നടി സുസ്മിത സെന്നമായുള്ള ബന്ധത്തെ കുറിച്ച് പുതിയ വെളിപ്പെടുത്തലുമായി മുൻ ഐ പി എൽ ചെയർമാൻ ലളിത് മോദി. സുസ്മിതയുമായുള്ള ബന്ധം തുറന്നുപറഞ്ഞതിന് പിന്നാലെ വന്ന വിമർശനങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ശതകോടീശ്വരനായ ലളിത് മോദിയുമായി ബന്ധം സ്ഥാപിച്ചത് പണം മോഹിച്ചാണെന്ന വിമർശനമാണ് സുസ്മിതയ്ക്കെതിരെ ഉയർന്നത്. എന്നാൽ ഈ ആരോപണങ്ങൾ തള്ളി രംഗത്തെത്തിയിരിക്കുകയാണ് മോദി. തങ്ങളുടെ ബന്ധത്തിന് പണവുമായി യാതൊരു ബന്ധവുമില്ലെന്ന് ‘ഹ്യൂമൻസ് ഓഫ് ബോംബെ’യുമായി നടത്തിയ പോഡ്കാസ്റ്റിൽ ലളിത് മോദി പറഞ്ഞു.
സുസ്മിതയുമായി തനിക്ക് ഒരു പ്രത്യേക ബന്ധമുണ്ടായിരുന്നെന്ന് സമ്മതിച്ച അദ്ദേഹം, സമൂഹമാധ്യമ പോസ്റ്റിലൂടെ ഈ ബന്ധം പരസ്യമാക്കാനുള്ള തന്റെ തീരുമാനത്തെക്കുറിച്ചും അതിനുശേഷമുണ്ടായ പ്രതികരണങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞു.
‘സുസ്മിത എനിക്ക് വളരെ സ്പെഷലായിരുന്നു; ഇന്നത്തെ എന്നെ രൂപപ്പെടുത്തിയതിൽ അവർക്കു വലിയ പങ്കുണ്ട്. ആ സമയത്ത് അവർ എന്റെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായിരുന്നു. എന്റെ ജീവിതം ലണ്ടനിലും അവളുടേത് ഇന്ത്യയിലും ആയിരുന്നതിനാൽ ദൂരക്കൂടുതൽ ഒരു തടസ്സമായി. എങ്കിലും, അതൊരു സവിശേഷമായ ബന്ധമായിരുന്നു ’– ലളിത് മോദി പറഞ്ഞു.
സുസ്മിത സെന്നിനെ ‘ഗോൾഡ് ഡിഗ്ഗർ’ അഥവാ പണത്തോട് ആർത്തിയുള്ളവൾ എന്ന് വിളിച്ച് പരിഹസിച്ചവർക്ക് അവർ നൽകിയ മറുപടിയെക്കുറിച്ചും ലളിത് മോദി പ്രതികരിച്ചു.
‘സുസ്മിത വളരെ സുന്ദരിയും സാമ്പത്തികമായി വളരെ നല്ല നിലയിലുള്ളതുമായ ഒരു സ്ത്രീയാണ്. ഈ ഭൂമിയിൽ എനിക്കറിയാവുന്ന മറ്റാരെക്കാളും കൂടുതൽ വജ്രങ്ങൾ അവളുടെ പക്കലുണ്ട്. അവൾ വളരെ സമ്പന്നയായ ഒരു സ്ത്രീയാണ്. ഞാൻ അവളോടൊപ്പം പുറത്തുപോയ ഒരു കാലമുണ്ടായിരുന്നു, അപ്പോഴൊന്നും എനിക്ക് ഒന്നിനും പണം നൽകേണ്ടി വന്നിട്ടില്ല. അവളാണ് എല്ലാത്തിനും പണം നൽകിയത്. ഞാൻ ഒരു ‘കെപ്റ്റ് ബോയ്ഫ്രണ്ട്’ അഥവാമറ്റൊരാളുടെ ചെലവിൽ കഴിയുന്ന കാമുകൻ പോലെയായിരുന്നു. അതുകൊണ്ട് ആളുകൾ അവളെ ഗോൾഡ് ഡിഗ്ഗർ എന്ന് വിളിച്ചത് തികച്ചും തെറ്റാണ്.’– ലളിത് വ്യക്തമാക്കി.