ഈ മനുഷ്യന് വേണ്ടിയെങ്കിലും ലഖ്‌നൗ, നിങ്ങള്‍ ജയിക്കണം! അദ്ദേഹം വിജയം അര്‍ഹിക്കുന്നു

തുടര്‍ തോല്‍വികള്‍ക്കിടെയിലും ലഖ്‌നൗ താരത്തിന്റെ ബൗളിങ് മികവാണ് ക്രിക്കറ്റ് ലോകത്തെ പ്രധാന വാര്‍ത്ത

തുടര്‍ച്ചയായ അഞ്ചാം മത്സരമാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് തോല്‍ക്കുന്നത്. ഗുജറാത്ത ടൈറ്റന്‍സ്, ആര്‍സിബി, പഞ്ചാബ് കിങ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് തുടങ്ങിയ ടീമുകളോടാണ് ലഖ്‌നൗ തുടര്‍ച്ചയായി തോറ്റത്. ആദ്യകളിയില്‍ ഡല്‍ഹിയോടും പരാജയപ്പെട്ടിരുന്നു. ഇടക്കാലത്ത് ജയിച്ചതാകട്ടെ, സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടും ഒരുവട്ടം കൊല്‍ക്കത്തയോടുള്ള മത്സരത്തിലും മാത്രം.

പക്ഷെ ഇങ്ങനെയൊക്കെയാണെങ്കിലും ലഖ്‌നൗവിന്റെ മത്സരത്തില്‍ പെര്‍ഫോമന്‍സ് കാഴ്ച വെക്കുന്ന താരമുണ്ട്, മൊഹ്‌സിന്‍ ഖാന്‍. കഴിഞ്ഞ നാലുമത്സരങ്ങളിലായി ലഖ്‌നൗവിന് വേണ്ടിയെടുത്തത് ഒമ്പത് വിക്കറ്റ്. അതില്‍ കൊല്‍ക്കത്തയ്‌ക്കെതിരായ കഴിഞ്ഞദിവസത്തെ മത്സരത്തില്‍ മാത്രം അഞ്ചുവിക്കറ്റ് നേടി. വെറും 23 റണ്‍സ് മാത്രമാണ് വഴങ്ങിയത്. 2026 സീസണ്‍ ഐപിഎലിലെ ആദ്യ അഞ്ചുവിക്കറ്റ് പ്രകടനം കൂടിയാണിത്.

ഈ സീസണില്‍ ഇതുവരെയുള്ള മൊഹ്‌സിന്‍ ഖാന്റെ പ്രകടനം

  • ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്-ഡല്‍ഹി ക്യാപിറ്റല്‍സ് - 1/19
  • ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്-പഞ്ചാബ് കിങ്‌സ് - 1/43
  • ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്-രാജസ്ഥാന്‍ റോയല്‍സ് - 2/17
  • ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് - 5/23

ആഭ്യന്തര ക്രിക്കറ്റില്‍ യുപിക്കുവേണ്ടിയുള്ള ബൗളിങ് നേട്ടമാണ് മൊഹ്‌സിന്‍ ഖാനെ ടീമിലെത്തിച്ചത്. യുപിക്കുവേണ്ടി ലിസ്റ്റ് എ മത്സരങ്ങളലും ടി 20 മത്സരങ്ങളിലും താരം കളിച്ചിട്ടുണ്ട്. അതേസമയം, കഴിഞ്ഞദിവസത്തെ അഞ്ചുവിക്കറ്റ് നേട്ടത്തിന് പിന്നാലെ റെക്കോഡ് പുസ്തകത്തിലും താരത്തിന്റെ പേര് കുറിക്കപ്പെട്ടു. ലഖ്‌നൗവിനായി അഞ്ചുവിക്കറ്റ് നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ ബൗളറാണ് ഇടംകൈയന്‍ പേസറായ മൊഹ്‌സിന്‍ ഖാന്‍. നാലോവറില്‍ വെറും 23 റണ്‍സ് വഴങ്ങിയ താരം ഒരു ഓവര്‍ മെയ്ഡനാക്കി എന്നതും ശ്രദ്ദേയം. 2023-ല്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ 14 റണ്‍സ് വഴങ്ങി അഞ്ചുവിക്കറ്റ് വീഴ്ത്തിയ ഇംഗ്ലണ്ടിന്റെ മാര്‍ക്ക് വുഡിന്റേതാണ് ടീമിനായുള്ള ഏറ്റവും മികച്ച പ്രകടനം.

കൊല്‍ക്കത്തയുടെ ഓപ്പണര്‍മാരായ ടിം സീഫര്‍ട്ട്, അജിന്‍ക്യ രാഹാനെ എന്നിവരെ പുറത്താക്കിയ മൊഹ്‌സിന്‍ ഖാന്‍, കാമറൂണ്‍ ഗ്രീനിനെയും റൊവ്മാന്‍ പവലിനെയും അന്‍കുല്‍ റോയിയെയും പുറത്താക്കി ലഖ്‌നൗവിന് നിര്‍ണായകമായ ആനുകൂല്യം നേടിക്കൊടുത്തിരുന്നു. തന്റെ അവസാന ഓവറില്‍ തുടര്‍ച്ചയായ പന്തുകളിലാണ് കാമറൂണ്‍ ഗ്രീനിനെയും അന്‍കുല്‍ റോയിയെയും മൊഹ്‌സിന്‍ ഖാന്‍ പുറത്താക്കിയത്.

മൊഹ്‌സിന്റെ കരിയറിലെ ഏറ്റവും മികച്ച ഐപിഎല്‍ പ്രകടനവും കൂടിയാണിത്. ഒരു ഇടംകൈയ്യന്‍ ഇന്ത്യന്‍ പേസ് ബൗളറുടെ ഏറ്റവും മികച്ച പ്രകടനമാണ് മൊഹ്സിന്‍ നടത്തിയത്. ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനായി 25 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജയദേവ് ഉനദ്കട്ടിന്റെ റെക്കോര്‍ഡാണ് മൊഹ്സിന്‍ ഖാന്‍ മറികടന്നത്. മത്സരത്തിലെ പ്രകടനത്തോടെ വരാനിരിക്കുന്ന കളികളിലും തന്റെ സാന്നിധ്യം ഉറപ്പിച്ചിരിക്കുകയാണ് മൊഹ്‌സിന്‍ ഖാന്‍. എന്നാല്‍ ടീമിന് ജയിക്കാനാകാത്തതാണ് തിരിച്ചടി.

content highlights: Lucknow, you must win at least for this man! He deserves a victory

To advertise here,contact us