലെ മോശം പ്രകടനത്തിന്റെ പേരിലാണ് സഞ്ജുവിനെ സിംബാബ്വെ പരമ്പരയില്‍ നിന്ന് സെലക്ടര്‍മാര്‍ ഒഴിവാക്കിയതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതാണ് താരത്തിന്റെ കുട്ടിക്കാലത്തെ പരിശീലകന്‍ വിമര്‍ശിച്ചത്.

'ഒരു മത്സരത്തിലോ പരമ്പരയിലോ ടീമിലെ ഭൂരിഭാഗം കളിക്കാരും പരാജയപ്പെടുമ്പോള്‍, അതിന്റെ ഉത്തരവാദിത്തം സഞ്ജുവിന്റെ മേല്‍ മാത്രം കെട്ടിവെക്കുന്നത് എന്തിനാണ്? പരാജയപ്പെട്ടത് അവന്‍ മാത്രമല്ല. എന്നാല്‍ ടീം തിരഞ്ഞെടുപ്പ് വരുമ്പോള്‍ സഞ്ജുവിനെ മാത്രം സിംഗിള്‍ ഔട്ട് ചെയ്ത് പുറത്തിരുത്തുന്നത് സ്ഥിരം കാഴ്ചയായി മാറിയിരിക്കുന്നു,' -കോച്ച് വ്യക്തമാക്കി. സഞ്ജുവിന് അന്താരാഷ്ട്ര തലത്തില്‍ തുടര്‍ച്ചയായ അവസരങ്ങള്‍ ലഭിക്കുന്നില്ലെന്നത് കാലങ്ങളായുള്ള പരാതിയാണ്. ഒന്നോ രണ്ടോ മത്സരങ്ങളില്‍ ഫോം കണ്ടെത്താനാകാതെ വരുമ്പോള്‍ തന്നെ ടീമില്‍ നിന്ന് പുറത്താക്കപ്പെടുന്ന അവസ്ഥ താരത്തിന്റെ ആത്മവിശ്വാസത്തെ ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'അവന്‍ മൂന്ന് മത്സരങ്ങളില്‍ പരാജയപ്പെട്ടു എന്നത് ഞാന്‍ സമ്മതിക്കുന്നു. പക്ഷേ, ആ മത്സരങ്ങളില്‍ അവന്‍ മാത്രമാണോ പരാജയപ്പെട്ടത്? അല്ലല്ലോ? എനിക്ക് ശരിക്കും സങ്കടമുണ്ട്. ഞാന്‍ പൂര്‍ണമായും തകര്‍ന്നുപോയി. കാരണം, വരാനിരിക്കുന്ന ഒരു വര്‍ഷത്തേക്കെങ്കിലും അവന് തുടര്‍ച്ചയായി മൂന്ന് പര്യടനങ്ങളിലായി അഞ്ചോ ആറോ മത്സരങ്ങള്‍ നല്‍കുമെന്നാണ് ഞാന്‍ കരുതിയത്. അവനൊരു ബാറ്റിങ് സ്ലോട്ട് സ്ഥിരമായി നല്‍കണമായിരുന്നു. വളരെ സങ്കടകരമാണിത്,' -ബിജു ജോര്‍ജ് പറഞ്ഞു. 'ലോകകപ്പ് ജയിപ്പിച്ച മാച്ച് വിന്നറോട് ഇങ്ങനെ ചെയ്യാമോ?' സഞ്ജുവിന്റെ പ്രതിഭയെയും കരിയറിനെയും കുറിച്ച് കോച്ച് വാചാലനായി: 'ഈ പ്രതിഭ വെച്ച് അവന്റെ നിലവാരത്തെക്കുറിച്ച് ആര്‍ക്കും ഒരു സംശയവുമില്ല. അവന്‍ ഇന്ത്യയുടെ മാച്ച് വിന്നര്‍ ആയിരുന്നു എന്നതിലും തര്‍ക്കമില്ല. അവന്‍ നിങ്ങള്‍ക്ക് ലോകകപ്പ് നേടിത്തന്നു. എന്നിട്ട് ഇപ്പോള്‍ അവനോട് ഇങ്ങനെ ചെയ്യാമോ? ചില കാര്യങ്ങള്‍ നമുക്ക് ഒരിക്കലും മനസ്സിലാക്കാന്‍ കഴിയില്ല, എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നതെന്ന്. വളരെ സങ്കടം തോന്നുന്നു.' -അദ്ദേഹം പറഞ്ഞു.

അതേസമയം, സഞ്ജുവിനെ സിംബാബ്‌വേ പര്യടനത്തില്‍ പരിഗണിക്കാത്തതിന് പിന്നാലെ ആരാധകര്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിനിടയാക്കി. മറ്റു പല സീനിയര്‍ താരങ്ങള്‍ക്കും ഫോം വീണ്ടെടുക്കാന്‍ സെലക്ടര്‍മാര്‍ ആവര്‍ത്തിച്ച് അവസരങ്ങള്‍ നല്‍കുമ്പോള്‍, സഞ്ജുവിനോട് മാത്രം കാണിക്കുന്ന ഈ ഇരട്ടത്താപ്പ് ഇന്ത്യന്‍ ക്രിക്കറ്റിന് നല്ലതല്ലെന്ന് ക്രിക്കറ്റ് നിരീക്ഷകരും വിലയിരുത്തുന്നു. വരാനിരിക്കുന്ന ആഭ്യന്തര സീസണിലും ഐപിഎല്ലിലും മികച്ച പ്രകടനം നടത്തി സഞ്ജു ശക്തമായി തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. കഴിഞ്ഞ ഐപിഎല്‍ സീനണില്‍ രണ്ട് സെഞ്ചുറികള്‍ അടക്കം തകര്‍പ്പന്‍ പ്രകടനമാണ് സഞ്ജു കാഴ്ചവെച്ചത്. ആ ടൂര്‍ണമെന്റില്‍ ഒരു ബാറ്റര്‍ നേടുന്ന ഏറ്റവും കൂടുതല്‍ സെഞ്ചുറികളായിരുന്നു ഇത്. എന്നാല്‍ അതിന് ശേഷം നടന്ന അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങളില്‍ 5, 0, 1 എന്നിങ്ങനെ കുറഞ്ഞ സ്‌കോറുകള്‍ക്ക് പുറത്തായതാണ് സഞ്ജുവിന് തിരിച്ചടിയായത്. ഇതോടെയാണ് 15 വയസ്സുകാരനായ വൈഭവ് സൂര്യവംശിക്ക് വഴിമാറി സഞ്ജുവിന് ഇന്ത്യന്‍ ടീമിലെ സ്ഥാനം നഷ്ടമായത്.

content highlights: 'He is not the only one who failed': Coach against singling out Sanju Samson for blame

To advertise here,contact us