ഐ പി എൽ ആവേശം പൊടിപൊടിക്കുകയാണ്.നിരവധി യുവതാരങ്ങളാണ് ഇത്തവണത്തെ ഐപിഎല്ലിൽ മികച്ച പ്രകടനം കാഴ്ച്ചവെക്കുന്നത്. വണ്ടര്‍ കിഡ് വൈഭവ് സൂര്യവംശിയും ആയുഷ് മാത്രെയുമൊക്കെ ഈ സീസണിൽ നമ്മളെ ഞെട്ടിക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്. ഇന്ത്യൻ സീനിയർ ടീമിൽ ഇടം ലക്ഷ്യമിട്ടാണ് ഏവരും മിന്നും പ്രകടനം നടത്തുന്നത്.
എന്നാൽ ഇന്ത്യൻ ടീമിലെ ഭാവി താരമാകാൻ ഇവരേക്കാൾ കഴിവുള്ള മറ്റൊരു താരം ഇത്തവണത്തെ ഐപിഎല്ലിൽ ഉണ്ടെന്നാണ് രവിചന്ദ്രൻ അശ്വിൻ പറയുന്നത്. ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരെ വെറും 37 പന്തിൽ 93 റൺസ് അടിച്ചെടുത്ത പഞ്ചാബ് താരം പ്രിയാംശ് ആര്യയാണ് ആ താരം.
'ആരെയും ഞാൻ വിലകുറച്ച് കാണുന്നില്ല. ഒരു വിലയിരുത്തലും ഞാൻ നടത്തുന്നില്ല. പക്ഷെ, സൂര്യവംശിയെയും ആയുഷ് മാത്രെയും അപേക്ഷിച്ച് ഒരു പടി മുന്നിലാണ് പ്രിയാംശ് ആര്യ എന്ന് എനിക്ക് തോന്നുന്നു. ഇപ്പോൾ ഒരു താരതമ്യത്തിന് ഞാനില്ല. കാരണം, അദ്ദേഹം വലിയ സ്കോറുകൾ നേടാൻ കഴിവുള്ളവനാണ്, കൂടാതെ അദ്ദേഹത്തിന് കൂടുതൽ വൈവിധ്യമാർന്ന ഷോട്ടുകൾ കളിക്കാനും അറിയാം' അശ്വിൻ പറഞ്ഞു.
ഇതുവരെ അഞ്ച് മത്സരങ്ങളിൽ നിന്ന് 211 റൺസ് നേടിയ പ്രിയാംശ് ആര്യ 248 സ്ട്രൈക്ക് റേറ്റിലാണ് ബാറ്റ് വീശുന്നത്. നിലവിലെ സീസണിൽ 11 പന്തിൽ 39, 20 പന്തിൽ 57, 37 പന്തിൽ 93 എന്നിങ്ങനെ തകർപ്പൻ ഇന്നിംഗ്സുകളാണ് പ്രിയാംശ് ഇതുവരെ കളിച്ചത്. ഇതേ ഫോം തുടർന്നാൽ ഇന്ത്യൻ ദേശിയ ടീമിലേക്ക് ഉടൻ തന്നെ വിളിയെത്തും എന്നാണ് ക്രിക്കറ്റ് നീരീക്ഷകരും പറയുന്നത്.
Content highlights: