'അവൻ പ്രതിഭയല്ല, പ്രതിഭാസമാണ്'; വൈഭവിനെ പ്രശംസിച്ച് ഓസീസ് നായകൻ

ഐപിഎല്‍ 2026ൽ എലിമിനേറ്റർ പോരാട്ടത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ വൈഭവ് വളരെ മികച്ച പ്രകടനം ആയിരുന്നു പുറത്തെടുത്തിരുന്നത്

2026 ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാന്‍ റോയല്‍സിനായി ത്രസിപ്പിക്കുന്ന പ്രകടനം പുറത്തെടുത്ത വൈഭവ് സൂര്യവംശിയെ പ്രശംസിച്ച് ഓസ്‌ട്രേലിയ, സൺറൈസേഴ്സ് ഹൈദരാബാദ് ടീമുകളുടെ നായകൻ പാറ്റ് കമ്മിൻസ്. വിശ്വസിക്കാൻ കഴിയാത്ത വിധമുള്ള പ്രകടനമാണ് ഈ പ്രായത്തിൽ വൈഭവ് പുറത്തെടുത്തതെന്ന് കമ്മിൻസ് പറഞ്ഞു. പല മുൻനിര ബാറ്റർമാരെയും പിന്നിലാക്കികൊണ്ട് റൺവേട്ടക്കാർക്കുള്ള ഓറഞ്ച് ക്യാപ് സ്വന്തമാക്കിയ താരത്തിന് വെറും പതിനഞ്ച് വയസ് മാത്രമാണ് പ്രായം. ഐപിഎല്ലിന് ശേഷം ഓസ്ട്രേലിയയില്‍ തിരിച്ചെത്തിയ കമിന്‍സ് സിഡ്നി മോണിംഗ് ഹെറാൾഡിന് നൽകിയ അഭിമുഖത്തിലായിരുന്നു വൈഭാവിനെ പ്രശംസിച്ചുകൊണ്ട് സംസാരിച്ചത്.

'ഇന്ത്യൻ ക്രിക്കറ്റ് ലോകം ഇപ്പോഴും ആ അവിശ്വസനീയതയിൽ നിന്ന് പുറത്ത് വന്നിട്ടില്ല എന്നാണ് എനിക്ക് തോന്നുന്നത്. അവൻ പ്രതിഭയുടെ മിന്നലാട്ടമല്ല, ഒരു യഥാർത്ഥ പ്രതിഭാസമാണ്. പന്ത് വളരെ മനോഹരമായി ഹിറ്റ് ചെയ്യുന്ന താരം കൂടിയാണ് അവൻ. വൈഭവ് അടിക്കുന്ന പന്തുകൾ ബൗണ്ടറിയില്‍ നിന്നും 20 മുതൽ 30 മീറ്റർ ദൂരെ വരെയാണ് പോയി വീഴുന്നത്. അത്രയും കരുത്തനായ, ഒരുപാട് ഷോട്ടുകളുള്ള ഒരു ബാറ്റർക്കെതിരെ പന്തെറിയുമ്പോൾ ബൗളർമാർക്ക് പിഴവുകൾ വരുത്താനുള്ള സാധ്യത വളരെ കുറവാണ്. വൈഭവ് എന്നെ ശരിക്കും എന്നെ അത്ഭുതപ്പെടുത്തി', കമിൻസ് വ്യക്തമാക്കി.

ഐപിഎല്‍ 2026ൽ എലിമിനേറ്റർ പോരാട്ടത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ വൈഭവ് വളരെ മികച്ച പ്രകടനം ആയിരുന്നു പുറത്തെടുത്തിരുന്നത്. എസ്ആർഎച്ച് നായകൻ പാറ്റ് കമിന്‍സിനെ ഹാട്രിക് സിക്സ് പറത്തിയ വൈഭവ് 29 പന്തില്‍ 97 റണ്‍സടിച്ചുകൊണ്ടായിരുന്ന് അന്ന് മത്സരത്തിൽ പുറത്തായത്.

Content highlight: Australian Captain praises young Indian player Vaibhav Suryavanshi

To advertise here,contact us