സണ്‍റൈസേഴ്‌സിന് നിരാശ; അടുത്ത ഐപിഎല്‍ സീസണില്‍ കമിന്‍സ് ഇല്ല?

അന്താരാഷ്ട്ര മത്സരങ്ങള്‍ ജോലി ഭാരം വര്‍ധിപ്പിക്കുമെന്നതിനാലാണ് ഐപിഎല്‍ കളിക്കാനില്ലാത്തതെന്ന് സൂചന

ഇക്കഴിഞ്ഞ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ പ്ലേ ഓഫിലേക്കെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നത് പാറ്റ് കമിന്‍സായിരുന്നു. എട്ടുടീമുകള്‍ക്ക് പ്ലേ ഓഫിലേക്ക് സാധ്യതകള്‍ നിലനില്‍ക്കെ തന്റെ ടീമിനെ മികച്ച പ്രകടനത്തോടെ പ്ലേ ഓഫിലേക്കെത്തിക്കാന്‍ അദ്ദേഹത്തിനായി. അടുത്ത സീസണിലേക്ക് മികച്ച പ്രതീക്ഷയോടെയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് കാത്തിരിക്കുന്നത്. എന്നാല്‍ ആരാധകര്‍ക്ക് നിരാശയായി പുതിയ വാര്‍ത്തയെത്തി. അടുത്ത സീസണില്‍ കമിന്‍സ് കളിച്ചേക്കില്ലെന്നാണ് സൂചന. തുടര്‍ച്ചയായ അന്താരാഷ്ട്ര മത്സരക്രമങ്ങള്‍ കാരണം തന്റെ ജോലിഭാരം നിയന്ത്രിക്കുന്നതിനും ഫിറ്റ്‌നസ് നിലനിര്‍ത്തുന്നതിനുമായി ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ നിന്ന് താല്‍ക്കാലികമായി വിട്ടുനില്‍ക്കാന്‍ താന്‍ നിര്‍ബന്ധിതനായേക്കുമെന്ന് ഓസീസ് താരം സൂചന നല്‍കുന്നു. കോടിക്കണക്കിന് രൂപയുടെ ഫ്രാഞ്ചൈസി പണത്തേക്കാള്‍ എപ്പോഴും രാജ്യത്തിനാണ് താന്‍ മുന്‍ഗണന നല്‍കുന്നതെന്നാണ് കമിന്‍സ് പറയുന്നത്.

അടുത്തവര്‍ഷം ഒട്ടേറെ പ്രധാനപ്പെട്ട മത്സരങ്ങളാണ് ഓസ്‌ട്രേലിയയെ കാത്തിരിക്കുന്നത്. ഇന്ത്യക്കെതിരായ അഞ്ച് മത്സരങ്ങളുടങ്ങിയ ടെസ്റ്റ് പരമ്പരയായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയും നടക്കാനിരിക്കുന്നുണ്ട്. പിന്നാലെ ചിരവൈരികളായ ഇംഗ്ലണ്ടിനെതിരായ മത്സരങ്ങളും ശേഷം ആഷസ് പരമ്പരയും ഓസ്‌ട്രേലിയയെ കാത്തിരിക്കുന്നു. ദക്ഷിണാഫ്രിക്ക, നമീബിയ, സിംബാബ്വെ എന്നീ രാജ്യങ്ങള്‍ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ഐസിസി ഏകദിന ലോകകപ്പ് പോരാട്ടങ്ങളും ഒക്ടോബറില്‍ നടക്കാനുണ്ട്. ഇതെല്ലാം വലിയ ജോലി ഭാരമാണെന്നാണ് കമിന്‍സ് പറയുന്നത്. ടെസ്റ്റ് മത്സരങ്ങളും ഏകദിന ലോകകപ്പുമാണ് തനിക്ക് പ്രധാനമെന്നും, അടുത്ത വര്‍ഷത്തെ തിരക്ക് പരിഗണിക്കുമ്പോള്‍ ഏതെങ്കിലുമൊക്കെ ഒഴിവാക്കേണ്ടി വരുമെന്നും അത് ഒരിക്കലും അന്താരാഷ്ട്ര മത്സരങ്ങളായിരിക്കില്ലെന്നും കമിന്‍സ് വ്യക്തമാക്കി. ഇതോടെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ആരാധകരും നിരാശയിലായി.

ഇന്ത്യയ്ക്കെതിരായ പരമ്പരയ്ക്ക് ശേഷം ആഷസിലേക്ക് കടക്കുന്നതിന് മുന്‍പ് നിര്‍ബന്ധമായും വിശ്രമം അനിവാര്യമാണെന്നും കമിന്‍സ് പറയുന്നു. അതേസമയം, ഐപിഎല്‍ തീര്‍ത്തും കളിക്കില്ലെന്ന് അദ്ദേഹം പറഞ്ഞിട്ടില്ല എന്നതാണ് ടീമിനെ സംബന്ധിച്ചിടത്തോളം ആശ്വാസം. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മാനേജ്‌മെന്റുമായി കൃത്യമായ ചര്‍ച്ചകള്‍ നടത്തിയ ശേഷം, ടൂര്‍ണമെന്റിനോട് അടുപ്പിച്ച് മാത്രമേ അന്തിമ തീരുമാനം എടുക്കൂ എന്ന് അദ്ദേഹം വെളിപ്പെടുത്തി. പ്രധാന മത്സരങ്ങള്‍ ഉള്ളതിനാല്‍ മറ്റു ഓസ്‌ട്രേലിയന്‍ താരങ്ങളും സമാന തീരുമാനങ്ങളിലേക്ക് കടക്കുമോയെന്നാണ് മറ്റു ടീമുകളുടെ ആശങ്ക.

content highlights: Disappointment for Sunrisers; No Cummins in the next IPL season?

To advertise here,contact us