'വൈഭവ് ടി20 ഫോര്‍മാറ്റ് തിരഞ്ഞെടുത്തേക്കും, ടെസ്റ്റ് ക്രിക്കറ്റിനേക്കാള്‍ എളുപ്പം അതാണ്' -എബി ഡിവില്ലിയേഴ്‌സ്

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിലാണ് വൈഭവ് സൂര്യവംശി അരങ്ങേറ്റം കുറിച്ചത്

ക്രിക്കറ്റിലെ കൗമാര വിസ്മയം വൈഭവ് സൂര്യവംശി തന്റെ തലമുറയില്‍ ടെസ്റ്റ് ക്രിക്കറ്റിനേക്കാള്‍ ടി20 ക്രിക്കറ്റ് തിരഞ്ഞെടുക്കുന്ന ആദ്യ കളിക്കാരില്‍ ഒരാളായി മാറിയേക്കുമെന്ന് മുന്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ബാറ്റര്‍ എബി ഡിവില്ലിയേഴ്‌സ്. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിലാണ് വൈഭവ് സൂര്യവംശി ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചത്. ടി20 ക്രിക്കറ്റിന്റെ വര്‍ധിച്ചുവരുന്ന ജനപ്രീതി സൂര്യവംശിയെപ്പോലുള്ള യുവതാരങ്ങളെ തങ്ങളുടെ കരിയറിന്റെ ദിശ തീരുമാനിക്കുന്നതില്‍ സ്വാധീനിച്ചേക്കാമെന്നും ഡിവില്ലിയേഴ്‌സ് പറഞ്ഞു.

'ടെസ്റ്റ് ക്രിക്കറ്റില്‍ എനിക്ക് താല്‍പ്പര്യമില്ല. ടി20 ക്രിക്കറ്റ് കളിക്കുന്നതില്‍ ഞാന്‍ പൂര്‍ണ സംതൃപ്തനാണ് എന്ന് ലളിതമായി പറയുന്ന ആദ്യത്തെ യുവാക്കളില്‍ ഒരാളായി സൂര്യവംശി മാറിയേക്കാം,' -ഡിവില്ലിയേഴ്‌സ് പറഞ്ഞു. കളിക്കളത്തിലെ സാഹചര്യങ്ങള്‍ കാരണം ബാറ്റര്‍മാര്‍ക്ക് ടി20 ക്രിക്കറ്റ് കൂടുതല്‍ സുഖകരമായ ഫോര്‍മാറ്റായിരിക്കുമെന്നും ഡിവില്ലിയേഴ്‌സ് പറയുന്നു. 'സുഖസൗകര്യങ്ങളുടെ കാര്യത്തില്‍ നോക്കിയാല്‍, ടി20 വളരെ എളുപ്പമാണ്. നിങ്ങള്‍ ചെറിയ സ്‌പെല്ലുകളെയാണ് നേരിടുന്നത്. പവര്‍പ്ലേയില്‍ സര്‍ക്കിളിന് പുറത്ത് രണ്ട് ഫീല്‍ഡര്‍മാര്‍ മാത്രമേ ഉണ്ടാകൂ. വിക്കറ്റുകള്‍ കൂടുതല്‍ ഫ്‌ലാറ്റ് ആണ്. ഒരു ക്രിക്കറ്റര്‍ എന്ന നിലയില്‍ ഇത് വളരെ എളുപ്പമുള്ള ജീവിതമായിരിക്കും. അവന്‍ എന്താണ് തീരുമാനിക്കുകയെന്ന് നമുക്ക് നോക്കാം. എന്നാല്‍ അവന്‍ എന്ത് തിരഞ്ഞെടുത്താലും, ആ വഴിയില്‍ തീര്‍ച്ചയായും വെല്ലുവിളികളുണ്ടായേക്കാമെന്നും അദ്ദേഹം പറഞ്ഞു. സൂര്യവംശി ടെസ്റ്റ് ക്രിക്കറ്റ് കളിക്കേണ്ടതില്ല എന്ന് തീരുമാനിച്ചാല്‍, അതിന്റെ ഉത്തരവാദിത്തം കളിക്കാരന്റെ മേല്‍ ചുമത്തരുതെന്നും മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, സൂര്യവംശിയുടെ യാത്ര എളുപ്പമാകില്ലെന്നും ഡിവില്ലിയേഴ്‌സ് പറഞ്ഞു. 'അവന്‍ പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്നുപോകും. അവന്റെ സ്വഭാവം പരീക്ഷിക്കപ്പെടും. ആ ഘട്ടങ്ങളെ തരണം ചെയ്യാനുള്ള സ്വഭാവ മഹിമയും മാനസിക കരുത്തും തനിക്കുണ്ടോ എന്ന് തെളിയിക്കേണ്ടത് അവന്റെ ചുമതലയായിരിക്കും. അവന്‍ നേരിട്ടേക്കാവുന്ന നിരവധി അപകട സൂചനകളും അവിടെയുണ്ട്,' -ഡിവില്ലിയേഴ്‌സ് പറഞ്ഞു. സൂര്യവംശി വളര്‍ന്നു വരുമ്പോള്‍ അവന് ശരിയായ മാര്‍ഗനിര്‍ദ്ദേശം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

content highlights: 'Vaibhav might choose the T20 format, it is easier than Test cricket' - AB de Villiers

To advertise here,contact us