അത്ഭുതക്കുതിപ്പുമായി വണ്ടര്‍ കിഡ്; കൗമാര താരത്തിന്റെ ബാറ്റില്‍നിന്ന് പിറക്കുന്നത് പുതിയ ഐപിഎല്‍ റെക്കോഡുകള്‍

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തില്‍ രാജസ്ഥാനുവേണ്ടി വൈഭവ് സൂര്യവംശി നേടിയത് 93 റണ്‍സ്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ വൈഭവ് സൂര്യവംശിയുടെ പ്രകടനം കണ്ട് വണ്ടറിടിക്കുകയാണ് ക്രിക്കറ്റ് പ്രേമികള്‍. കഴിഞ്ഞദിവസം ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തില്‍ താരത്തിന്റെ മികച്ച പ്രകടനത്തിന്റെ ബലത്തിലാണ് രാജസ്ഥാന്‍ റോയല്‍സ് ജയിക്കുകയും പ്ലേ ഓഫിലേക്കുള്ള വഴി എളുമപ്പമാക്കിയതും. 38 പന്തില്‍ പത്തുസിക്‌സറുകളും ഏഴു ഫോറുകളുമായി 93 റണ്‍സാണ് താരം എടുത്തത്. ഈ മത്സരത്തിലെ മികച്ച പ്രകടനത്തോടെ റെക്കോഡുകളും പേരിലാക്കുകയാണ് വൈഭവ് സൂര്യവംശി. ഐപിഎലിലെ ഒരുസീസണില്‍ 50 സിക്‌സറുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോഡ് താരം കൈവരിച്ചു. 53 സിക്‌സറുകളാണ് താരം ഇതുവരെ ഈ ഐപിഎലില്‍ അടിച്ചെടുത്തത്. 2024 സീസണില്‍ 42 സിക്‌സറുകള്‍ നേടിയ അഭിഷേക് ശര്‍മയുടെ പേരിലുണ്ടായിരുന്ന റെക്കോഡാണ് വണ്ടര്‍ കിഡ് സ്വന്തം പേരിലാക്കിയത്.

എന്നാല്‍, ഐപിഎലില്‍ ഒരു സീസണില്‍ ഏറ്റവുമധികം സിക്‌സറുകളെന്ന റെക്കോഡ് ക്രിസ് ഗെയിലിന്റെ പേരിലാണ്. 2012ല്‍ അദ്ദേഹം നേടിയത് 59 സിക്‌സറുകളാണ്. രണ്ടാം സ്ഥാനത്താണ് ഇപ്പോള്‍ വൈഭവ് സൂര്യവംശി എത്തിയിരിക്കുന്നത്. ആേ്രന്ദ റസ്സലാണ് മൂന്നാമത്. 52 സിക്‌സറുകളാണ് അദ്ദേഹം നേടിയത്. നാലാം സ്ഥാനത്ത് വീണ്ടും ക്രിസ് ഗെയില്‍ തന്നെയാണ്. 51 സിക്‌സറുകളാണ് താരത്തിന്റെ സമ്പാദ്യം. ജോസ് ബട്‌ലര്‍ 45 സിക്‌സറുമായി അഞ്ചാമതും അഭിഷേക് ശര്‍മ 42 സിക്‌സറുകളോടെ ആറാം സ്ഥാനത്തുമുണ്ട്.

കഴിഞ്ഞദിവസത്തെ മത്സരത്തില്‍ രാജസ്ഥാനെതിരെ മിച്ചല്‍ മാര്‍ഷിന്റെ വെടിക്കെട്ട് പ്രകടനത്തിന്റെ ബലത്തില്‍ ലഖ്‌നൗ മികച്ച ടോട്ടലിലെത്തിയിരുന്നു. 57 പന്തില്‍ അഞ്ചുസിക്‌സറുകളും 11 ഫോറുകളുമായി 96 റണ്‍സാണ് മാര്‍ഷ് എടുത്തത്. സെഞ്ചുറിക്ക് നാലുറണ്‍സ് അകലെയാണ് അദ്ദേഹം വീണത്. ജോഷ് ഇംഗ്ലിസും മികച്ച പ്രകടനം (29 പന്തില്‍ 60) നടത്തി. മറുപടി ബാറ്റങ്ങിനിറങ്ങിയ രാജസ്ഥാനും വെടിക്കെട്ട് പ്രകടനമാണ് നടത്തിയത്. വൈഭവ് സൂര്യവംശിയുടെ പ്രകടനത്തിനൊപ്പം (93) യശസ്വി ജയ്‌സ്വാള്‍ (43), ധ്രുവ് ജുറല്‍ (53) എന്നിവരും തകര്‍ത്തടിച്ചത് ടീമിന് മുതല്‍ക്കൂട്ടായി. അഞ്ചുപന്തുകള്‍ ശേഷിക്കെയായിരുന്നു രാജസ്ഥാന്‍ റോയല്‍സ് ഏഴുവിക്കറ്റിന് ജയിച്ചത്.

content highlights: Wonder Kid's Perfomance; New IPL Records Born from the Teenager's Bat

To advertise here,contact us