വാംഖഡെ സ്റ്റേഡിയത്തില്‍ മുംബൈ ഇന്ത്യന്‍സ് മറക്കാനാഗ്രഹിക്കുന്ന ദിവസമായിരിക്കും കഴിഞ്ഞദിവസം കടന്നുപോയത്. ചിരവൈരികളായ ചെന്നൈ സൂപ്പര്‍ കിങ്സിനോട് തോറ്റതിലല്ല, നാണംകെട്ട തോല്‍വിയായിരുന്നു അതെന്നതാണ് മുംബൈയെ അലട്ടുന്നത്. വാംഖഡെയില്‍ ഒരുഘട്ടത്തിലും മത്സരത്തിലേക്കെത്താന് കഴിയാത്ത ആതിഥേയരായ മുംബൈ തോറ്റത് 103 റണ്‍സിനാണ്. മുംബൈയുടെ ഏറ്റവും വലിയ ഐപിഎല്‍ തോല്‍വി. മുമ്പ് രാജസ്ഥാന് റോയല്‍സിനോട് 87 റണ്‍സിന് തോറ്റതായിരുന്നു ഏറ്റവും വലിയ തോല്‍വി. എന്നാല്‍, ചെന്നൈ ആ നാണക്കേട് കൂടുതല്‍ ആഴത്തിലുള്ളതാക്കി.
സഞ്ജു സാംസണ് എന്ന ഒറ്റയാന്റെ പോരാട്ടമാണ് മുംബൈ ഇന്ത്യന്‍സിനെ വലച്ചത്. പുറത്താകാതെ 54 പന്തില്‍ ആറ് സിക്സും 10 ഫോറും ഉള്‍പ്പടെ 101 റണ്‍സെടുത്ത സഞ്ജുവിന്റെ ഇന്നിങ്സ് മുംബൈക്ക് കടുത്ത തലവേദന സൃഷ്ടിച്ചപ്പോള്‍ ചെന്നൈയ്ക്ക് ആശ്വാസത്തിന്റെ നേരമായിരുന്നു അതെല്ലാം. കളമറിഞ്ഞുള്ള ബാറ്റിങ് പ്രകടനമാണ് സഞ്ജുവിനെ വാംഖഡെ സ്റ്റേഡിയത്തില്‍ മികച്ച പ്രകടനത്തിന് പ്രാപ്തനാക്കിയത്.
കളിക്ക് ശേഷമുള്ള സഞ്ജുവിന്റെ പ്രതികരണവും ഇത് സാധൂകരിക്കുന്നതായിരുന്നു. വലിയ പ്രകടനം കാഴ്ചവെയ്ക്കാന്‍ ശ്രമിക്കുമ്പോഴെല്ലാം തങ്ങള്‍ക്ക് വിക്കറ്റുകള്‍ നഷ്ടപ്പെട്ടെന്നും അതിനാല്‍ സ്ഥിരതയുള്ള ബാറ്റര്‍ അവസാനം വരെ നില്‍ക്കേണ്ടത് വളരെ പ്രധാനമാണെന്ന് കരുതിയെന്നും സഞ്ജു പറഞ്ഞു. മുന്‍വിധിയോടെ കളിയെ സമീപിക്കരുത്. ടീമിനാണ് മുന്‍ഗണന നല്‍കേണ്ടത് -സഞ്ജു കൂട്ടിച്ചേര്‍ത്തു.
ഞാന്‍ കളിക്കാനെത്തുന്നത് മുന്‍കൂട്ടി പ്ലാന്‍ ചെയ്തുകൊണ്ടല്ല. സാഹചര്യത്തിനനുസരിച്ച് കളിക്കുകയാണ് ചെയ്യുന്നത്. ടീമിനുവേണ്ടി മാത്രമാണ് കളിക്കുന്നത്. എന്നിലെ ഉത്തരവാദിത്തവും കൂടി മനസ്സിലാക്കിയാണ് കളിക്കുക. അതിനനുസരിച്ച് കളി ആസൂത്രണം ചെയ്യും -സഞ്ജു സാംസണ് സമ്മാനദാന ചടങ്ങിനിടെ പറഞ്ഞു.
content highlights: "The team comes first; we don't play for individual milestones"