തുടരുന്ന അകീല്‍ മാജിക്; ഡല്‍ഹിയെ ഒതുക്കിയ ആ നാലോവര്‍!

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ നാലോവറില്‍ വഴങ്ങിയത് വെറും 19 റണ്‍സ്, നേടിയത് ഒരുവിക്കറ്റ്

ചെന്നൈ സൂപ്പര്‍ കിങ്‌സിനെ സംബന്ധിച്ചിടത്തോളം അകീല്‍ ഹുസൈനെന്ന വെസ്റ്റ് ഇന്‍ഡീസ് ബൗളര്‍ വരദാനമാണ്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തിനെത്തുമ്പോള്‍ അകീല്‍ ഹുസൈന്‍ ഈ സീസണില്‍ ആകെ കളിച്ചത് നാലുമത്സരങ്ങള്‍ മാത്രം. ആദ്യമത്സരത്തില്‍ വിക്കറ്റൊന്നും നേടാത്ത അകീല്‍, പിന്നീട് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ കളിയില്‍ ഒരുവിക്കറ്റെടുത്തു. മുംബൈക്കെതിരായ മത്സരത്തില്‍ നാലുവിക്കറ്റാണ് അദ്ദേഹം നേടിയത്. വെറും 17 റണ്‍സ് മാത്രമാണ് അന്ന് വഴങ്ങിയത്. ഗുജറാത്തിനെതിരായ മത്സരത്തില്‍ ഒരുവിക്കറ്റ് വീഴ്ത്തിയെങ്കിലും 46 റണ്‍സ് അദ്ദേഹം വഴങ്ങി. നാലുമത്സരങ്ങളില്‍നിന്ന് അകീല്‍ ഹുസൈന്‍ ആറുവിക്കറ്റ് വീഴ്ത്തി. ഡല്‍ഹിക്കെതിരായ വിക്കറ്റ് നേട്ടം കൂടിയാകുമ്പോള്‍ അക്കൗണ്ടില്‍ ഏഴുവിക്കറ്റെന്ന നേട്ടം. ഡല്‍ഹിക്കെതിരായ വിക്കറ്റ് നേട്ടത്തോടെ ഒരു റെക്കോഡും പേരിലാക്കി. 2023 ന് ശേഷം ടി20 ക്രിക്കറ്റില്‍ പവര്‍പ്ലേയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തുന്ന ആദ്യ സ്പിന്നറായി അകീല്‍ ഹൊസൈന്‍ മാറി. ഈ കാലയളവില്‍ അകീല്‍ ആകെ 75 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്.

ഐപിഎലില്‍ കളിക്കാനിറങ്ങിയ മത്സരങ്ങളെല്ലാം നോക്കുമ്പോള്‍, വെറും കുറച്ചുറണ്‍സ് മാത്രമാണ് അകീല്‍ ഹുസൈന്‍ വഴങ്ങിയത്. ഡല്‍ഹിക്കെതിരെ വിക്കറ്റൊന്നുമില്ലെങ്കിലും 20 റണ്‍സാണ് വഴങ്ങിയത്. കൊല്‍ക്കത്തയ്‌ക്കെതിരെ 26 റണ്‍സ് വഴങ്ങിയാണ് ഒരുവിക്കറ്റ് നേടിയത്. തൊട്ടടുത്ത മത്സരത്തിലാണ് മികച്ച നേട്ടവുമായി തിളങ്ങിയത്. മുംബൈ ഇന്ത്യന്‍സിനെതിരായ എല്‍ ക്ലാസിക്കോയില്‍ ബാറ്റുകൊണ്ട് സഞ്ജു സാംസണും പന്തുകൊണ്ട് അകീല്‍ ഹുസൈനും നിറഞ്ഞാടിയത് വാംഖഡെയെ സാക്ഷ്യം വഹിച്ചായിരുന്നു. അകീലിന്റെകൂടി മികവിലായിരുന്നു അന്നത്തെ ജയം. ഡാനിഷ് മലെവാര്‍, നമന്‍ ധിര്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ എന്നീ മുന്‍നിരക്കാരെയാണ് അകീല്‍ ഹുസൈന്‍ മടക്കിയത്. മുംബൈക്കെതിരായ ജയത്തിന് പ്രധാന കാരണവും ഇതുതന്നെ. ഡല്‍ഹിക്കെതിരായ മത്സരത്തില്‍ ഏറ്റവും മികച്ച ഫോമില്‍ കളിക്കുന്ന കെഎല്‍ രാഹുലിനെയാണ് മടക്കിയത്. ഡല്‍ഹിയുടെ പ്രതീക്ഷകളാണ് ഇവിടെ അസ്തമിച്ചത്. രാഹുല്‍ 13 പന്തിലാണ് 12 റണ്‍സെടുത്തത്. കൂടുതല്‍ ദൂരം താണ്ടാന്‍ സമ്മതിക്കാതെ അകീല്‍ അദ്ദേഹത്തെ വീഴ്ത്തി. റുതുരാജ് ഗെയ്ക്വാദിന് ക്യാച്ച് നല്‍കിയാണ് മടക്കം.

മികച്ച ബൗളിങ് സംഘമുള്ള ചെന്നൈയ്ക്ക് അകീലിന്റെ മികവ് ഏറെ ആശ്വാസമാണ്. അന്‍ഷുല്‍ കംബോജും മുകേഷ് ചൗധരിയും നൂര്‍ അഹമ്മദും ഉള്‍പ്പെടുന്ന സംഘം ഏതൊരു ടീമിനെയും വെല്ലുന്നവരായി മാറുന്നു എന്നതും ചെന്നൈയ്ക്ക് പ്രതീക്ഷയേറ്റുന്നു.

content highlights: Akeal magic continues; That four-over spell that restricted Delhi!

To advertise here,contact us