റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ സ്റ്റാർ പേസര്‍ ഭുവനേശ്വര്‍ കുമാറിനെ സെലക്ടര്‍മാര്‍ ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാത്തത് അത്ഭുതപ്പെടുത്തുന്നുവെന്ന് മുന്‍ ചീഫ് സെലക്ടര്‍ കൃഷ്ണമാചാരി ശ്രീകാന്ത്.
ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ 5 റണ്‍സ് മാത്രം വഴങ്ങി 3 വിക്കറ്റെടുത്ത് പര്‍പ്പിള്‍ ക്യാപ് സ്വന്തമാക്കിയ ഭുവിയുടെ പ്രകടനം വിസ്മയിപ്പിക്കുന്നതായിരുന്നുവെന്നും ശ്രീകാന്ത് തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.
സീമും സ്വിംഗും കൊണ്ട് ബാറ്റർമാരെ വിറപ്പിക്കാൻ ഭുവിക്ക് ഇപ്പോഴും കഴിയുന്നു. ഇത്രയും മികച്ച ഫോമിലുള്ള താരം ഇന്ത്യൻ ടീമിൽ ഇല്ലാത്തത് വിശ്വസിക്കാനാവുന്നില്ല. ആദ്യ സ്പെല്ലിൽ തന്നെ മത്സരം തിരിക്കാൻ അദ്ദേഹത്തിന് കഴിവുണ്ട്. 2022ലെ ടി20 ലോകകപ്പ് സെമിയിലെറിഞ്ഞൊരു മോശം സ്പെല്‍ ആണ് ഭുവിക്ക് ഇന്ത്യൻ ടീമിന് പുറത്തേക്ക് വഴിയൊരുക്കിയത്. എന്നാല്‍ അതിനുശേഷവും അവന് ഐപിഎല്ലില്‍ സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുത്തിട്ടും സെലക്ടര്‍മാര്‍ ടീമിലേക്ക് പരിഗണിക്കാത്തത് അത്ഭുതപ്പെടുത്തിയെന്നും ശ്രീകാന്ത് കൂട്ടിച്ചേർത്തു.
ഈ സീസണിൽ ഇതുവരെ 8 മത്സരങ്ങളിൽ നിന്ന് 14 വിക്കറ്റുകൾ വീഴ്ത്തിയ ഭുവനേശ്വർ കുമാർ വിക്കറ്റ് വേട്ടക്കാരനുള്ള പര്‍പ്പിള്‍ ക്യാപ്പും സ്വന്തമാക്കിയിരുന്നു. വെറും 17-ൽ താഴെ ശരാശരിയിലും 7.61 ഇക്കോണമിയിലുമാണ് ഭുവി സീസണിൽ പന്തെറിയുന്നത്.
content highlights: former chief selector slams india squad selection