ഡ്രസിങ് റൂമിലിരുന്ന് ഇ സിഗരറ്റ് വലിച്ച സംഭവം; പരാഗിന് പണിയായി BCCI അന്വേഷണം

പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിനിടെയായിരുന്നു സംഭവം.

ഐപിഎല്‍ മത്സരത്തിനിടെ ഡ്രസിംഗ് റൂമിലിരുന്ന് വെയ്പ്പിംഗ് ഉപകരണം ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ റിയാന്‍ പരാഗിനെതിരെ നടപടിക്കൊരുങ്ങി ബിസിസിഐ. ന്യൂ ചണ്ഡിഗഢില്‍ പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിനിടെയായിരുന്നു സംഭവം.

സംഭവത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ഫ്രാഞ്ചൈസിയോടും നായകന്‍ റിയാന്‍ പരാഗിനോടും ബിസിസിഐ വിശദീകരണം തേടുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

ഡ്രസിംഗ് റൂമിലിരുന്ന് പരാഗ് വെയ്പ്പ് ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അതിവേഗം പ്രചരിച്ചതോടെ വലിയ രീതിയിലുള്ള വിമര്‍ശനമാണ് ഉയരുന്നത്. കളിക്കാരുടെ അച്ചടക്കത്തെയും പ്രൊഫഷണലിസത്തെയും ചോദ്യം ചെയ്യുന്നതാണ് ഈ പ്രവൃത്തിയെന്ന് ആരാധകര്‍ കുറ്റപ്പെടുത്തി.

പഞ്ചാബ് ഉയര്‍ത്തിയ 223 എന്ന കൂറ്റന്‍ ലക്ഷ്യം ആറ് വിക്കറ്റ് നഷ്ടത്തില്‍ രാജസ്ഥാന്‍ മറികടന്ന ആവേശകരമായ മത്സരത്തിന് പിന്നാലെയാണ് ഈ വിവാദം ഉടലെടുത്തത്. യശസ്വി ജയ്സ്വാള്‍ (51), വൈഭവ് സൂര്യവന്‍ഷി (43) എന്നിവരുടെ തകര്‍പ്പന്‍ തുടക്കവും ഡോണോവന്‍ ഫെരേരയുടെ (52) ഫിനിഷിംഗും ടീമിന് വിജയം സമ്മാനിച്ചെങ്കിലും, ക്യാപ്റ്റന്റെ പെരുമാറ്റം ടീമിന്റെ വിജയത്തിന്റെ തിളക്കം കുറച്ചു. ഈ സീസണില്‍ ഇത് രണ്ടാം തവണയാണ് രാജസ്ഥാന്‍ റോയല്‍സ് ബിസിസിഐയുടെ പെരുമാറ്റച്ചട്ട ലംഘനത്തിന് പിടിയിലാകുന്നത്.

ഗുവാഹത്തിയില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ മത്സരത്തിനിടെ ടീം മാനേജര്‍ റോമി ഭിന്ദര്‍ ഡഗൗട്ടിലിരുന്ന് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചത് വിവാദമായിരുന്നു. ഇതിനെത്തുടര്‍ന്ന് ബിസിസിഐയുടെ ആന്റി കറപ്ഷന്‍ യൂണിറ്റ് അദ്ദേഹത്തിന് ഒരു ലക്ഷം രൂപ പിഴയും താക്കീതും നല്‍കിയിരുന്നു.

To advertise here,contact us