ക്രിക്കറ്റിലെ വണ്ടര്‍ കിഡ് വൈഭവ് സൂര്യവംശി ടെസ്റ്റ് ക്രിക്കറ്റ് മത്സരങ്ങള്‍ കളിക്കണമെന്നാണ് ആഗ്രഹമെന്ന് രവിചന്ദ്രന്‍ അശ്വിന്. 2026 ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ ഓറഞ്ച് ക്യാപ് നേടിയ താരം മറ്റു നാലുപുരസ്കാരങ്ങള് കൂടി സ്വന്തമാക്കിയിരുന്നു. രാജസ്ഥാന് റോയല്‍സിനുവേണ്ടി 776 റണ്‍സ് നേടിക്കൊണ്ടാണ് താരം ഓറഞ്ച് ക്യാപ് സ്വന്തമാക്കിയത്. 15-കാരന്റെ പ്രകടനം രാജസ്ഥാന്റെ വിജയങ്ങളിലും നിര്‍ണായകമായി. താരത്തിന്റെ മികച്ച ഭാവിയെ പ്രകീര്‍ത്തിച്ച് ഒട്ടേറെ മുന്‍താരങ്ങളും രംഗത്തെത്തിയിരുന്നു. ഇതോടൊപ്പമാണ് ഇപ്പോള്‍ അശ്വിന്റെ പ്രതികരണം.
'എനിക്ക് വ്യക്തിപരമായി തോന്നുന്നത് വൈഭവ് ടെസ്റ്റ് ക്രിക്കറ്റ് കളിക്കണമെന്നാണ്. ക്രിക്കറ്റില്‍ ശോഭനമായ ഭാവിക്ക് അത് നിര്‍ണായകവുമാണ്' -അശ്വിന് പറഞ്ഞു. കളി അടിച്ചേല്‍പ്പിക്കാന്‍ പറ്റില്ല. എങ്കിലും ക്രിക്കറ്റില്‍ ഏറ്റവും മികച്ചതാണ് ടെസ്റ്റ് മത്സരങ്ങള്‍. ടെസ്റ്റ് ക്രിക്കറ്റ് കളിക്കാന്‍ വലിയ താല്പര്യം കാണിക്കുന്ന യുവതാരങ്ങള്‍ കുറഞ്ഞുവരികയാണെന്നും അശ്വിന് പറഞ്ഞു.
2024 ഡിസംബറിലാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് അശ്വിന് വിരമിച്ചത്. എല്ലാ ഫോര്‍മാറ്റുകളിലുമായി അദ്ദേഹം 765 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. അനില്‍ കുംബ്ലെയ്ക്ക് (953) പിറകില്‍ വിക്കറ്റ് വേട്ടയില്‍ രണ്ടാം സ്ഥാനക്കാരനുമാണ് അശ്വിന്. ടെസ്റ്റ് ക്രിക്കറ്റിലും രണ്ടാം സ്ഥാനക്കാരനാണ് അശ്വിന്. ഒന്നാം സ്ഥാനം അനില്‍ കുംബ്ലെയ്ക്ക് തന്നെയാണ്. 619 വിക്കറ്റുകളാണ് കുംബ്ലെയുടെ സമ്പാദ്യം. 537 വിക്കറ്റികളാണ് അശ്വിന് ടെസ്റ്റ് ക്രിക്കറ്റില്‍ നേടിയത്. ടെസ്റ്റ് ക്രിക്കറ്റില്‍ ആറു സെഞ്ചുറികളും അശ്വിന്റെ പേരിലുണ്ട്.
content highlights: Let Vaibhav Suryavanshi play Test cricket" - Ravichandran Ashwin